ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പര തോല്‍വിയോടെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. മോശം ഫോമും ക്യാപ്റ്റന്‍സിയും രോഹിത്തിനെ ചതിച്ചപ്പോള്‍ വിരാട് കോഹ്‌ലിക്ക് പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ മാത്രമാണ് തിളങ്ങാന്‍ കഴിഞ്ഞത്.
പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ രോഹിത് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനിന്നിരുന്നു. തുടര്‍ന്ന് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ മത്സരം വിജയിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെ മോശം ഫോമിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങളാണ് താരം നേരിട്ടത്.
ഇതോടെ രോഹിത് സിഡ്‌നിയില്‍ നടന്ന അവസാന മത്സരത്തിലും ബുംറയെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ച് പുറത്ത് പോകുകയായിരുന്നു. ഇപ്പോള്‍ സിഡ്നിയില്‍ മത്സരത്തില്‍ വിട്ടുനിന്ന രോഹിത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ താരം മനോജ് തിവാരി.
‘ഒരു ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റ് പരമ്പര വരുമ്പോള്‍ പ്ലെയിങ് ഇലവനില്‍ നിന്ന് സ്വയം ഒഴിവാകുന്നത് നല്ലതല്ല. പരുക്കന്‍ അനുഭവങ്ങള്‍ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും യാത്രയുടെ ഭാഗമാണ്. ഇവയെല്ലാം ശരിയാക്കാം, അയാള്‍ക്ക് തിരിച്ചുവരാനും റണ്‍സ് നേടാനും കഴിയും.
അദ്ദേഹത്തിന്റെ നേതൃത്വപരമായ റോള്‍ കണക്കിലെടുക്കുമ്പോള്‍, ആ (സിഡ്‌നിയിലെ) മത്സരത്തില്‍ അദ്ദേഹം ഇലവനില്‍ ഉണ്ടായിരിക്കണമായിരുന്നു. എല്ലാത്തിനുമുപരി, അവന്‍ ക്യാപ്റ്റനായിരുന്നു,’ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ തിവാരി പറഞ്ഞു.
Content Highlight: Manoj Tiwari Talking About Rohit Sharma