| Thursday, 22nd May 2025, 9:27 pm

20 ദിവസമെടുത്ത് ചെയ്ത സിനിമ 100 ദിവസമോടി; മോഹന്‍ലാലിന്റെ മികച്ച 5 കഥാപാത്രങ്ങളിലൊന്ന് ആ ചിത്രത്തിലേത്: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1976ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് മണിയന്‍പിള്ള രാജു. 1981ലാണ് മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലെ തന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന്റെ പേര് മണിയന്‍പിള്ള രാജു എന്നായി മാറുന്നത്.

കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും നടന് സാധിച്ചു. ഇപ്പോഴും നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് മണിയന്‍പിള്ള രാജു.

നടന്‍ മോഹന്‍ലാലുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ് അദ്ദേഹം. തന്റെ കരിയറില്‍ 50ല്‍ അധികം സിനിമകളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ നടന് സാധിച്ചിരുന്നു. ഈയിടെ ഇറങ്ങിയ തരുണ്‍ മൂര്‍ത്തി – മോഹന്‍ലാല്‍ ചിത്രത്തിലും മണിയന്‍പിള്ള രാജു ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തിയ വെള്ളാനകളുടെ നാട് എന്ന സിനിമയെ കുറിച്ച് പറയുകയാണ് അദ്ദേഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മിച്ചത് മണിയന്‍പിള്ള രാജുവായിരുന്നു.

വെള്ളാനകളുടെ നാട് എന്ന സിനിമ 20 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്. വളരെ ചെറിയ പടമായിരുന്നു അത്. പക്ഷെ ആ സിനിമ ചിത്രം പോലെയുള്ള വലിയ പടത്തിന്റെ കൂടെ നിന്ന് 100 ദിവസമാണ് തിയേറ്ററില്‍ ഓടിയത്.

പിന്നെ മോഹന്‍ലാല്‍ എന്ന നടന്റെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങള്‍ എടുത്താല്‍ അതില്‍ ഒന്ന് തീര്‍ച്ചയായും സി.പി. നായര്‍ അഥവാ സി. പവിത്രന്‍ നായര്‍ തന്നെയാണ്. വെള്ളാനകളുടെ നാട് സിനിമയിലെ അദ്ദേഹത്തിന്റെ കഥാപാത്രമാണ് അത്,’ മണിയന്‍പിള്ള രാജു പറയുന്നു.

വെള്ളാനകളുടെ നാട്:

1988ലായിരുന്നു ശ്രീനിവാസന്‍ എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായപ്പോള്‍ ശോഭന, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എം.ജി. സോമന്‍, ശ്രീനിവാസന്‍, കരമന ജനാര്‍ദനന്‍ നായര്‍, മണിയന്‍പിള്ള രാജു, സുകുമാരി, കെ.പി.എ.സി ലളിത, ലിസി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.


Content Highlight: Maniyanpilla Raju Talks About Vellanakalude Nadu Movie

We use cookies to give you the best possible experience. Learn more