സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളില്‍ അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് അദ്ദേഹം. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് സിനിമയില്‍ എത്തുന്നത്.
അതിനുശേഷം നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ ചില തമിഴ്, തെലുങ്ക് സിനിമകളിലും മനോജ് കെ. ജയന്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ മനോജിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. മമ്മൂട്ടി – അമല്‍ നീരദ് ചിത്രമായ ഭീഷ്മ പര്‍വത്തിന് കഥ എഴുതിയ ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാന ചിത്രമാണ് ധീരന്‍. ഇപ്പോള്‍ മൂവിവേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍.
‘വളരെ ഇന്‍ട്രസ്റ്റിങ്ങായതും രസകരമായതുമായ സിറ്റുവേഷനുകള്‍ കോര്‍ത്തിണക്കിയ സിനിമയാണ് ധീരന്‍. മലയാളികള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്ന ഒരു സിനിമയാണ് ഇതെന്ന് പറയാം.
നമ്മള്‍ സിദ്ദിഖ് – ലാലിന്റെ കാലത്ത് കണ്ട് രസിച്ച ആ സിനിമകളുടെ ചെറിയ ഫ്‌ളേവര്‍ ഈ ചിത്രത്തിനും ഉണ്ട്. ഈ സിനിമയിലൂടെ ആ ഫ്‌ളേവര്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. എല്ലാത്തരം ഇമോഷനുകളും ഉള്ള സിനിമയാണ് ഇതെന്നും പറയാം. ആക്ഷന്‍, വിരഹം, പ്രണയം, വാത്സല്യം തുടങ്ങി എല്ലാ ഇമോഷനുകളുമുണ്ട്.
മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായി ധീരന്‍ മാറുമെന്ന് ഉറപ്പാണ്. പിന്നെ ഈ സിനിമയുടെ പ്രത്യേകത എന്താണെന്ന് ചോദിച്ചാല്‍, ഭീഷ്മ പര്‍വം എന്ന സിനിമ എഴുതി ആള്‍ തന്നെയാണ് ഈ ധീരനും എഴുതിയിരിക്കുന്നത്,’ മനോജ് കെ. ജയന്‍ പറയുന്നു.
ജാന്‍ എ.മന്‍, ജയ ജയ ജയ ജയഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഫണ്‍ ആക്ഷന്‍ എന്റര്‍ടൈനറായിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്.
രാജേഷ് മാധവന്‍ നായകനാകുന്ന ഈ സിനിമയില്‍ ജഗദീഷ്, മനോജ് കെ. ജയന്‍, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ഒന്നിക്കുന്നത്. അവര്‍ക്ക് പുറമെ സുധീഷ്, വിനീത്, ശബരീഷ് വര്‍മ, സിദ്ധാര്‍ത്ഥ് ഭരതന്‍ ഉള്‍പ്പെടെയുള്ളവരും ധീരന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Manoj K Jayan Talks About Dheeran Movie