| Sunday, 15th June 2025, 1:27 pm

'ഈ മുഖവും വച്ച് സിനിമയിൽ അഭിനയിക്കാനോ' എന്ന് അദ്ദേഹം ചോദിച്ചു; ഒരു മണിക്കൂറിന് ശേഷം വിളിച്ച് വേഷവും തന്നു: മണിയൻപിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1976ൽ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെ സിനിമാ കരിയർ ആരംഭിച്ച നടനാണ് മണിയൻപിള്ള രാജു. നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മണിയന്‍പിള്ള രാജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം നേടി. നടന്‍ എന്നതിന് പുറമെ നിര്‍മാതാവ് എന്ന നിലയിലും മണിയന്‍പിള്ള രാജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ താൻ സിനിമയിലേക്ക് വന്നതിനെപ്പറ്റി സംസാരിക്കുകയാണ് മണിയൻപിള്ള രാജു.

പഠനം കഴിഞ്ഞ് ചെന്നൈയിൽ പോയപ്പോൾ സഹപാഠി കൂടിയായ മല്ലിക സുകുമാരനെ കണ്ടെന്നും അവർ ശ്രീകുമാരൻ തമ്പിയെ പോയി കാണാൻ നിർദേശിച്ചുവെന്നും മണിയൻപിള്ള രാജു പറയുന്നു.

എന്നാൽ പ്രതീക്ഷയോടെ ചെന്ന തന്നോട് ഈ മുഖവും വെച്ച് സിനിമയിൽ അഭിനയിക്കാനോ എന്ന് ചോദിച്ചെന്നും പിന്നീട് ഒരു മണിക്കൂറിനുശേഷം തനിക്ക് ഫോൺ വന്നെന്നും അദ്ദേഹം പറയുന്നു.

തൻ്റെ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടെന്നും രാവിലെ വരണമെന്നും മണിയൻപിള്ള രാജു പറഞ്ഞു. വർഷങ്ങൾക്ക് ശേഷം താൻ തിരിച്ചുവിളിക്കാൻ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ അതിന് കാരണം ഭാര്യയാണെന്ന് പറഞ്ഞെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി. മനോരമ വാരാന്ത്യപതിപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രീഡിഗ്രിക്ക് ശേഷം പുണെ ഫിലിം ഇൻസ്റ്റ‌ിറ്റ്യൂട്ടിൽ ചേരാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, അവസരം ലഭിച്ചില്ല. അഡയാർ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിച്ചു. പഠനം കഴിഞ്ഞ നാളുകളിൽ സഹപാഠി കൂടിയായ നടി മല്ലിക സുകുമാരനെ ചെന്നൈയിൽ വെച്ചു കണ്ടു. അവർ പറഞ്ഞു ‘ശ്രീകുമാരൻ തമ്പി സാർ പുതിയ സിനിമ സംവിധാനം ചെയ്യുന്നു. രാജു പോയി കണ്ടുനോക്ക്’ എന്ന്.

അണ്ണാ നഗറിലെ വീട്ടിൽ പ്രതീക്ഷയോടെ നിന്ന എന്നോട് തമ്പി ചോദിച്ചു, ‘നീ കണ്ണാടി നോക്കാറില്ലേ? ഈ മുഖവും വെച്ച് സിനിമയിൽ അഭിനയിക്കാനോ’ എന്ന്. വേദനയോടെ മടങ്ങുമ്പോഴും ലോഡ്‌ജിൻ്റെ ഫോൺ നമ്പർ അവിടെ കൊടുത്തു. ഒരു മണിക്കൂറിനുശേഷം തമ്പിയുടെ ഫോൺ കോൾ ‘എന്റെ മോഹിനിയാട്ടം സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്. രാവിലെ വണ്ടി വരും. ചെറിയ റോളേയുള്ളൂ’  എന്ന്.

കാലങ്ങൾക്ക് ശേഷം അദ്ദേഹത്തോട് ചോദിച്ചു, ‘എന്നെ തിരികെ വിളിക്കാൻ എന്താണ് കാരണം സാർ’ എന്ന്. വീടിന് മുന്നിലെ ബസ് സ്‌റ്റോപ്പിൽ നിന്നു കരയുന്ന എന്നെ മുകളിൽ നിന്ന അദ്ദേഹത്തിൻ്റെ ഭാര്യ രാജേശ്വരി കണ്ടിരുന്നു ‘അവസരം ചോദിച്ചു വരുന്നവരോട് ഇങ്ങനെ പെരുമാറണോ? ആ പയ്യൻ ഇന്നു കോടമ്പാക്കത്തെ ഏതെങ്കിലും റെയിൽവേ ട്രാക്കിൽ തല വെച്ചുമരിക്കും’ എന്ന് തൻ്റെ ഭാര്യ തന്നോട് ചോദിച്ചെന്ന് സാർ എന്നോട് പറഞ്ഞു. മനസ് പിടഞ്ഞ് ലോഡ്‌ജിലേക്ക് വിളിച്ച ശേഷം രാത്രി തന്നെ എനിക്ക് വേണ്ടി ഒരു സീൻ എഴുതുകയായിരുന്നു,’ മണിയൻപിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju Talking about His First Movie Mohiniyattam

We use cookies to give you the best possible experience. Learn more