ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നേരത്തെ, പരമ്പരയ്ക്കായി 15 അംഗ സ്‌ക്വാഡിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. സ്‌ക്വാഡ് പുറത്ത് വന്നപ്പോൾ രോഹിത് ശർമയെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയ ഒരു അപ്രതീക്ഷിത നീക്കത്തിനാണ് ആരാധകർ സാക്ഷിയായത്. യുവതാരവും ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനുമായ ശുഭ്മന്‍ ഗില്ലിനാണ് സെലക്ഷൻ കമ്മിറ്റി നായകന്റെ ബാറ്റൺ ഏൽപ്പിച്ചത്.
ഇപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ മനോജ് തിവാരി. ഇന്ത്യയുടെ ഭാവി പദ്ധതിയിൽ രോഹിത് ശർമയ്ക്ക് സ്ഥാനമുണ്ടെന്ന് കരുതുന്നില്ലെന്നും താനാണ് ആ സ്ഥാനത്തെങ്കിൽ വിരമിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഹിത്തിനെ പോലെ ഒരു കഴിവുള്ള താരത്തെ ഇത്തരത്തിൽ അപമാനിക്കരുതായിരുന്നുവെന്നും രണ്ട് ഐ.സി.സി ട്രോഫികളും അഞ്ച് ഐ.പി.എൽ കിരീടങ്ങളുമുള്ള താരം ഈ അനാദരവ് സഹിച്ച് തുടരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇന്ത്യയുടെ ഭാവി പദ്ധതിയിൽ രോഹിത് ശർമയ്ക്ക് സ്ഥാനമുണ്ടെന്ന് ഞാൻ കരുതുന്നില്ല. പ്രകടനത്തിലാണ് അവന്റെ ഭാവി പൂർണമായി ആശ്രയിച്ചിരിക്കുന്നത്. ഞാനാണ് അവന്റെ സ്ഥാനത്തെങ്കിൽ ഇപ്പോൾ വിരമിക്കുമായിരുന്നു. രോഹിത്തിനെ പോലെ കഴിവുള്ള ഒരു താരം ഇത്തരത്തിൽ അപമാനിക്കപ്പെടരുതായിരുന്നു.
രോഹിത് രണ്ട് ഐ.സി.സി ട്രോഫികൾ നേടിയിട്ടുണ്ട്. ക്യാപ്റ്റൻ എന്ന നിലയിലും താരമെന്ന നിലയിലും അവൻ ഏകദിന ലോകകപ്പിൽ കളിക്കാൻ യോഗ്യനാണ്. അതിന് പുറമെ, അവന് അഞ്ച് ഐ.പി.എൽ കിരീടങ്ങളുമുണ്ട്.
ഇത്രയും നേട്ടങ്ങളുണ്ടായിട്ടും അവനോട് ഇന്ത്യൻ മാനേജ്‌മന്റ് നീതിയുക്തമായല്ല പെരുമാറിയത്. അതുകൊണ്ട് തന്നെ ഇത്തരം അനാദരവ് കാണിക്കുന്ന ഇടങ്ങളിൽ അവൻ തുടരരുത് എന്നാണ് ഞാൻ കരുതുന്നത്. അവർ ഒഴിവാക്കുന്നതിന് മുമ്പ് തന്നെ രോഹിത് വിരമിക്കണമെന്നാണ് എന്റെ അഭിപ്രായം,’ തിവാരി പറഞ്ഞു.
ഒക്ടോബർ 19നാണ് ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. പരമ്പരയിൽ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രോഹിത്തിനൊപ്പം വിരാട് കോഹ്‌ലിയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.