ബാലതാരമായി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാലില്‍ ശാലിനിയുടെ ചെറുപ്പം അവതരിപ്പിച്ച് കൊണ്ട് ബിഗ് സ്‌ക്രീനിലേക്ക് എത്തിയ നടി പിന്നീട് മധുരനൊമ്പരക്കാറ്റ്, പ്രിയം, സുന്ദരപുരുഷന്‍ എന്നീ സിനിമകളില്‍ അഭിനയിച്ചു.
ജി.പ്രജിത്ത് സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫിയിലൂടെയാണ് മഞ്ജിമ നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടമൈയട എന്ന സിനിമയിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയും തമിഴില്‍ സജീവമാകുകയും ചെയ്തു.
വിവാഹശേഷം സിനിമയില്‍ നിന്ന് ചെറിയ ഇടവളയെടുത്ത താരത്തിന്റെ
സുഴല്‍ എന്ന വെബ് സീരീസാണ് ഒടുവില്‍ പുറത്തിറങ്ങിയത്. ഇപ്പോഴിതാ തനിക്ക് സംവിധാനത്തിലേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെന്ന് താരം പറയുന്നു. മഹിളാരത്‌നം മാഗസിനില്‍ സംസാരിക്കുകയായിരുന്നു മഞ്ജിമ.
‘പെട്ടെന്ന് സംവിധാനം ചെയ്യാന്‍ കഴിയുമോ എന്നറിയില്ല. എന്നാല്‍ അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ ത്രില്ലര്‍ സിനിമാ സംവിധായികയായി എന്നെ കാണാം.
ഇപ്പോള്‍ രചയിതാവും സംവിധായകനും ഒരേയാളാണ് സിനിമയില്‍. നല്ല സ്‌ക്രിപ്റ്റ് കിട്ടിയാല്‍ സംവിധാനം ചെയ്യണമെന്ന് തീരുമാനിച്ചിരിക്കയാണ്. അഞ്ജലിമേനോന്‍, സുധ കൊങ്കര, ഗായത്രി എന്നിങ്ങനെ ധാരാളം ഫീമെയില്‍ ഡയറക്ടേഴ്സ് ഇവിടെയുണ്ട്. ക്യാമറയിലും മികവ് കാണിക്കുന്ന സ്ത്രീകളുണ്ട്,’ മഞ്ജിമ പറയുന്നു.
ഇത്രയും സ്ത്രീകള്‍ ഇവിടെ അച്ചീവ് ചെയ്യുമ്പോള്‍ എന്തുകൊണ്ട് തനിക്ക് ആയിക്കൂടാ എന്ന് തോന്നുന്നുവെന്നും എല്ലാ മേഖലയിലും സ്ത്രീകള്‍ അച്ചീവ് ചെയ്യുന്നുണ്ടെന്നും തനിക്കും അതിനുകഴിയുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നടി കൂട്ടിച്ചേര്‍ത്തു.
വിവാഹജീവിതം സന്തോഷകരമായാണ് മുന്നോട്ട് പോകുന്നതെന്നും താന്‍ സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷമായെന്നും മഞ്ജിമ പറഞ്ഞു. തമിഴിലാണ് അധികം സിനിമകള്‍ ചെയ്തതെന്നും അവര്‍ തന്നെ അകമഴിഞ്ഞ് സ്‌നേഹിക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Manjima mohan says she wants to get into directing