| Tuesday, 20th May 2025, 8:10 pm

'നമ്മളൊക്കെ 200 കൊല്ലം ജീവിക്കാന്‍ വന്നതല്ലല്ലോ' ക്യാന്‍സറാണെന്ന് അറിഞ്ഞ് മമ്മൂട്ടിയുടെ ഉപദേശം കിട്ടി: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കാനും 13 സിനിമകള്‍ നിര്‍മിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഒരു ക്യാന്‍സര്‍ സര്‍വൈവര്‍ കൂടിയാണ് നടന്‍. തൊണ്ടയില്‍ ക്യാന്‍സര്‍ ആയിരുന്ന മണിയന്‍പിള്ള രാജു തനിക്ക് 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞുവെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

തനിക്ക് ക്യാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ച് പറയുകയാണ് നടന്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘ഞാന്‍ നിസാര കാര്യങ്ങള്‍ക്ക് തളരുകയും അപ്‌സെറ്റാകുകയും ചെയ്യുന്ന ആളാണ്. പക്ഷെ അതൊക്കെ വളരെ ചെറിയ നിമിഷങ്ങിലേക്ക് മാത്രമാണ്. പിന്നെ ഞാന്‍ അതില്‍ നിന്ന് റിക്കവറായി വരും. ഞാന്‍ ഒരു ഫൈറ്ററാണ്, ഞാന്‍ പോരാളിയായി പെട്ടെന്ന് തന്നെ തിരിച്ചു വരും.

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 1973-75ലാണ് ഞാന്‍ അഭിനയം പഠിച്ച് ഇറങ്ങുന്നത്. പിന്നെ കുറേനാള്‍ കഷ്ടപ്പെട്ടു. ആ സമയത്തും ഞാന്‍ ‘ഇന്നല്ലെങ്കില്‍ നാളെ ഈ ചുമരിലൊക്കെ എന്റെ പോസ്റ്റര്‍ വരും’ എന്ന് പറയുമായിരുന്നു. ഞാന്‍ അതിന് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു.

അങ്ങനെയാണ് ഞാന്‍ സിനിമയില്‍ വരുന്നത്. ക്യാന്‍സര്‍ വന്ന സമയത്ത് ആദ്യമായി അറിഞ്ഞ സെക്കന്റില്‍ ഞാന്‍ തളര്‍ന്നു പോയിരുന്നു. എന്റെ ജീവിതം ഇവിടെ തീര്‍ന്നല്ലോ എന്നാണ് ഞാന്‍ ചിന്തിച്ചത്. പിന്നെ ആലോചിച്ചപ്പോള്‍ ഫൈറ്റ് ചെയ്യാന്‍ തന്നെ തീരുമാനിച്ചു.

അന്ന് ഞാന്‍ മമ്മൂട്ടിയെ വിളിച്ചു പറഞ്ഞപ്പോള്‍ ‘ഫൈറ്റ് ചെയ്യണമെടാ. നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നതല്ലല്ലോ. നീ ഫൈറ്റ് ചെയ്യണമെടാ’ എന്നായിരുന്നു മറുപടി. അങ്ങനെയൊരു ഉപദേശം എനിക്ക് മമ്മൂട്ടിയില്‍ നിന്ന് കിട്ടി. നമ്മള്‍ തളര്‍ന്നാല്‍ അവിടെ പോയി,’ മണിയന്‍പിള്ള രാജു പറയുന്നു.


Content Highlight: Maniyanpilla Raju Talks About Mammootty

We use cookies to give you the best possible experience. Learn more