മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് ഗിന്നസ്. കൊച്ചിന്‍ സെഞ്ച്വറിയില്‍ മിമിക്രി ആര്‍ട്ടിസ്റ്റായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് പ്രശസ്ത മിമിക്രി ട്രൂപ്പായ കൊച്ചിന്‍ ഗിന്നസിലേക്ക് മാറുകയായിരുന്നു.
ശേഷം നിരവധി സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാനും മനോജിന് സാധിച്ചു. ബഡായി ബംഗ്ലാവ് എന്ന ജനപ്രിയ ടെലിവിഷന്‍ ഷോയിലും അദ്ദേഹം പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.
2007ല്‍ ഷാഫി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന സിനിമയിലും മനോജ് അഭിനയിച്ചിരുന്നു. റോമ – പൃഥ്വിരാജ് സുകുമാരന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എത്തിയ ചിത്രത്തില്‍ ചാക്യാര്‍കൂത്തുകാരനായിട്ടാണ് മനോജ് അഭിനയിച്ചത്.
ഇപ്പോള്‍ തനിക്ക് സിനിമയോട് താത്പര്യം കുറയാന്‍ കാരണമായ ഒരു അനുഭവം പങ്കുവെക്കുകയാണ് മനോജ് ഗിന്നസ്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ചോക്ലേറ്റ് സിനിമയുടെ ഷൂട്ടിങ് സമയത്തുണ്ടായ മോശം അനുഭവത്തെ കുറിച്ചാണ് മനോജ് പറഞ്ഞത്.
‘എനിക്ക് സിനിമയോട് താത്പര്യം കുറയാന്‍ ഒരു കാരണമുണ്ട്. ചോക്ലേറ്റ് സിനിമയില്‍ ചാക്യാര്‍കൂത്തുകാരനായി അഭിനയിച്ചത് ഞാനായിരുന്നു. സോഹന്‍ സീനുലാല്‍ അന്ന് അസോസിയേറ്റായി വര്‍ക്ക് ചെയ്യുകയായിരുന്നു. അദ്ദേഹമാണ് എന്നെ വിളിക്കുന്നത്.
‘മനോജേ, നീ ഒരു ചാക്യാര്‍കൂത്തുകാരനാകാന്‍ നാളെ വരുമോ. പൃഥ്വിരാജിന്റെ സിനിമയാണ്’ എന്നായിരുന്നു അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞത്. ‘ചാക്യാര്‍കൂത്ത് എനിക്ക് അറിയില്ല. ഓട്ടംത്തുള്ളലാണ് അറിയുന്നത്’ എന്ന് ഞാന്‍ മറുപടി പറഞ്ഞു.
‘അതൊക്കെ മതി, നീ വന്ന് ചെയ്യ്’ എന്ന് പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ഞാന്‍ അങ്ങനെ തലേദിവസം എന്റെ നാട്ടിലെ ചാക്യാര്‍കൂത്തുകാരനെ വിളിച്ച് അഞ്ച് മണിക്ക് എറണാകുളം ടൗണ്‍ ഹാളിലേക്ക് ബസ് കയറി വന്നു.
ഏഴ് മണി ആകുമ്പോഴേക്കും കൂടെ വന്നവന്‍ എനിക്ക് മേക്കപ്പിട്ടു തന്നു. അരിപൊടിയൊക്കെ വെച്ച് മുഖത്ത് വരച്ചു തന്നു. ചാക്യാര്‍കൂത്തിന് അരയില്‍ ഒരു സാധനം കെട്ടാനുണ്ട്. ഞൊറികളൊക്കെയുള്ള ഒരു സാധനമാണ് അത്.
അത് കയര്‍ ഇട്ടിട്ടാണ് കെട്ടേണ്ടത്. കസേരയില്‍ ഇരിക്കാന്‍ പറ്റാത്തത് കൊണ്ട് സ്റ്റൂള്‍ വേണം. അന്ന് ആദ്യ ഷോട്ട് എന്റേതായിരുന്നു. അതിനായിട്ട് കോളേജ് പിള്ളേരായിട്ടുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളൊക്കെ ഓഡിറ്റോറിയത്തില്‍ ഉണ്ടായിരുന്നു.
പക്ഷെ പിന്നീട് എടുക്കാമെന്ന് തീരുമാനിച്ചത് എനിക്ക് അറിയില്ലായിരുന്നു. അവര്‍ സാധനങ്ങളൊക്കെ പാക്ക് ചെയ്തു. ലൊക്കേഷനില്‍ നിന്ന് വണ്ടിയൊക്കെ പോയി. എന്നോട് ആരും ഇനി വൈകുന്നേരമേ ഷൂട്ടുള്ളൂവെന്ന് പറഞ്ഞിട്ടില്ല.
ഇരിക്കാന്‍ സ്റ്റൂള്‍ ഇല്ലാത്തത് കാരണം ഞാന്‍ അവിടെ തന്നെ നിന്നു. ടോയ്‌ലറ്റില്‍ പോകാനും പറ്റാത്ത അവസ്ഥയായിരുന്നു. രാവിലെ ഏഴ് മണിയ്ക്ക് നില്‍ക്കാന്‍ തുടങ്ങിയ ഞാന്‍ അവസാനം 12 മണിവരെ നിന്നു. ശരീരത്തില്‍ എല്ലാം കെട്ടിവെച്ചേക്കുകയല്ലേ.
അവസാനം ഭക്ഷണം കഴിക്കാന്‍ സമയമായി. എല്ലാവരും ഭക്ഷണം കഴിക്കുന്നത് കണ്ട് ഞാന്‍ ഒരു പ്ലേറ്റുമായി ചെന്നു. പക്ഷെ എന്നെ അവിടെയുള്ള ആള്‍ ഓടിച്ചു. ‘തനിക്ക് ഇവിടെ ഭക്ഷണമില്ല. അവിടെ പോയി കഴിക്കെടോ’ എന്ന് പറഞ്ഞിട്ടാണ് ഓടിച്ചത്.
കോളേജ് പിള്ളേര് ഭക്ഷണത്തിനായി അടികൂടുന്ന സ്ഥലത്തേക്കാണ് എന്നെ ഇയാള്‍ പറഞ്ഞുവിട്ടത്. ഈ വേഷമൊക്കെ കെട്ടിയിട്ട് അവിടെ വരെ പോയി ഭക്ഷണം കഴിക്കാന്‍ എനിക്ക് സാധിക്കുന്ന കാര്യമല്ല. ഞാന്‍ ‘എനിക്ക് നിന്റെ ഭക്ഷണം വേണ്ട’ എന്ന് പറഞ്ഞ് ആ പ്ലേറ്റ് അവിടെ തന്നെയിട്ടു.
അവിടെ നടന്നതൊക്കെ പട്ടണം ഷാ എന്ന മേക്കപ്പ്മാന്‍ കണ്ടിരുന്നു. അദ്ദേഹം എന്റെ അടുത്തേക്ക് വന്നിട്ട് കാര്യം ചോദിച്ചു. നടന്ന സംഭവങ്ങള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഭക്ഷണം തരുന്ന ആളോട് സംസാരിച്ചു.
‘എടോ ഇത് ആരാണെന്ന് അറിയോ തനിക്ക്. അയാള്‍ ആ മേക്കപ്പ് ഇട്ടത് കൊണ്ടാണ് തനിക്ക് മനസിലാകാത്തത്’ എന്നൊക്കെ പറഞ്ഞു. എന്നെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പക്ഷെ ഞാന്‍ കഴിക്കില്ലെന്ന് പറഞ്ഞു. ഭക്ഷണം കഴിക്കാതെ രണ്ട് മണിക്കൂറോളം വീണ്ടും ഞാന്‍ അവിടെ തന്നെ നിന്നു.
അവസാനം വേഷം അഴിച്ചിട്ട് ഞാന്‍ അവിടുന്ന് പോയി. പിന്നീട് എന്നെ സോഹന്‍ വിളിച്ചു. വാ ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞതും, ഇനി ഞാന്‍ വരില്ലെന്ന് പറഞ്ഞു. ‘എന്ത് സിനിമയെന്ന് പറഞ്ഞാലും, ഇനി സിനിമക്ക് ഞാന്‍ വരില്ല’ എന്ന് പറഞ്ഞു.
അവര്‍ക്ക് രാവിലെ തന്നെ എന്നോട് പറയാമായിരുന്നു. ‘വേഷമൊക്കെ അഴിച്ചു വെച്ചോളൂ. ഇനി രാത്രി എട്ട് മണിക്കേ ഷൂട്ടുള്ളൂ’വെന്ന് പറയാമായിരുന്നു. എനിക്ക് മേക്കപ്പ് ചെയ്ത് തന്നവന്‍ തിരിച്ചു പോയിരുന്നു. പക്ഷെ അവിടെ എല്ലാവരും ബാക്കി സീന്‍ എടുക്കാനായി എന്നെയും കാത്ത് നില്‍ക്കുകയായിരുന്നു. അവസാനം ഞാന്‍ ചെന്ന് സ്വയം മേക്കപ്പിട്ട് ബാക്കി സീന്‍ ചെയ്തു,’ മനോജ് ഗിന്നസ് പറയുന്നു.
Content Highlight: Manoj Guinness Talks About Chocolate Movie Set