ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജിമ മോഹന്‍. മമ്മൂട്ടി ചിത്രമായ കളിയൂഞ്ഞാലില്‍ ശാലിനിയുടെ ചെറുപ്പം അവതരിപ്പിച്ച് കൊണ്ട് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടി പിന്നീട് മധുരനൊമ്പരക്കാറ്റ്, പ്രിയം, സുന്ദരപുരുഷന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.
നിവിന്‍ പോളി ചിത്രം വടക്കന്‍ സെല്‍ഫിയിലൂടെയാണ് മഞ്ജിമ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച നടി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടമൈയട എന്ന ചിത്രത്തിലൂടെ തമിഴ് സിനിമകളില്‍ സജീവമായി. എന്നാല്‍ വിവാഹ ശേഷം താരം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു.
ഇപ്പോഴിതാ, മഹിളാരത്‌നം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹശേഷമുള്ള രണ്ടുവര്‍ഷത്തെ ജീവിതം എങ്ങനെയുണ്ടായിരുന്നുവെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടി. 2022 ല്‍ വിവാഹം പ്ലാന്‍ ചെയ്തിരുന്നില്ലെന്നും പുറമേയ്ക്ക് ഓവര്‍ വെല്‍മിങ്ങാണെങ്കിലും ഉള്ള് വളരെയധികം കംഫര്‍ട്ടബിളാണെന്നും മഞ്ജിമ പറഞ്ഞു.
‘അച്ഛനോട് സംസാരിക്കുമ്പോള്‍, വിവാഹ ശേഷം സിനിമ വേണമെന്നില്ല, സാധാരണ ജീവിതം മതിയെന്ന് പറ ഞ്ഞിരുന്നു. പക്ഷെ വീണ്ടും സിനിമയിലേക്ക് വരും, അഭിനയിക്കും എന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. ബ്രേക്കൊന്നും ശരിക്കും പറഞ്ഞാല്‍ ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തെ ഗ്യാപ്പേ ഉണ്ടായിരുന്നുള്ളൂ. ആറാം മാസം ‘സുഴല്‍’ എന്ന വെബ് സീരിസില്‍ അഭിനയിക്കാന്‍ തുടങ്ങി. 2023 നവംബറിലാണ് ഷൂട്ടിങ് തുടങ്ങിയത്.
അതിനുശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ തീരാന്‍ ഒരു വര്‍ഷമെടുത്തു. വലിയ ബ്രേക്ക് ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് അച്ഛനും ഭര്‍ത്താവ് ഗൗതം കാര്‍ത്തിക്കും അടുത്ത പ്ലാന്‍ എന്താണെന്ന് ചോദിച്ചത്. ഇത്ര ദിവസം റിലാക്സ് ചെയ്തു. ഇനി അഭിനയിക്കാം എന്ന് തീരുമാനിച്ചു,’ മഞ്ജിമ പറഞ്ഞു.
ആ ആറുമാസം താന്‍ വളരെയധികം എന്‍ജോയ് ചെയ്തുവെന്നും ഒരു കാര്യത്തിലും ടെന്‍ഷന്‍ ഇല്ലായിരുന്നുവെന്നും നടി പറയുന്നു. ഇനി എന്തുചെയ്യും എന്ന പ്രഷര്‍ ഇല്ലായിരുന്നുവെന്നും മഞ്ജിമ കൂട്ടിച്ചേര്‍ത്തു.
സുഴല്‍ 2വില്‍ മഞ്ജിമ അവതരിപ്പിച്ച നാഗമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ട് എപ്പിസോഡുകള്‍ അടങ്ങിയ ആദ്യ സീസണ്‍ 2022 ജൂണ്‍ 17 ന് പുറത്തിറങ്ങി. രണ്ടാം സീസണ്‍ 2025ലാണ് റിലീസ് ചെയ്തത്. നിവിന്‍ പോളി നായകനായെത്തിയ മിഖായേലാണ് നടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
Content Highlight: Manjima talks about her life after marriage