മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. 36 വര്‍ഷത്തിലേറെയായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ തന്റെ സുഹൃത്തും നടനുമായ ബൈജു സന്തോഷിനെ കുറിച്ച് പറയുകയാണ് മനോജ് കെ. ജയന്‍. ബൈജുവിന് ലോകത്ത് ആരെയും പേടിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബൈജുവിനെ തനിക്ക് 35 വര്‍ഷമായി അറിയാമെന്നും മനോജ് പറയുന്നു.
ബൈജു സന്തോഷ് പണ്ട് മുതല്‍ക്കേ ഇപ്പോള്‍ ഉള്ളത് പോലെ തന്നെയായിരുന്നെന്നും ഒരു മാറ്റവുമില്ലെന്നും നടന്‍ പറയുന്നു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.
‘ബൈജുവിന് ലോകത്ത് ആരെയും പേടിയില്ല. അവനെ എനിക്ക് 35 വര്‍ഷമായി അറിയാം. നിങ്ങളൊക്കെ ഇപ്പോഴാണ് ബൈജുവിനെ കാണുന്നത്. അല്ലെങ്കില്‍ സിനിമയില്‍ മാത്രമാണ് അവനെ കാണുന്നത്. എന്നാല്‍ ബൈജുവിനെ 1985 മുതല്‍ക്കേ അറിയാം.
അന്ന് മുതല്‍ അവന്‍ ഇപ്പോള്‍ ഉള്ളത് പോലെ തന്നെയാണ്, ഒരു മാറ്റവുമില്ല. പുതിയ കാലത്തെ സിനിമക്ക് വേണ്ടി എന്തെങ്കിലും മാറ്റം കൊണ്ടുവരാം, അല്ലെങ്കില്‍ പുതിയ സ്വഭാവ സവിശേഷതകള്‍ ഉണ്ടാക്കാം എന്നുള്ള ചിന്തയൊന്നും അവനില്ല,’ മനോജ് കെ. ജയന്‍ പറഞ്ഞു.
പണ്ട് മുതലേയുള്ള തന്റെ സ്വഭാവം ഇങ്ങനെ തന്നെയാണെന്ന് ബൈജു സന്തോഷും അഭിമുഖത്തില്‍ പറയുന്നു. എല്ലാവരോടും തനിക്ക് സ്‌നേഹമുണ്ടെന്നും പക്ഷെ താന്‍ അത് പുറത്ത് കാണിക്കാറില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
‘പണ്ട് മുതലേയുള്ള എന്റെ നേച്ചര്‍ ഇങ്ങനെ തന്നെയാണ്. എല്ലാവരോടും എനിക്ക് സ്‌നേഹമൊക്കെയുണ്ട്. അതായത് എന്റെ ഉള്ളില്‍ സ്‌നേഹമുണ്ട്. പക്ഷെ ഞാന്‍ അത് പുറത്ത് കാണിക്കാറില്ല. കാലത്തിന് അനുസരിച്ച് സ്വഭാവത്തില്‍ മാറ്റം കൊണ്ടുവരാറില്ല. അതിന് എനിക്ക് അറിയില്ല,’ ബൈജു സന്തോഷ് പറഞ്ഞു.
Content Highlight: Manoj K Jayan Talks About Baiju Santhosh