മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന മഞ്ജു വളരെ പെട്ടെന്ന് മലയാളസിനിമയുടെ മുന്‍നിരയിലേക്ക് നടന്നുകയറി. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മഞ്ജു വാര്യര്‍ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ മഞ്ജുവിന് സാധിച്ചു.
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. ലേഡി സൂപ്പര്‍സ്റ്റാറായ താന്‍ സൂപ്പര്‍സ്റ്റാറായി കാണുന്നത് ആരായാണെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മഞ്ജു വാര്യര്‍. തന്റെ സൂപ്പര്‍സ്റ്റാര്‍ അമ്മയാണെന്ന് പറയുകയാണ് മഞ്ജു വാര്യര്‍.
‘തീര്‍ച്ചയായും അമ്മ തന്നെ. സ്തനാര്‍ബുദം വന്നപ്പോള്‍ അമ്മ മനഃശക്തി കൊണ്ടാണ് അതിനെ തരണം ചെയ്തത്. അതിനുശേഷം പഴയതിലും സന്തോഷവതിയായും പഴയതിലും സുന്ദരമായും ജീവിതത്തിലേക്ക് തിരിച്ച് വന്നു അമ്മ. അച്ഛന്‍ ഞങ്ങളെ വിട്ട് പോയപ്പോഴും അമ്മ കരുത്തോടെ നേരിട്ടു.
അച്ഛനും അമ്മയും ഒരുമിച്ചല്ലാതെ ഒരിക്കലും ഞാന്‍ കണ്ടിട്ടേയില്ല, എന്ത് കാര്യത്തിനും എവിടെ പോവാനും രണ്ടുപേരും ഒരുമിച്ചായിരുന്നു. അങ്ങനെയൊരാള്‍ പെട്ടെന്ന് നമ്മളെ വിട്ട് പോയിക്കഴിയുമ്പോള്‍ ഏതൊരാളും തളര്‍ന്ന് പോവും. അച്ഛനില്ലാത്ത വീടും ജീവിതവും എനിക്കും ചിന്തിക്കാന്‍ പറ്റിയിരുന്നില്ല.
അതിനുശേഷം ഷൂട്ടിങ്ങിനൊക്കെ പോവേണ്ടി വരുമ്പോള്‍ അമ്മ ഒറ്റയ്ക്കാണല്ലോ എന്ന ചിന്ത എന്നെ സങ്കടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. പക്ഷേ എന്നെ വിഷമിപ്പിക്കാതിരിക്കാനായിരിക്കാം, അമ്മ തന്നെ സ്വയം ഇഷ്ടമുള്ള കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുഴുകി. സന്തോഷവതിയായി കരുത്തോടെ മുന്നോട്ട് പോയി.
അമ്മയിങ്ങനെ ആക്ടീവായി ഇരിക്കുന്നത് കാണുമ്പോള്‍, സന്തോഷത്തോടെ ഇരിക്കുന്നു എന്നറിയുമ്പോള്‍ എനിക്ക് ദൂരസ്ഥലങ്ങളില്‍ പോലും സമാധാനത്തോടെ ഷൂട്ടിങ്ങിന് പോവാന്‍ കഴിയുന്നു. ഇപ്പോള്‍ അമ്മ ചെയ്ത് കൊണ്ടിരിക്കുന്ന ഓരോ പുതിയ കാര്യങ്ങളും കൗതുകത്തോടെയും അത്ഭുതത്തോടെയും ആരാധനയോടെയും നോക്കിക്കൊണ്ടിരിക്കുന്ന കുട്ടിയാണ് ഞാന്‍,’ മഞ്ജു വാര്യര്‍ പറയുന്നു.
Content Highlight: Manju Warrier Talks About Her Mother