തുടരും എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ഷണ്മുഖന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ റോളിലേക്കായി തങ്ങള്‍ സമീപിച്ച നായികമാരെ കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സഹസംവിധായകന്‍ ബിനു പപ്പുവും എല്ലാം സംസാരിച്ചിരുന്നു.
തമിഴ് നടി ജ്യോതികയേയും നടിയും നര്‍ത്തകിയുമായ മേതില്‍ ദേവികയേയുമെല്ലാം തങ്ങള്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ അവര്‍ക്കെല്ലാം പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
ശോഭനയുടെ റോളിലേക്ക് നടി മഞ്ജു വാര്യരെ വിളിച്ചിരുന്നതായി പറയുകയാണ് നിര്‍മാതാവ് രഞ്ജിത് രജപുത്ര. മഞ്ജുവിനെ വിളിക്കുന്നത് താനാണെന്നും തരുണിനെ നിര്‍ദേശപ്രകാരമാണ് അവരെയൊക്കെ വിളിച്ചതെന്നും രഞ്ജിത് പറയുന്നു.
എന്നാല്‍ മഞ്ജുവിനും മേതില്‍ ദേവികയ്ക്കുമെല്ലാം പല തരത്തിലുള്ള അസൗകര്യങ്ങള്‍ ഉണ്ടായെന്നും രഞ്ജിത് പറയുന്നു. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രഞ്ജിത്.
‘എപ്പോഴും കാണുന്ന കോമ്പിനേഷന്‍ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് തരുണ്‍ ആദ്യം മുതലേ പറയുന്നതാണ്. അത് സുനിലും പറഞ്ഞിരുന്നു.
നമുക്ക് മുഴുവന്‍ പേരേയും ട്രൈ ചെയ്യാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അതിന് പറ്റുന്ന ആളുകളുടെ പേര് പറയുക. നമ്മുടെ പല ആളുകളേയും അത്തരത്തില്‍ കോണ്‍ടാക്ട് ചെയ്തിരുന്നു.
അതിനകത്ത് തരുണ്‍ തന്നെ ജ്യോതികയെ പോയി കണ്ട കാര്യം പറഞ്ഞിരുന്നല്ലോ. അതുപോലെ തന്നെ ഞാന്‍ തന്നെയാണ് മഞ്ജുവിനെ വിളിക്കുന്നത്. മേതില്‍ ദേവികയെയും ഞാന്‍ വിളിച്ചിരുന്നു.
ഇതെല്ലാം തരുണ്‍ പറഞ്ഞിട്ടാണ്. ഇവര്‍ക്കെല്ലാം പല അസൗകര്യങ്ങളും കാര്യങ്ങളുമായി പോയ്‌ക്കൊണ്ടിരിക്കുകയാണ്. അതിന് മുന്‍പ് തൊട്ടേ ശോഭന ആയാലോ എന്ന് തരുണ്‍ ചോദിക്കാറുണ്ട്. ശോഭനയുടെ കാര്യം എനിക്കറിയാം. അവര്‍ക്ക് ഒരുപാട് പ്രോഗ്രാമും കാര്യങ്ങളും ഉണ്ട്.
എനിക്കും ചിപ്പിക്കും വളരെ അടുപ്പവും പരിചയവും അവരുമായി ഉണ്ട്. അങ്ങനെ ഞാന്‍ അവരെ വിളിച്ചു. പ്രശ്നമൊന്നും ഇല്ല. പക്ഷേ ഒരുപാട് പ്രോഗ്രാമുകള്‍ ഈ സമയത്ത് വന്നിട്ടുണ്ടെന്ന് പറഞ്ഞു.
മോഹന്‍ലാലിനെ പോലുള്ള ഒരാളെ ഇങ്ങനെ ഇരുത്തിയിട്ട് ഞാന്‍ ഇങ്ങനെ പ്രോഗ്രാമിനായി പോകുന്നത് ശരിയാകുമോ, ആദ്യം നിര്‍മാതാവ് തീരുമാനിക്കണം നല്ല നഷ്ടം വരുമെന്ന് പറഞ്ഞു.
എല്ലാം തുറന്നു പറയുന്ന ഒരാളാണ്. നല്ല നഷ്ടം വരും. എനിക്ക് ഇടയില്‍ ഇടയില്‍ മദ്രാസില്‍ പോയി പ്രോഗ്രാം ചെയ്യേണ്ടി വരുമെന്ന് പറഞ്ഞു. അംബാനിയുടെ പ്രോഗ്രാം എല്ലാം ഉണ്ട്. ഇതെല്ലാം ഷൂട്ടിങ്ങിന്റെ ഇടയിലാണ്.
വളരെ പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് നമുക്ക് ഒന്ന് ആലോചിച്ചിട്ട് തീരുമാനിച്ചാലോ എന്ന് ചോദിച്ചു. ആലോചിക്കുന്നതിന് മുന്‍പ് ഇതിന്റെ കഥയൊന്ന് കേള്‍ക്ക് എന്ന് പറഞ്ഞു.
അങ്ങനെ കഥ കേട്ടുകഴിഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു. കഥ കൊള്ളാം. നമ്മള്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു. ഒരു കാര്യം ചെയ്യ് നിങ്ങള്‍ ആ ഡേറ്റുകള്‍ എനിക്ക് അയച്ചു താ. അതിന് അനുസരിച്ച് ഞാന്‍ തരുണിനോട് പറയാമെന്ന് പറഞ്ഞു.
അങ്ങനെയാണ് അവര്‍ കമ്മിറ്റ് ചെയ്തതും വന്ന് അഭിനയിക്കുന്നതും. അത് ഈ സിനിമയുടെ ഏറ്റവും വലിയ ഭാഗ്യമായി മാറി,’ രഞ്ജിത് പറഞ്ഞു.
Content Highlight: Manju Warrier was also called for the role of Shobhana says Producer Ranjith