| Saturday, 17th May 2025, 12:28 pm

ആ നിവിന്‍ പോളി ചിത്രത്തില്‍ ഒരു റോള്‍ ചെയ്തതോടെ, അത്തരം വേഷങ്ങള്‍ ചെയ്യുന്നത് ഞാന്‍ നിര്‍ത്തി: മഞ്ജു പിള്ള

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമായ നടി കരിയറിന്റെ തുടക്കത്തില്‍ ഹാസ്യ വേഷങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വഭാവവേഷങ്ങളും മഞ്ജു പിള്ളയെ തേടിയെത്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന സിറ്റ്-കോം സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

റോജിന്‍ തോമസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങി ചിത്രമാണ് ഹോം. സിനിമയില്‍ ശ്രദ്ധേയമായ ഒരു അമ്മ വേഷത്തില്‍ മഞ്ജു പിള്ള അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഹോം എന്ന സിനിമയ്ക്ക് ശേഷം പാവപ്പെട്ട അമ്മ വേഷങ്ങള്‍ തന്നെയാണ് തനിക്ക് കിട്ടാറുള്ളതെന്ന് പറയുകയാണ് മഞ്ജു പിള്ള.

ഹോം എന്ന സിനിമക്ക് ശേഷം തനിക്ക് ദാരിദ്ര്യം പിടിച്ച പാവപ്പെട്ട അമ്മ വേഷങ്ങള്‍ തന്നെയാണ് ലഭിക്കുന്നതെന്നും മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയില്‍ ഒരു അമ്മ റോള്‍ ചെയ്ത് താന്‍ അത്തരത്തിലുള്ള വേഷങ്ങള്‍ ചെയ്യുന്നത് നിര്‍ത്തിയെന്നും അവര്‍ പറയുന്നു. അങ്ങനെയുള്ള വേഷങ്ങള്‍ ചെയ്തിട്ട് തന്റെ മുഖത്ത് ഒരു ദാരിദ്ര്യം ലുക്ക് ആണോ എന്ന സംശയം തനിക്ക് തന്നെ തോന്നിയെന്നും മഞ്ജു പിള്ള കൂട്ടിച്ചേര്‍ത്തു. അമ്മ വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്നും എന്നാല്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ താത്പര്യമില്ലെന്നും മഞ്ജു പിള്ള പറഞ്ഞു. വണ്‍ ടു ടോക്‌സില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഹോം എന്ന സിനിമ റിലീസായി കഴിഞ്ഞപ്പോള്‍, എല്ലാം ഒരു പാവപ്പെട്ട അമ്മ, കഷ്ടപ്പെടുന്ന തരത്തിലുള്ള അമ്മ വേഷങ്ങള്‍ തന്നെയാണ് വന്നുകൊണ്ടിരുന്നത്. മലയാളി ഫ്രം ഇന്ത്യ എന്ന സിനിമയില്‍ നിവിന്റെ അമ്മയായിട്ട് ഒരു റോള്‍ ചെയ്ത് ഞാനാ അമ്മ വേഷങ്ങള്‍ അങ്ങ് സ്റ്റോപ് ചെയ്തു. എന്റെ മുഖത്ത് അത്രയും ഒരു ദാരിദ്ര്യം ലുക്ക് ആണോ എന്നൊരു സംശയം വന്നുപോയി. വരുന്നത് മുഴുവന്‍ ദാരിദ്ര്യം പിടിച്ച അമ്മയാണ്. കഷ്ടപ്പെടുന്ന അമ്മ, തയ്യല്‍ മെഷീന്‍ ചവിട്ടി കഷ്ടപ്പെടുന്നു, അങ്ങനെ മൊത്തം ദാരിദ്ര്യം ഇങ്ങനെ കളിച്ച് തുടങ്ങിയപ്പോള്‍ ഞാന്‍ മെല്ലെ അതങ്ങ് നിര്‍ത്തി.

കാരണം വേറെ ഒന്നുമല്ല, എനിക്ക് ടൈപ്പ് കാസ്റ്റ് ആയി പോകാനുള്ള ഒരു താത്പര്യമില്ലാത്തതുകൊണ്ടാണ്. എനിക്ക് അമ്മ വേഷങ്ങള്‍ ഇഷ്ടമാണ്. ഓ മൈ ഡാര്‍ലിങ്ങില്‍ അമ്മയായിരുന്നു. പക്ഷേ അതില്‍ നല്ല രസമുള്ള അമ്മയായിരുന്നു. സ്വര്‍ഗത്തില് ഒരു അമ്മയാണ്, അതിലും നല്ല ക്യാരക്ടറായിരുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയില്‍ അമ്മയല്ല പക്ഷേ നല്ല കഥാപാത്രമാണ്. എനിക്ക് കുറച്ച് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം,’ മഞ്ജു പിള്ള പറയുന്നു.

Content Highlight: Manju Pillai says that after the movie Home, she has been getting poor mother roles.

We use cookies to give you the best possible experience. Learn more