| Tuesday, 21st January 2025, 7:39 am

അന്ന് ആ സിനിമയിലെ ഹിറ്റ് പാട്ടിന് ഡാന്‍സ് കളിച്ച് അവസാനം ഞാന്‍ ബോധം കെട്ട് വീണു: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമരത്തിന് ശേഷം ഭരതന്‍-ജോണ്‍പോള്‍ കൂട്ടുകെട്ടില്‍ കടലിന്റെ പശ്ചാത്തലത്തില്‍ എത്തിയ ചിത്രമായിരുന്നു ചമയം. നാടകം ജീവവായുവായ എസ്തപ്പാനാശാന്റെയും ആന്റോയുടേയും കഥ പറഞ്ഞ ചിത്രമായിരുന്നു ഇത്. മുരളി, മനോജ് കെ. ജയന്‍ എന്നിവരായിരുന്നു ചമയത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്.

കൈതപ്രം-ജോണ്‍സന്‍ കൂട്ടുകെട്ടിലുണ്ടായ മലയാളത്തിലെ എക്കാലത്തേയും നിത്യഹരിത ഗാനങ്ങളും ചമയം സിനിമയിലുണ്ട്. ജോണ്‍ പോളിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ഈ ചിത്രം 1993ലായിരുന്നു പുറത്തിറങ്ങിയത്.

ചമയത്തിലെ ‘അന്തിക്കടപുറത്തൊരോല കുടയെടുത്ത്’ എന്ന പാട്ട് മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്. ഈ പാട്ടിന് വേണ്ടി കടല്‍ക്കരയില്‍ വെച്ച് ഡാന്‍സ് ചെയ്തതിനെ കുറിച്ച് പറയുകയാണ് മനോജ് കെ. ജയന്‍. ഇപ്പോഴും ആലോചിക്കുമ്പോള്‍ അത് എങ്ങനെയാണ് ചെയ്യാന്‍ പറ്റിയതെന്ന് തനിക്ക് അറിയില്ലെന്നാണ് നടന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘ഇപ്പോഴും ആലോചിക്കുമ്പോള്‍ അത് എങ്ങനെയാണ് ചെയ്യാന്‍ പറ്റിയതെന്ന് എനിക്ക് അറിയില്ല. കാരണം അവിടെ ഡാന്‍സ് കളിക്കുമ്പോള്‍ കാലിന് അടുത്ത് തിരമാല വന്ന് അടിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് കാലിന് അടിയിലെ മണ്ണ് താഴും.

അങ്ങനെ മണ്ണ് താഴുന്നത് കൊണ്ട് നമ്മളുടെ ഡാന്‍സ് സ്‌റ്റെപ്പ് മുഴുവന്‍ നാലിരിട്ടി എനര്‍ജിയില്‍ നമുക്ക് ചെയ്യേണ്ടി വരും. എങ്കിലേ കാല് ഉറക്കുകയുള്ളൂ. അന്ന് ഡാന്‍സ് കളിച്ച് അവസാനം ബോധം കെട്ട് വീണിരുന്നു. ഞാന്‍ തളര്‍ന്നു വീണുപോയി.

ആ ഡാന്‍സ് സ്‌റ്റെപ്പ് ഭരതേട്ടന്‍ രണ്ട് ടേക്കോ മറ്റോ എടുത്തു. ഭരതേട്ടന് കട്ട് ഷോട്ടും പരിപാടിയും ഉണ്ടാവില്ല. ക്യാമറ വെച്ചിട്ട് ‘നീ ചെയ്‌തോടാ’ എന്ന് പറയും. ആ ഡാന്‍സ് സ്റ്റെപ്പ് ഒരൊറ്റ ഷോട്ടാണ്. ഒരു റിഹേഴ്‌സലും രണ്ടുമൂന്ന് ടേക്കും എടുത്തു.

അപ്പോള്‍ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ. ഞാന്‍ അവസാനം തളര്‍ന്നങ്ങ് വീണു. അങ്ങനെ എല്ലാവരും കൂടെ എന്നെയും എടുത്ത് കൊണ്ട് പോകുകയായിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan Talks About Chamayam Movie Song Shooting

We use cookies to give you the best possible experience. Learn more