| Friday, 7th February 2025, 8:12 am

ആ മെഗാസ്റ്റാറില്‍ നിന്ന് ലഭിച്ച അഭിനന്ദനമായിരുന്നു എന്റെ ആദ്യത്തെ അവാര്‍ഡ്: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടനാണ് മനോജ് കെ. ജയന്‍. മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെയാണ് മനോജ് കെ. ജയന്‍ തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് നായകനായും വില്ലനായും സഹനടനായും പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ മനോജ് കെ. ജയന് സാധിച്ചു. മൂന്ന് തവണ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരം തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

രേഖാചിത്രം കണ്ട് മമ്മൂട്ടി എന്ന മെഗാസ്റ്റാറില്‍ നിന്ന് ലഭിച്ച അഭിനന്ദനമായിരുന്നു ആദ്യത്തെ അവാര്‍ഡ് – മനോജ് കെ. ജയന്‍

ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ രേഖാചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ മനോജ് കെ. ജയന്‍ എത്തിയിരുന്നു. രേഖാചിത്രം കണ്ട് മമ്മൂട്ടി എന്ന മെഗാസ്റ്റാറില്‍ നിന്ന് ലഭിച്ച അഭിനന്ദനമായിരുന്നു തന്റെ ആദ്യത്തെ അവാര്‍ഡ് എന്ന് മനോജ് കെ. ജയന്‍ പറയുന്നു. മമ്മൂട്ടിയുടെ കൂടെ 18 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ മമ്മൂട്ടി എ.ഐ ടെക്‌നോളജിയില്‍ അഭിനയിച്ച ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘രേഖാചിത്രം കണ്ട് മമ്മൂട്ടി എന്ന മെഗാസ്റ്റാറില്‍ നിന്ന് ലഭിച്ച അഭിനന്ദനമായിരുന്നു ആദ്യത്തെ അവാര്‍ഡ്. മമ്മൂക്കയ്‌ക്കൊപ്പം 18 സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഭൂരിഭാഗവും ഹിറ്റ് ചിത്രങ്ങളായിരുന്നു. ഇപ്പോള്‍ മമ്മൂക്ക എ.ഐ ടെക്‌നോളജിയില്‍ അഭിനയിച്ച ചിത്രത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് മറ്റൊരു ഭാഗ്യം. എല്ലാത്തരത്തിലും മമ്മൂക്കയുടെ അനുഗ്രഹം ഈ ചിത്രത്തിലുണ്ടായിരുന്നു. ഇല്ലായിരുന്നെങ്കില്‍ രേഖാചിത്രം എന്ന സിനിമ സംഭവിക്കുമായിരുന്നില്ല.

സത്യത്തില്‍ കഠിനാധ്വാനിയായ നടനല്ല ഞാന്‍. ഇഷ്ടപ്പെട്ട കഥ പറയുന്ന ചിത്രത്തില്‍ മാത്രം അഭിനയിക്കാനും അല്ലാത്ത സമയത്ത് ഒന്നും ചെയ്യാതെ വീട്ടിലിരിക്കാനുമാണ് എനിക്കിഷ്ടം.

ആ ഒറ്റപ്പെടലില്‍ ഞാനേറെ സന്തോഷിക്കാറുണ്ട്. സിനിമയില്‍ എനിക്ക് വലിയ കൂട്ടുകെട്ടുകളില്ല. എനിക്ക് വേണ്ടി സിനിമയുണ്ടാക്കാനറിയില്ല.

എനിക്ക് വേണ്ടിമാത്രം സിനിമ ഒരുക്കാന്‍ സംവിധായകരില്ല. നിര്‍മാണക്കമ്പനിയില്ല. ഞാന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടിവരുന്ന സിനിമകളില്‍ അഭിനയിക്കും. അതെനിക്ക് ഗുണം ചെയ്യാറുണ്ട്. അതിന്റെ പ്രത്യക്ഷോദാഹരണമാണ് രേഖാചിത്രം,’ മനോജ് കെ. ജയന്‍ പറയുന്നു.

Content highlight: Manoj K Jayan says mammootty’s appreciation was his first award

We use cookies to give you the best possible experience. Learn more