| Tuesday, 3rd June 2025, 4:42 pm

ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് എനിക്ക് ആക്‌സിഡന്റ് ആയി; മുഖം ഒരു സൈഡ് കീറി പോയിട്ടും അദ്ദേഹം കുഴപ്പമില്ലെന്ന് പറഞ്ഞു: മഞ്ജു പത്രോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടേയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. സിനിമകളിലെ ചെറിയ കഥാപാത്രമാണെങ്കില്‍ പോലും സ്വീകാര്യത നേടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. മനോരമ ചാനലിലെ മറിമായത്തിലൂടെയാണ് മഞ്ജു പ്രേക്ഷക ശ്രദ്ധ നേടുന്നത്.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് തനിക്ക് ആക്‌സിഡന്റ് പറ്റിയിട്ടുണ്ട് എന്ന് പറയുകയാണ് മഞ്ജു പത്രോസ്. സംവിധായകന്‍ ജിബു ജേക്കബാണ് തന്നെ വിളിച്ചതെന്നും മോഹന്‍ലാലിന്റെ കൂടെയാണ് അഭിനയിക്കേണ്ടത് എന്ന് പറഞ്ഞപ്പോള്‍ താന്‍ വളരെ എക്‌സൈറ്റഡായിരുന്നുവെന്നും മഞ്ജു പത്രോസ് പറയുന്നു.

എല്ലാം റെഡിയായി ഷൂട്ട് തുടങ്ങുന്നതിന്റെ കുറച്ച് ദിവസം മുമ്പാണ് തനിക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചതെന്നും തന്റെ മുഖത്തിന്റെ ഒരു സൈഡ് കീറിപോയിരുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ താന്‍ തന്നെ ആ റോള്‍ ചെയ്തുവെന്നും മേക്കപ്പ് ടെസ്റ്റ് നടത്തി കഴിഞ്ഞപ്പോള്‍ കുഴപ്പിമില്ല ചെയ്യാമെന്ന് സംവിധായകന് പറഞ്ഞുവെന്നും മഞ്ജു പത്രോസ് പഞ്ഞു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘എന്നെ ഒരു സുപ്രഭാതത്തില്‍ ജിബു ചേട്ടന്‍ വിളിച്ച് പറഞ്ഞു. ലാലേട്ടന്റെ പടത്തില്‍ ഒരു പ്രധാനപ്പെട്ട വേഷം ചെയ്യുന്നത് ഞാനാണ്. ലാലേട്ടനെ ഭയങ്കരമായിട്ട് പ്രണയിക്കുന്ന ഒരു റോളാണ്. ഞാന്‍ ഓര്‍ത്തു, എന്നെ ആയിരിക്കുമോ. മഞ്ജുപിള്ള ചേച്ചിയേ ആയിരിക്കുമോ എന്ന്. ഞാന്‍ മഞ്ജു പത്രോസാണ്. അതേ മഞ്ജു പത്രോസിനെ തന്നെയാണ് വിളിച്ചതെന്ന് പറഞ്ഞു. കാരണം ആ സമയത്ത് എന്റെ കരിയറൊക്കെ തുടങ്ങുന്നേ ഉള്ളൂ. ഞാന്‍ നല്ല എക്‌സൈറ്റഡായിരുന്നു അപ്പോള്‍, എനിക്ക് ചിരിക്കണോ സന്തോഷിക്കണോ ഒന്നും അറിഞ്ഞൂട. അതിങ്ങനെ സ്വപ്‌നം കണ്ടു കൊണ്ടിരുന്ന്, ഷൂട്ട് തുടങ്ങുന്നതിന്റെ ഒരു 11 ദിവസം മുമ്പ് ഒരു വലിയ ആക്‌സിഡന്റ് പറ്റിയെനിക്ക്.

സിനിമ കണ്ടാല്‍ മനസിലാകും. ഞാന്‍ വണ്ടിയില്‍ നിന്ന് വീണിട്ട്, എന്റെ മുഖത്തിന്റെ ഒരു സൈഡ് കീറിപോയി. എട്ട് ദിസം കഴിഞ്ഞപ്പോഴും നീരൊക്കെയായിട്ടിരിക്കുവായിരുന്നു. ഞാന്‍ ജിബു ചേട്ടനോട് പറഞ്ഞു വേറെ ആരെയെങ്കിലും നോക്കിക്കോളു എനിക്ക് കുഴപ്പമില്ലെന്ന്. മഞ്ജു ഫോട്ടോ അയക്കൂ എന്ന് പറഞ്ഞ്, ഫോട്ടോ അയച്ചപ്പോള്‍ സാരമില്ല വരൂ, നമ്മള്‍ക്ക് കുറച്ച് മേക്കപ്പ് ടെസ്റ്റ് നടത്താമെന്ന് പറഞ്ഞു. ജിബു ചേട്ടന്‍ കുറച്ച് നേരം ഫോട്ടോയിലൊക്കെ നോക്കിയിട്ട് പറഞ്ഞു. സാരമില്ല നമുക്ക് ചെയ്യാം എന്ന് പറഞ്ഞു. നമ്മുടെ പേര് എഴുതിയ അരി നമുക്ക് തന്നെ കിട്ടും,’ മഞ്ജു പത്രോസ് പറയുന്നു.

Content Highlight: Manju Pathrose says she had an accident before the start of the shoot for the film Munthiri Vallikal Thalirkkumbol.

We use cookies to give you the best possible experience. Learn more