ഒട്ടനവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളികളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് മണിയൻപിള്ള രാജു. അഭിനേതാവെന്ന നിലയിൽ മാത്രമല്ല, നിർമാണ മേഖലയിലും അദ്ദേഹം തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, മമ്മൂട്ടിയുടെ മുറിയിലേക്ക് എപ്പോഴും അനുവാദം ചോദിക്കാതെ കയറിച്ചെല്ലാൻ കഴിയുന്ന രണ്ടുപേരിൽ ഒരാളാണ് താനെന്നും മറ്റൊരാൾ നടൻ കുഞ്ചനാണെന്നും പറയുകയാണ് മണിയൻപിള്ള രാജു.
ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങൾ പങ്കുവെച്ചത്.
‘മമ്മൂട്ടിയുടെ റൂമിൽ ചോദിക്കാതെ കയറാനുള്ള അനുമതി എനിക്കും കുഞ്ചനും മാത്രമാണ്. മമ്മൂക്ക ഇപ്പോഴും വളരെ അപ്‌ഡേറ്റായ ആളാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞാൻ മമ്മൂക്കയെ വിളിച്ച് കിഷാന്ദിന്റെ’ മസ്തിഷ്‌കമരണം’ കണ്ടോ എന്ന് ചോദിച്ചിരുന്നു.
മണിയൻപിള്ള രാജു, മമ്മൂട്ടി, Photo: Maniyanpilla raju/ Facebook
അപ്പോൾ അദ്ദേഹം ‘ഞാൻ ഇപ്പോൾ ചെന്നൈയിലാണ്, നാളെയോ മറ്റന്നാളോ പാക്കം’ എന്ന് തമിഴിൽ മറുപടി പറഞ്ഞു,’ മണിയൻപിള്ള രാജു പറഞ്ഞു
കൂടാതെ, കാൻസറിനെ നേരിടുന്ന സമയത്ത് മമ്മൂട്ടിയുടെ വാക്കുകളാണ് തനിക്ക് വലിയ പ്രചോദനമായതെന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
റേഡിയേഷൻ ചികിത്സയ്ക്കിടെ പേടി തോന്നുന്ന സമയങ്ങളിൽ പോലും മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഓർത്ത് ധൈര്യം കണ്ടെത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘എനിക്ക് അസുഖം വന്നപ്പോൾ ഞാൻ മമ്മൂട്ടിയെ വിളിച്ച് സംസാരിച്ചു. ‘എനിക്ക് സുഖമില്ല, സർജറി വേണം’ എന്ന് പറഞ്ഞപ്പോൾ, അദ്ദേഹം നൽകിയ മറുപടി എനിക്ക് വലിയ ഉത്തേജനമായിരുന്നു.
‘നീ ഫൈറ്റ് ചെയ്യണം, വിട്ടുകൊടുക്കരുത്, പോരാടി തിരികെ വരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
റേഡിയേഷൻ ചെയ്യുമ്പോൾ പേടി തോന്നും. അപ്പോൾ ഞാൻ കണ്ണടച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഓർക്കും ‘ഫൈറ്റ് ചെയ്യണം’ എന്ന്. ജീവിതത്തിലും അതുപോലെയാണ് മുന്നോട്ട് പോകാൻ നമ്മൾ പോരാടണം.
എന്നാൽ അതിന്റെ അർത്ഥം മറ്റൊരാളെ തോൽപ്പിക്കണമെന്നല്ല. നമ്മൾ സത്യസന്ധരായിരിക്കണം, നേരായ വഴിയിൽ നടക്കണം. അപ്പോൾ ഭാഗ്യം നമ്മളെ തേടി വരും,’ എന്നും മണിയൻപിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla raju talk about Actor Mammootty
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.