| Monday, 12th May 2025, 9:44 am

മമ്മൂക്കക്ക് മുമ്പ് ആ രണ്ട് ഫോണും ഞാന്‍ സ്വന്തമാക്കി, പുള്ളിക്ക് അത് ഇഷ്ടമായിക്കാണില്ലെന്ന് ഉറപ്പായിരുന്നു: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയുമൊത്തുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മനോജ് കെ. ജയന്‍. മൊബൈല്‍ ഫോണുകളും മറ്റ് ഗാഡ്ജറ്റുകളും പെട്ടെന്ന് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. ഐ ഫോണിന്റെ പുതിയൊരു മോഡല്‍ സ്വന്തമാക്കിയ ശേഷം താന്‍ മമ്മൂട്ടിയുടെ ഒരു സിനിമയുടെ സെറ്റില്‍ ജോയിന്‍ ചെയ്‌തെന്നും അവിടെ സുരേഷ് കൃഷ്ണയും ഉണ്ടായിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിയും ഐ ഫോണ്‍ സ്വന്തമാക്കിയിട്ടുണ്ടെന്നായിരുന്നു താന്‍ വിചാരിച്ചതെന്നും എന്നാല്‍ അദ്ദേഹത്തിന് രണ്ട് ദിവസം കഴിഞ്ഞേ കിട്ടുള്ളൂവെന്ന് സുരേഷ് കൃഷ്ണ തന്നോട് പറഞ്ഞെന്നും മനോജ് കെ. ജയന്‍ പറയുന്നു. അത് കേട്ടതും തനിക്ക് പേടിയായെന്നും മമ്മൂട്ടിക്ക് വല്ലതും തോന്നുമോ എന്ന് ചിന്തിച്ചെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചെന്നും അതിന്റെ കൂട്ടത്തില്‍ തന്റെ കൈയിലിരിക്കുന്ന ഐ ഫോണും നോക്കിയയുടെ പുതിയ മോഡല്‍ ഫോണും കണ്ടെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന് ഇഷ്ടമായില്ലെന്ന് മുഖത്ത് നിന്ന് മനസിലായെന്നും രണ്ട് ദിവസം കഴിഞ്ഞാല്‍ തനിക്ക് വരുമെന്ന് മമ്മൂട്ടി പറഞ്ഞെന്നും മനോജ് കെ. ജയന്‍ പറഞ്ഞു.

എന്നാല്‍ അന്നത്തെ ദിവസം പല കാര്യങ്ങളും പറഞ്ഞ് മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടെന്നും അതെല്ലാം തമാശയായിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ശരീരത്തിന്റെ പ്രപ്പോഷന്‍ ശരിയല്ലെന്ന് പറഞ്ഞാണ് മമ്മൂട്ടി ദേഷ്യപ്പെട്ടതെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘ഐ ഫോണിന്റെ പുതിയ ഒരു മോഡല്‍ ഇറങ്ങിയതിന്റെ അന്ന് തന്നെ ഞാന്‍ അത് ഒപ്പിച്ചു. എന്നിട്ട് നേരെ പോയത് മമ്മൂക്കയുടെ പടത്തിലേക്കായിരുന്നു. അതാണെങ്കില്‍ കാട്ടിന്റെ ഉള്ളിലാണ് ലൊക്കേഷന്‍. അവിടെ സുരേഷ് കൃഷ്ണയും ഉണ്ടായിരുന്നു. സുരേഷിനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഐ ഫോണ്‍ കാണിച്ചു. എന്റെ വിചാരം മമ്മൂക്ക എന്നെക്കാള്‍ മുമ്പ് വാങ്ങിക്കാണുമെന്നായിരുന്നു. പക്ഷേ, ആ ലൊക്കേഷനിലായതുകൊണ്ട് പുള്ളിക്ക് രണ്ട് ദിവസം കഴിഞ്ഞേ കിട്ടുള്ളൂവെന്ന് സുരേഷ് കൃഷ്ണ പറഞ്ഞു.

എനിക്ക് ടെന്‍ഷനായി. ഫോണും അതുപോലുള്ള ഗാഡ്ജറ്റുകളും ആദ്യം തന്നെ വാങ്ങണമെന്ന് മമ്മൂക്കക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ പുള്ളിയുടെ അടുത്തേക്ക് പോയി. എന്റെ കൈയിലിരിക്കുന്ന ഫോണ്‍ കണ്ടു. ‘ഞാന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്, രണ്ട് ദിവസം കഴിഞ്ഞാല്‍ വരും’ എന്ന് മമ്മൂക്ക പറഞ്ഞു. അന്നത്തെ ദിവസം പിന്നെ എന്നെ പല കാര്യത്തിനും മമ്മൂക്ക ചീത്ത പറയുകയായിരുന്നു. അതൊക്കെ തമാശയായിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan shares the funny incident with Mammootty

We use cookies to give you the best possible experience. Learn more