കേരളം കണ്ട ഏറ്റവും ശക്തമായ സ്ത്രീ പ്രതീകങ്ങളിൽ ഒരാളാണ് മഞ്ജു വാര്യർ. കുടുംബം സദാചാരം, സ്ത്രീയാണ് അവൾ ഒതുങ്ങി ജീവിക്കണം
എന്നിവയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങി ജീവിക്കണമെന്ന സമൂഹബോധ്യങ്ങളെ ചോദ്യം ചെയ്ത് സ്വന്തം വഴിയിലൂടെ പറന്നു നടന്ന പെണ്മയാണവൾ. ആ യാത്ര അത്ര എളുപ്പമായിരുന്നില്ല വീഴ്ചകളും വേദനകളും വിമർശനങ്ങളും അതിജീവിച്ച് തന്റെ കഴിവുകൾ തേച്ചു മിനുക്കി വീണ്ടും സ്വന്തം നിലപാട് ഉറപ്പിച്ച കരുത്തിന്റെ സ്ത്രീ പ്രതീകമാണ് മഞ്ജു വാര്യർ.
നീണ്ട ഒരിടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചു വന്നതിനു ശേഷം ഓരോ കഥാപാത്രങ്ങളിലൂടെയും തന്റെ ശക്തമായ നിലപാട് കാണിക്കുകയും, സ്ത്രീയുടെ സ്വാതന്ത്ര്യവും ആത്മവിശ്വാസവും എന്താണെന്നും മഞ്ജു വീണ്ടും ഉറപ്പിച്ചു.
മഞ്ജു വാര്യർ, Photo; Manju warrier/ Facebook
കുടുംബമാണ് സ്ത്രീയുടെ മുഴുവൻ ജീവിതമെന്ന ധാരണയ്‌ക്കെതിരെ, കുടുംബത്തിന് താനില്ലെങ്കിലും ഒന്നും നഷ്ട്ടപെടാനില്ലെന്നും, തനിക്ക് കുടുംബമില്ലെങ്കിലും ഒന്നും നഷ്ടപ്പെടാൻ ഇല്ലെന്നും സ്വന്തം ജീവിതം കൊണ്ട് അവർ തെളിയിച്ചു. ഇതെല്ലാം കൊണ്ടുതന്നെ മഞ്ജുവാര്യർ പെൺകുട്ടികൾക്ക് പഠിക്കാനാവുന്ന ഒരു പാഠപുസ്തകമായി മാറുകയാണ്.
സിനിമയ്ക്ക് പുറത്തും തന്റെ ജീവിതം സ്വന്തം ഇഷ്ടങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്ന സ്ത്രീയാണ് മഞ്ജു. ബൈക്ക് യാത്രകളോടുള്ള അഭിനിവേശം അതിന്റെ തെളിവാണ്. കഴിഞ്ഞ ദിവസം തന്റെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആർ 1250 ജിഎസ് ബൈക്കിൽ മഴയത്ത് ധനുഷ്കോടിയിലൂടെ യാത്ര ചെയ്യുന്ന മഞ്ജുവിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു.
ഇരുന്നും നിന്നുമൊക്കെ ആസ്വദിച്ച് ബൈക്ക് ഓടിക്കുന്ന മഞ്ജുവിനെ കണ്ട ആരാധകർ ഏറെ ആവേശത്തോടെയാണ് വീഡിയോ ഏറ്റെടുത്തത്.
‘കഴിഞ്ഞുപോയതിനും, ഇപ്പോൾ നടക്കുന്നതിനും, വരാനിരിക്കുന്നതുമെല്ലാം നന്ദി’ എന്ന കുറിപ്പോടെയാണ് മഞ്ജു വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
മഞ്ജു വാര്യർ, Photo; Manju warrier/ Facebook
വെറുമൊരു അടികുറുപ്പായി മാത്രമല്ല ഈ വാക്കുകളെ ആരാധകർ നോക്കികാണുന്നത്. തന്റെ ജീവിതം എന്തെല്ലാം അവസ്ഥകളിലൂടെ കടന്നു പോയോ ആ അവസ്ഥകളിലെല്ലാം ഓരോ മലയാളികളും അവർക്കൊപ്പമായിരുന്നു. അതിനെല്ലാം കൂടെ നിന്ന ഓരോ വ്യക്തികൾക്കും തന്റെ നന്ദി അറിയിച്ചുകൊണ്ടാണ് താരം ഈ കുറുപ്പെഴുതിയതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
സെലിബ്രിറ്റികളടക്കം നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. എന്നും നിങ്ങൾക്കൊപ്പം തന്നെയുണ്ടാകും, അവൾക്കൊപ്പം, ഇതുപോലെ ജീവിതം ആസ്വദിച്ച് ജീവിക്കുക, ദിസ് ഈസ് അവർ സൂപ്പർ ഹീറോ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
മഞ്ജു വാര്യർ, Photo; Manju warrier/ Facebook
ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആർ 1250 ജിഎസ് ബൈക്കിന്റെ വില. മഞ്ജുവിന് കൂടാതെ നടൻ സൗബിൻ ഷാഹിറിനും ഇതേ ബൈക്കുണ്ട്. ഇരുവരും ബൈക്കിനൊപ്പം നിൽക്കുന്ന ചിത്രം മുൻപ് തന്നെ ശ്രദ്ധ നേടിയിരുന്നു. തമിഴ് സൂപ്പർ താരം അജിത്തിനൊപ്പമുള്ള യാത്രയാണ് ബൈക്ക് സ്വന്തമാക്കാനും ലൈസൻസ് എടുക്കാനും പ്രചോദനമായതെന്നും മഞ്ജു മുൻപ് പറഞ്ഞിട്ടുണ്ട്.
മഞ്ജു വാര്യർ സിനിമയിൽ അവതരിപ്പിച്ച ഓരോ കഥാപാത്രവും അവരുടെ ജീവിതദർശനത്തിന്റെ തന്നെ പ്രതിഫലനങ്ങളാണ്. എമ്പുരാൻ, ഉദാഹരണം സുജാത, ഹൗ ഓൾഡ് ആർ യു, അസുരൻ, ജാക്ക് ആൻഡ് ജിൽ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം വിട്ടുവീഴ്ചയില്ലാത്ത, സ്വന്തം തീരുമാനങ്ങൾ എടുക്കുന്ന സ്ത്രീയായും , വീഴുമ്പോഴും എഴുന്നേറ്റ് മുന്നോട്ട് തളരാതെ പോകുന്ന കരുത്തൂറ്റ പെൺ പുലിയുമായാണ് മഞ്ജുവിനെ നാം കണ്ടത്.
കാലം മാറുമ്പോൾ കഥാപാത്രങ്ങളും മാറി പക്ഷേ മഞ്ജുവിന്റെ ആത്മവിശ്വാസം ഒരിക്കലും മാറിയില്ല. നായിക എന്ന പദവി കടന്ന്, സ്ത്രീയുടെ ശബ്ദവും നിലപാടും അടയാളപ്പെടുത്തുന്ന സാന്നിധ്യമായി മഞ്ജു വാര്യർ മലയാള സിനിമയിൽ നിലകൊള്ളുന്നു.
Content Highlight: Manju Warrier’s Adventurous Bike Ride to Dhanushkodi.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.