മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആഘോഷമെല്ലാം കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ തോന്നി തുടങ്ങി, അങ്ങനെയാണ് ബാലന്‍ ചെയ്യുന്നത്: ചിദംബരം
Malayalam Cinema
മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആഘോഷമെല്ലാം കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ തോന്നി തുടങ്ങി, അങ്ങനെയാണ് ബാലന്‍ ചെയ്യുന്നത്: ചിദംബരം
അശ്വിന്‍ രാജേന്ദ്രന്‍
Monday, 5th January 2026, 12:44 pm

പ്രതിസന്ധികള്‍ക്കിടയിലും അണമുറിയാത്ത സുഹൃദ് ബന്ധത്തിന്റെ കഥ പറഞ്ഞ് 2024 ല്‍ തമിഴ്‌നാട് ബോക്‌സ് ഓഫീസിനെയടക്കം ഇളക്കിമറിച്ച ചിത്രമായിരുന്നു ചിദംബരം.എസ്.പൊതുവാള്‍ സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം മികച്ച കളക്ഷന്‍ നേടുന്നതിനൊപ്പെം രാജ്യമാകെയുള്ള സിനിമാ പ്രേമികളുടെ നിരൂപക പ്രശംസയും സ്വന്തമാക്കിയിരുന്നു.

ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ ഏറെ ചര്‍ച്ച ചെയ്ത പേരായിരുന്നു സംവിധായകന്‍ ചിദംബരത്തിന്റെത്. അപകടത്തില്‍ പെട്ട കഥാപാത്രത്തിന്റെ മാനസികാവസ്ഥയും ജീവന്‍ പണയം വെച്ച് സുഹൃത്തിനെ രക്ഷിക്കുന്ന കൂട്ടുകാരുടെ ധീരതയും ആവേശം ഒട്ടും ചോരാതെ പ്രേക്ഷകരിലേക്കെത്തിച്ച ചിദംബരം, മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കിടയിലുള്ള തന്റെ സ്ഥാനം ചിത്രത്തിലൂടെ നേടിയെടുത്തിരുന്നു.

മഞ്ഞുമ്മല്‍ ബോയ്‌സ്. Photo: JIO Hotstar

എന്നാല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയ വന്‍ വിജയത്തിനു ശേഷം താന്‍ കടന്നു പോകേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് സംവിധായകന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. സിനിഉലഗം എന്ന യൂട്യൂബ് ചാനലില്‍ മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം നടത്തിയ ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ സംസാരിക്കവെയായിരുന്നു ചിദംബരം തന്റെ അനുഭവം പങ്കു വെച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം എന്തുകൊണ്ടാണ് വമ്പന്‍ താരങ്ങളെ സമീപിക്കാതെ പുതുമുഖ താരങ്ങളെ വെച്ച് പുതിയ ചിത്രം ചെയ്യുന്നതെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആഘോഷത്തിലായിരുന്നു ഒരുപാട് കാലം, എല്ലാം കഴിഞ്ഞ് തുടങ്ങിയപ്പോഴാണ് അടുത്തതായി എന്തെങ്കിലും ചെയ്യണമല്ലോ എന്ന ചിന്ത വന്നു തുടങ്ങിയത്. തീര്‍ച്ചയായും വലിയ താരങ്ങളെ സമീപിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യണമെന്നറിയാതെ കണ്‍ഫ്യൂഷനിലിരുന്നപ്പോഴാണ് സജിന്‍ ഗോപുവിനെ കാണുന്നത്.

അദ്ദേഹമാണ് പറയുന്നത് ആവേശത്തിന്റെ സംവിധായകനായ ജിത്തു മാധവന്റെ കൈയ്യില്‍ ഒരു കഥയുണ്ടെന്ന്. അതൊരു ക്യൂട്ടായിട്ടുള്ള ചെറിയ കഥയായിരുന്നു, അങ്ങനെ ഒരു മാസത്തിനകം തന്നെ ഷൂട്ടിങ്ങ് ആരംഭിച്ചു. മഞ്ഞുമ്മല്‍ ബോയ്‌സിനു ശേഷം അത്തരത്തില്‍ ചെറിയ പടം പുതുമുഖങ്ങളെ വെച്ച് ചെയ്യാനുള്ള സ്വീകാര്യത ഇപ്പോള്‍ എനിക്കുണ്ടെന്ന് തോന്നുന്നു,’ ചിദംബരം പറഞ്ഞു.

ചിദംബരം കമല്‍ഹാസനും രജിനികാന്തിനുമൊപ്പം. Photo: Times Of India

തന്നെ സംബന്ധിച്ചിടത്തോളം ഗ്രോത്ത് എന്ന് പറയുന്നത് സിനിമയുടെ സബ്ജക്ടിലാണെന്നും അല്ലാതെ എത്ര കോടിയാണ് ചിത്രത്തിനായി ചെലവഴിക്കുന്നത് എന്നതിലല്ലെന്നും സംവിധായകന്‍ പറഞ്ഞു. തന്റെ ഒരു പടം ഹിറ്റായത് കൊണ്ട് അടുത്ത പടം നേരെ പോയി വലിയ ഒരു സൂപ്പര്‍ താരത്തിന്റെ കൂടെ പോയി ചെയ്യാമെന്ന് കരുതിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ല്‍ പുറത്തിറങ്ങിയ ജാന്‍.എ.മന്‍ ആണ് ചിദംബരം ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ വിജയത്തിന് ശേഷം ഫാന്റം സ്റ്റുഡിയോസുമായി ചേര്‍ന്ന് ബോളിവുഡില്‍ ചിത്രം സംവിധാനം ചെയ്യുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോമഡി ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ബാലന്‍ ഫെബ്രുവരി 20 ന് തിയേറ്ററുകളിലെത്തും.

Content Highlight: Manjummel Boys Director Chidambaram talks about the gap his career

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.