കേരള ബോക്‌സ് ഓഫീസിൽ നിന്ന് ഇൻഡസ്ട്രി ഹിറ്റും ആഗോളതലത്തിൽ 300 കോടിയിലധികം കളക്ഷനും നേടി സ്വപ്‌നക്കുതിപ്പ് നടത്തിയ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സിനിമയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിവിൻ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ചിത്രം ഏജ്-ഗ്യാപ് റൊമാൻസിനെ പശ്ചാത്തലമാക്കിയായിരുന്നു സംവിധായകൻ ഒരുക്കിയത്.

ചിത്രത്തിലെ നിവിനും മമിതയും തമ്മിലുള്ള കോമ്പോയെ പ്രേക്ഷകർ ഏറ്റെടുത്തതോടെ ലോകഃയെയും വെട്ടി മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമെന്ന നേട്ടമാണ് ഇപ്പോൾ ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്, മഞ്ജുശ്രീ. Photo. Screen Grab/ Youtube

ചിത്രത്തിന്റെ ഒ.ടി.ടി റീലിസിനു പിന്നാലെയും സിനിമയെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ ബിജി വീട് വിറ്റ് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നും അവരുടെ ജീവിതസാഹചര്യങ്ങൾ മനസിലാക്കുമ്പോൾ ആ തീരുമാനത്തെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും മഞ്ജുശ്രീ പറയുന്നു.

‘ബിജിക്ക് അവരുടേതായ കാരണങ്ങളുണ്ട്. അതെന്തൊക്കെയാണെന്ന് സിനിമയിൽ നേരത്തേ തന്നെ കാണിക്കുന്നുണ്ട്. വീട് മാറുന്ന സമയത്ത് കള്ളുകുപ്പികൾ കാണിക്കുന്നൊരു രംഗമുണ്ടല്ലോ. കയ്യിലുള്ള കള്ളുകുപ്പികൾ കാണിച്ച്, ‘ഇതൊക്കെ വിറ്റാൽ തന്നെ വീട് വെക്കാനുള്ള പണം കിട്ടും’ എന്ന രീതിയിലാണ് ബിജി പറയുന്നത്. അതിൽനിന്നുതന്നെ ബിജി എത്രത്തോളം മടുത്തും നിരാശയിലുമാണ് ജീവിക്കുന്നതെന്ന് നമുക്ക് മനസിലാക്കാം.

പിന്നീട് മാരേജ് സർട്ടിഫിക്കറ്റിന്റെ കാര്യത്തിലായാലും മറ്റുള്ള കാര്യങ്ങളിലായാലും ഭർത്താവിനോട് ബിജി മറുപടി പറയുന്നുണ്ട്. അയാളുടെ കൂടെയുള്ള ജീവിതം മടുത്തതുകൊണ്ടാണ് വീട് വിറ്റ് മറ്റൊരിടത്തേക്ക് പോകുന്നത്. അതിനുപിന്നിൽ ബിജിക്ക് വ്യക്തമായ കാരണങ്ങളുണ്ട്,’ നടി പറഞ്ഞു.

ബിജിയുടെ ജീവിതസാഹചര്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ അവരുടെ തീരുമാനം മനസിലാക്കാൻ കഴിയുമെന്നും മഞ്ജുശ്രീ പറയുന്നു. വിദ്യാഭ്യാസമില്ലാത്ത, ജോലിയില്ലാത്ത ഒരു സ്ത്രീക്ക് കുട്ടികളെ വളർത്തുന്നതിനൊപ്പം ജീവിതത്തിലെ പല പ്രതിസന്ധികളും നേരിടേണ്ടിവരുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ മികച്ച ജീവിതം തേടി മറ്റൊരു രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നതിനെ തെറ്റായി കാണാൻ കഴിയില്ലെന്നും മഞ്ജുശ്രീ വ്യക്തമാക്കി.

‘ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൊന്നാണ് ഭർത്താവിന്റെ ഭാഗത്തുനിന്ന് പിന്തുണയില്ലാതെ ജീവിക്കേണ്ടിവരുന്നത്. ഭർത്താവ് കൂടെയുണ്ടെങ്കിലും അയാളെ ആശ്രയിക്കാൻ കഴിയാത്ത അവസ്ഥ. അതിനൊപ്പം ജോലിയില്ല, വിദ്യാഭ്യാസവുമില്ല. കുട്ടികളെ വളർത്തുകയും വേണം. ഇതെല്ലാം ഒരു സ്ത്രീയെ സംബന്ധിച്ച് വലിയ വെല്ലുവിളികളാണ്.

ബെത്‌ലഹേം കുടുംബ യൂണിറ്റ്, മഞ്ജുശ്രീ. Photo. Screen Grab/ Youtube

ബിജിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അവർ ചെയ്തത് ശരിയാണെന്നാണ് എനിക്ക് തോന്നുന്നത്. അവർ അങ്ങനെയൊരു സ്ത്രീയാണ്. ചുറ്റുമുള്ളവർ അയർലൻഡിൽ പോയി പണം സമ്പാദിച്ച് വീടുവെച്ച് നല്ല രീതിയിൽ ജീവിക്കുന്നതും അവിടെത്തന്നെ സ്ഥിരതാമസമാക്കുന്നതുമെല്ലാം ബിജി കാണുന്നുണ്ട്. അപ്പോൾ പുറത്തുപോയാൽ മാത്രമേ നല്ലൊരു ജീവിതം കിട്ടൂ എന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ട് ബിജിയെ കുറ്റം പറയാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്,’ നടി പറഞ്ഞു.

Content Highlight: Manjushree states that there are clear reasons for Biji selling her house and moving elsewhere, and that one cannot fault this decision when considering her life circumstances