മലയാളി പ്രേക്ഷകരുടെ പ്രിയ നടനാണ് മണിയന്‍പിള്ള രാജു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത മണിയന്‍പിള്ള അഥവാ മണിയന്‍പിള്ളയാണ് ആദ്യമായി നായകനായി അഭിനയിച്ച സിനിമ. 400ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. മോഹന്‍ലാലിന്റെ കൂടെയും നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.
അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മണിയന്‍പിള്ള രാജു നിര്‍മിച്ച ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മോഹന്‍ലാല്‍, ഭാവന, സായി കുമാര്‍, സിദ്ധിഖ്, കലാഭവന്‍ മണി, ഇന്ദ്രജിത്ത്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമ റീ റിലീസിനൊരുങ്ങുന്നു എന്ന വിവരം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ ഛോട്ടാ മുംബൈയുടെ റീ റിലീസിനെ പറ്റി സംസാരിക്കുകയാണ് മണിയന്‍ പിള്ള രാജു. ഛോട്ടാ മുംബൈയുടെ സെക്കന്‍ഡ് പാര്‍ട് എടുത്തു കൂടേയെന്ന് ഫാന്‍സ് ഉള്‍പ്പടെ പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിന് ഒരു സെക്കന്‍ഡ് പാര്‍ട്ടിന്റെ സ്‌കോപ് ഇല്ലെന്ന് താന്‍ പറഞ്ഞുവെന്നും മണിയന്‍പിള്ള രാജു പറയുന്നു. മോഹല്‍ലാലിന്റെ ഈ അടുത്ത് റീ റിലീസ് ചെയ്ത സിനിമകള്‍ എല്ലാം തന്നെ വിജയിച്ചിരുന്നുവെന്നും അങ്ങനെയാണ് താന്‍ ഛോട്ടാ മുംബൈ യുടെ റി റിലീസിനെ പറ്റി ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മോഹല്‍ലാലിന്റെ ഏറ്റവും നല്ല കോമഡി സിനിമകളില്‍ ഒന്നാണ് ഛോട്ടാ മുംബൈ എന്നും മണിയന്‍ പിള്ള രാജു കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗ്യത്തിന് സിനിമയുടെ നെഗറ്റീവിന് യാതൊരു തരത്തിലുള്ള ഡാമേജും സംഭവിച്ചില്ലെന്നും ഡോള്‍ബി ഫോര്‍ കെ റെസലൂഷന്‍ ആയിട്ടായിരിക്കും സിനിമ ഇറക്കുക എന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘മോഹന്‍ലാല്‍ ഫാന്‍സില്‍ ഉള്ളവരും അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നവരുമൊക്കെ ചേട്ടാ, ഛോട്ട മുബൈയുടെ ഒരു സെക്കന്‍ഡ് പാര്‍ട്ട് എടുത്തു കൂടെ എന്നു ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സെക്കന്‍ഡ് പാര്‍ട്ടിന് സ്‌കോപ് ഇല്ല. ഇതുവരെ നമ്മളുടെ മനസില്‍ വന്നിട്ടില്ല. അങ്ങനെ ഒരു സ്പാര്‍ക്ക് തോന്നി ആരും വന്നിട്ടുമില്ല. മോഹലാലിന്റെ രണ്ടുമൂന്ന് പടങ്ങള്‍ റീ റിലീസ് ചെയ്തതെല്ലാം സക്‌സസ് ആയിരുന്നു.
ഇത് മോഹന്‍ലാല്‍ ചെയ്ത ഏറ്റവും നല്ല കോമഡി സിനിമകളില്‍ ഒന്നാണ്. മോഹന്‍ലാല്‍ ചെയ്ത ഏറ്റവും നല്ല മൂന്ന് കോമഡി പടങ്ങള്‍ എടുക്കുകയാണെങ്കില്‍ ഒന്ന് ഇത് തന്നെയാണ് ഒരു സംശയവുമില്ല. അപ്പോള്‍ എന്റെ ഭാഗ്യത്തിന് ഇതിന്റെ നെഗറ്റീവ് ഡാമേജ് ആയിട്ടില്ലായിരുന്നു. മറ്റൊന്ന് ഇതിന്റെ സൗണ്ടൊക്കെ തമിഴും തെലുങ്കോ ഡബ്ബിങ് വന്നതുകൊണ്ട്, ഞാന്‍ അന്നേ ഹാര്‍ഡ് ഡിസ്‌കില്‍ ആക്കി വെച്ചിരുന്നു. അത് വളരെ ഗുണം ചെയ്തു.
ഈ സിനിമയ്ക്ക് ഡി.എ ഇല്ല. അന്ന് ഡി. എ ഇല്ല ഡോള്‍ബി ഇല്ല. അറ്റ്‌മോസ് ഇല്ല. ഈ പടം നമ്മള്‍ ഇപ്പോള്‍ ഡോല്‍ബി ഫോര്‍ കെ റെസലൂഷനിലാണ് ഇറക്കുന്നത് ഭയങ്കര ക്വാളിറ്റിയായിരിക്കും,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju talks about the re-release of Chotta Mumbai