| Thursday, 3rd July 2025, 10:25 am

തിക്കുറിശ്ശി മുതല്‍ ആസിഫ് അലി വരെ; ഇനി പുതിയാളുകള്‍ വരട്ടെ അവര്‍ക്കൊപ്പവും അഭിനയിക്കാം: മനോജ് കെ.ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മനോജ് കെ. ജയന്‍. 36 വര്‍ഷത്തിന് മുകളിലായി അഭിനയമേഖലയില്‍ നിറഞ്ഞു നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇതിനിടയില്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിക്കാന്‍ മനോജ് എന്ന നടന് കഴിഞ്ഞു

മലയാളസിനിമയിലെ വ്യത്യസ്ത തലമുറകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞ നടനാണ് അദ്ദേഹം. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ.ജയന്‍.

മലയാള സിനിമയുടെ തലതൊട്ടപ്പനായ തിക്കുറുശ്ശി സുകുമാരന്‍നായര്‍ക്കൊപ്പം കുമിളകള്‍ എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടാണ് തന്റെ അഭിനയത്തിലേക്കുള്ള തുടക്കമെന്നും പിന്നീട് കുടുംബസമേതം എന്ന ചിത്രത്തില്‍ മധുവിനൊപ്പം അഭിനയിച്ചുവെന്നും മനോജ് കെ.ജയന്‍ പറയുന്നു. പഴയകാല നായകന്‍മാരായ സുകുമാരന്‍, രവികുമാര്‍, സുധീര്‍ എന്നിവരുടെ കൂടെ താന്‍ അഭിനയിച്ചുവെന്നും പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ബിജു മേനോന്‍, ദിലീപ് എന്നീ സമകാലികര്‍ക്കൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുതലമുറയിലെ പൃഥിരാജ് സുകുമാരന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചുവെന്നും മനോജ് കെ.ജയന്‍ പറയുന്നു. അപ്പോഴും പുതുഗണത്തിലൊരാള്‍ക്കൊപ്പം താന്‍ അഭിനയിച്ചില്ലെന്നും അദ്ദേഹമാണ് ആസിഫ് അലിയെന്നും നടന്‍ പറഞ്ഞു. പിന്നീട് രേഖാചിത്രത്തിലൂടെ ആസിഫ് അലിയുടെ കൂടെ അഭിനയിക്കാനും തനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മലയാളസിനിമയുടെ തലതൊട്ടപ്പനായ തിക്കുറുശ്ശി സുകുമാരന്‍നായര്‍ക്കൊപ്പം ‘കുമിളകള്‍‘ എന്ന പരമ്പരയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നീട് ‘കുടുംബസമേതം‘ എന്ന ചിത്രത്തില്‍ മധുച്ചേട്ടനൊപ്പം അഭിനയിച്ചു. പഴയകാല നായകന്‍മാരായ സുകുമാരന്‍ ചേട്ടന്‍, രവികുമാര്‍, സുധീര്‍ എന്നിങ്ങനെ ഒരുകാലത്ത് തിളങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചു.

പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ബിജു മേനോന്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍ എന്നീ സമകാലികര്‍ക്കൊപ്പവും അഭിനയിച്ചു. പുതുതലമുറയിലെ പൃഥിരാജ്, ഫഹദ് ഫാസില്‍, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ടൊവിനോ തോമസ്, പ്രണവ് മോഹന്‍ലാല്‍, ഇന്ദ്രജിത്, വിനീത് ശ്രീനിവാസന്‍, ബേസില്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. അപ്പോഴും പുതുഗണത്തിലൊരാള്‍ക്കൊപ്പം അഭിനയിച്ചില്ല. അയാളായിരുന്നു ആസിഫ് അലി. രേഖാചിത്രത്തിലൂടെ അതിനും കഴിഞ്ഞു.ഇനിയും പുതിയ ആള്‍ക്കാര്‍ വരട്ടെ, അവര്‍ക്കൊപ്പവും അഭിനയിക്കാം,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K. Jayan says that he has been able to act with both the new and old generations.

We use cookies to give you the best possible experience. Learn more