| Tuesday, 27th November 2018, 11:44 am

നിങ്ങളൊരു പ്രധാനമന്ത്രിയാണ്, അതോര്‍ക്കണം; നരേന്ദ്രമോദിക്കെതിരെ മന്‍മോഹന്‍സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം നിയന്ത്രണം പാലിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രി എന്ന നിലക്ക് മോദി വേണ്ടത്ര നിയന്ത്രണം പാലിക്കേണ്ടതുണ്ടെന്നും ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ “ഫേബിള്‍സ് ഓഫ് ഫ്രാക്‌ചേഡ് ടൈംസ്” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുവേ മന്‍മോഹന്‍ സിംഗ് പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് യാതൊരു വേര്‍തിരിവും കാണിച്ചിട്ടില്ലെന്നും ഇന്ത്യക്കാരുടെ പ്രധാനമന്ത്രിയാണ് മോദിയെന്നും അതു കൊണ്ടു തന്നെ തന്റെ ഉത്തരവാദിത്വ ബോധവും ഔചിത്യവും അദ്ദേഹം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും മന്‍മോഹന്‍ സിങ് നരേന്ദ്ര മോദിയെ ഓര്‍മ്മിപ്പിച്ചു.

ALSO READ: ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴി വീണ്ടും രേഖപ്പെടുത്തും

ബി.ജെ.പി ഭരിക്കാത്ത മറ്റേതെങ്കിലും സംസ്ഥാനങ്ങളില്‍ പോകുമ്പോള്‍ ഭാഷയില്‍ നിയന്ത്രണം പാലിക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹത്തിനുണ്ട്. രാജ്യത്ത് നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളെല്ലാം തന്നെ താഴ്ന്ന നിലവാരമാണ് പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്‍മോഹന്‍സിംഗ് എത്തിയിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മോദി സര്‍ക്കാരിന്റെ പിഴവുകള്‍ എടുത്തുപറഞ്ഞ് മന്‍മോഹന്‍സിംഗ് സര്‍ക്കാരിനെ കടന്നാക്രമിച്ചത്.

നിയമവ്യവസ്ഥ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ മാറിയില്ലെങ്കില്‍ നമ്മുടെ തലമുറയ്ക്ക് ചരിത്രം മാപ്പ് കൊടുക്കില്ല. ജി.എസ്.ടിയിലും റഫേല്‍ ഇടപാടിലും സര്‍ക്കാരിന്റെ പിഴവുകള്‍ എടുത്തുപറഞ്ഞ മന്‍മോഹന്‍ എല്ലാവരും ഒന്നിച്ച് ചേര്‍ന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more