പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളാനകളുടെ നാട്. മണിയന്‍പിള്ള രാജു നിര്‍മിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്. മോഹന്‍ലാല്‍, ശോഭന തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു. ഈ ചിത്രം 2010 ല്‍ പ്രിയദര്‍ശന്‍ തന്നെ ഹിന്ദിയില്‍ ഘട്ട മീട്ട എന്ന പേരില്‍ റീമേക്ക് ചെയ്തു.
വെള്ളാനകളുടെ നാട് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇപ്പോള്‍ മണിയന്‍പിള്ള രാജു. ഒരു ദിവസം ശ്രീനിവാസന്റെ കത്ത് വന്നെന്നും അദ്ദേഹം പൊന്‍മുട്ട ഇടുന്ന താറാവ് എന്ന സിനിമയുടെ ഷൂട്ടിന് പോകുകയാണ്, വെള്ളാനകളുടെ നാടിന്റെ സീനുകളെല്ലാം കൊടുത്തയക്കാം എന്ന് പറഞ്ഞുവെന്നും മണിയന്‍പിള്ള രാജു പറയുന്നു.
തന്നെ അന്വേഷിച്ച് അപ്പോള്‍ മഹാറാണിയിലേക്ക് കുറെ ലോറിക്കാര്‍ വന്നുവെന്നും ഗുരുവായൂരില്‍ നിന്ന് ശ്രീനിവാസന്‍ കൊടുത്തയച്ച സീനുകള്‍ തന്നുവെന്നും അദ്ദേഹം പറയുന്നു. ഇതുകഴിഞ്ഞ് ശ്രീനിവാസന്‍ വന്നപ്പോള്‍ അദ്ദേഹത്തെ മോഹന്‍ലാല്‍ റാഗ് ചെയ്ത് കൊന്നുവെന്നും ഇരുപതാം ദിവസം സിനിമ പാക്ക്അപ്പ് ആയെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ദിവസം രാവിലെ ശ്രീനിവാസന്റെ ഒരു കത്ത് വന്നു. ‘രാജു എന്നോട് ഒന്നും തോന്നരുത്, സത്യന്‍ അന്തിക്കാടിന്റ പൊന്‍മുട്ട ഇടുന്ന താറാവിന്റെ ഷൂട്ടിന് പോകുകയാണ് ഞാന്‍. വെള്ളാനകളുടെ നാടിന്റെ സീനുകള്‍ ഞാന്‍ അവിടെ എത്തിച്ചോളം’ എന്നായിരുന്നു കത്തില്‍. എന്നിട്ട് പുള്ളി പെട്ടിയെടുത്ത് ഗുരുവായൂര്‍ പോയി.
ചില ലോറി ഡ്രൈവര്‍മാര്‍ മഹാറാണിയില്‍ വന്നിട്ട് ‘മണിയന്‍പിള്ള രാജു സാര്‍ ഇവിടെ ആണോ താമസിക്കുന്നത്? ഗുരുവായൂരില്‍ നിന്ന് ഒരു കവര്‍ തന്ന് വിട്ടിട്ടുണ്ട്’ എന്നൊക്കെ പറയും. അങ്ങനെ അത് വഴി പോകുന്നവരും വരുന്നവരുമൊക്കെ ഒരു കവര്‍, ഒരു സീന്‍, രണ്ട് സീന്‍ അങ്ങനെ തന്നിട്ട് പോകും. അങ്ങനെ പത്തൊമ്പതാമത്തെ ദിവസം ആയപ്പോള്‍ ശ്രീനിവാസന്‍ വന്നു, മോഹന്‍ലാല്‍ ശ്രീനിവാസനെ റാഗ് ചെയ്തു കൊന്നു.
ഇരുപതാമത്തെ ദിവസം ആ പടം പാക്ക്അപ്പാണ്. ഒരു ഷോട്ടും ബാക്കിയില്ല. പടത്തിനെ പറ്റി പറയുകയാണെങ്കില്‍ മോഹന്‍ലാലിന്റെ പത്ത് കഥാപാത്രങ്ങള്‍ എടുത്താല്‍ ഒന്ന് എന്തായാലും വെള്ളാനകളുടെ നാട്ടിലെ സി.പി.പവിത്രന്‍ നായരാണ്. ശ്രീനിവാസന്റെ സ്‌ക്രിപ്റ്റ് എടുത്ത കഴിഞ്ഞാല്‍ മികച്ച സ്‌ക്രിപ്റ്റില്‍ ഒന്നാണ് ഇത്. ചിത്രം പോലെ 365 ദിവസം ഓടുമ്പോള്‍ അതിന്റെ കൂടെ വന്ന് 100 ദിവസം ഓടിയ സിനിമയാണ് വെള്ളാനകളുടെ നാട്,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju sharing his experiences during the shooting of the film Vellanakalde Nadu.