| Wednesday, 14th May 2025, 2:12 pm

അന്ന് നസീര്‍ സാറിന് കഴിക്കാന്‍ വെച്ച ആഹാരത്തില്‍ ഞങ്ങള്‍ മണ്ണ് വാരിയിട്ട് ഇറങ്ങിയോടി: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും നിര്‍മാതാവുമാണ് മണിയന്‍ പിള്ള രാജു. തന്റെ പ്രൊഡക്ഷന്‍ വിഭാഗത്തിലുള്ള എല്ലാവര്‍ക്കും ഒരുപോലെ ഭക്ഷണം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ ഇതിനെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

താന്‍ ഭക്ഷണത്തോട് വളരെ കൊതിയുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറയുന്നു. താന്‍ പണ്ട് അഭിനയിക്കുന്നകാലത്ത് സെറ്റില്‍ നായകന്‍മാര്‍ക്കും മറ്റ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിനും പല രീതിയില്‍ ഭക്ഷണം കൊടുക്കുന്നത് കണ്ടിട്ടുണ്ടെന്നും ലൈറ്റ് ബോയസ് പിച്ചക്കാരെ പോലെ മാറി ഇരുന്ന് കഴിക്കുന്നത് കണ്ട് തനിക്ക് ഏറെ സങ്കടം വന്നിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. ജീവിതത്തില്‍ എന്നെങ്കിലും സിനിമ ചെയ്യുകയാണെങ്കില്‍ താന്‍ എല്ലാവര്‍ക്കും ഒരുപോലെയാണ് ഭക്ഷണം കൊടുക്കുക എന്ന് അന്ന് തീരുമാനിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരിക്കല്‍ പ്രേം നസീര്‍ കഴിക്കാനുള്ള ആഹാരത്തില്‍ താന്‍ മണ്ണ് വാരിയിട്ടുണ്ടെന്നും അത് പ്രതിഷേധാത്മകമായാണ്  ചെയ്തതെന്ന് പിന്നീട് താന്‍ നസീറിനോട  പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയോട് വളരെ പാഷനുള്ള ആളാണ് താനെന്നും തന്നെ ശപിക്കരുതെന്നും അദ്ദേഹത്തോട് പറഞ്ഞുവെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. കൗമുദി മൂവിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ എപ്പോഴും ഭക്ഷണത്തില്‍ കൊതിയുള്ള ആളാണ്. 1975-76 കാലഘട്ടത്തില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ സെറ്റില്‍ ഹീറോയായ നസീര്‍ സാര്‍, ജയന്‍ സാര്‍ തുടങ്ങിയവര്‍ക്കൊക്കെ ഉച്ചക്ക് ഫിഷ് ഫ്രൈ, മട്ടനെല്ലാം ഉണ്ടാകും. എന്നെ പോലെയുള്ള, എന്റെ തൊട്ട് താഴെയുള്ള ആളുകള്‍ക്കൊക്കെ മത്തികറിയോ അങ്ങനെ എന്തെങ്കിലും ഉണ്ടാകും.

പക്ഷേ എനിക്ക് ഏറ്റവും കൂടുതല്‍ വിഷമമാകുന്നത്, ലൈറ്റ് ബോയ്‌സിനൊക്കെ രണ്ട് പൊതിയാണ് കൊടുക്കുക. ഒന്നില്‍ സാമ്പാര്‍ സാദം, മറ്റേതില്‍ തൈര് സാദം. അല്ലെങ്കില്‍ പുളിയോതര എന്ന് പറഞ്ഞ ഒരു സാധനം. അല്ലെങ്കില്‍ ടൊമാറ്റോ റൈസ്. ഇവരിങ്ങനെ മാറി ഇരുന്ന് പിച്ചക്കാര് കഴിക്കുന്നതുപോലെ കഴിക്കുന്നത് കാണുമ്പോള്‍ എനിക്ക് സങ്കടം വരും. ഞാന്‍ അന്ന് വിചാരിച്ചു. ജീവിത്തില്‍ സിനിമ എടുക്കുകയാണെങ്കില്‍ ആ ഹീറോ കഴിക്കുന്ന ഫുഡ് തന്നെ ഇവര്‍ക്കും കൊടുക്കണം.

ഒരു ദിവസം ഒരു സംഭവം ഉണ്ടായി, ഞാനും വര്‍ക്കലയുള്ള ഗോപാലകൃഷ്ണനും ഒരു പരിപാടി കാണിച്ചു. ഷോട്ടിന്റെ സമയത്ത് ഇടക്ക് ഇറങ്ങി വന്നിട്ട് ഞാന്‍ നസീര്‍ സാറിന്റെ മുറിയില്‍ കേറി ഒരുപിടി ഭക്ഷണം വാരി തിന്നു. എന്നിട്ട് തറയില്‍ നിന്ന് കുറച്ച് മണ്ണ് വാരിയിട്ട് ഇറങ്ങി ഓടി. അന്ന് ഉച്ചക്ക് നസീര്‍ സാര്‍ കഴിക്കുമ്പോള്‍ എന്താണ് ഇതിനകത്ത് ഭയങ്കരമായിട്ട് മണ്ണ് കടിക്കുന്നതെന്ന് പറഞ്ഞു. അപ്പോള്‍ ആഹാരം കഴിക്കാതിരുന്ന ബഹ്ദൂര്‍ സാറും മറ്റുമൊക്കെ ‘ശരിയാണ് ഭയങ്കര മണ്ണ്’എന്ന് പറഞ്ഞു. അവരാരും കഴിച്ചിട്ടില്ല.

അവിടെ അന്ന് പ്രൊഡക്ഷനില്‍ കുക്കിനെ വഴക്ക് പറയുന്നു, ആകെ ബഹളം. കാരണം നസീര്‍ സാറിന്റെ ഭക്ഷണമല്ലേ. ഞാന്‍ ഇത് പില്കാലത്ത് നസീര്‍ സാറിന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്. ‘ തിരുവനന്തപുരത്ത് നിന്നാണ് ഞാന്‍ വരുന്നത്. അവിടെ കുറെ കല്യാണ മണ്ഡപം ഉണ്ട്. അപ്പോള്‍ ഒരു തരക്കേടില്ലാത്ത കുടുംബം ഉണ്ടെങ്കില്‍ എന്നും സദ്യ കഴിച്ച് വരാന്‍ കഴിയുന്ന സ്ഥലത്ത് നിന്നാണ് ഞാന്‍ വരുന്നത്. ഇവിടെ വരുന്നത് അഭിനയത്തോടുള്ള അതിയായ പാഷന്‍ ഉള്ളതുകൊണ്ടാണ്. എന്ത് തന്നാലും കഴിക്കും. പക്ഷേ ഈ മണ്ണ് വാരിയിട്ടത്ത് ഒരു സമരമായിരുന്നു. സാര്‍ എന്നെ ശപിക്കല്ലേ’ എന്ന് നസീര്‍ സാറോട് ഞാന്‍ പറഞ്ഞു,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju talks about how he feeds everyone equally in the production.

We use cookies to give you the best possible experience. Learn more