മലയാളസിനിമയിലെ മികച്ച സുഹൃത്തുക്കളാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും. ഇരുവരും ഒന്നിച്ച പല സിനിമകളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. 12 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച തുടരും മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്തായ കുട്ടിയച്ചന്‍ എന്ന കഥാപാത്രത്തെയാണ് മണിയന്‍പിള്ള രാജു തുടരും എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.
താനും മോഹന്‍ലാലുമൊത്തുള്ള രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. അക്കരെയക്കരെയക്കരെ എന്ന സിനിമയുടെ ഷൂട്ട് അമേരിക്കയിലായിരുന്നു നടന്നതെന്നും ആ സമയത്ത് അവിടെയുള്ള ഹോട്ടലുകളില്‍ നിന്ന് ചിലപ്പോള്‍ ഭക്ഷണം കഴിക്കുമായിരുന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
ഹൂസ്റ്റണില്‍ ഷൂട്ട് നടന്നുകൊണ്ടിരുന്നപ്പോള്‍ താന്‍ ഒരു റെസ്‌റ്റോറന്റില്‍ പോയെന്നും മോഹന്‍ലാലിനെയും കൂടെ വിളിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുറച്ച് മുമ്പ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതിനാല്‍ തനിക്ക് വേണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്നും താന്‍ പോയി കഴിച്ചെന്നും അദ്ദേഹം പറയുന്നു. വരുന്ന വഴി അവിടന്ന് രണ്ട് ഹോട്ട് ഡോഗ് പാഴ്‌സല്‍ വാങ്ങിയെന്നും മോഹന്‍ലാലിന് അത് കൊടുക്കാമെന്ന് വിചാരിച്ചെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.
ആ ദിവസം ഉച്ചക്ക് പ്രൊഡക്ഷന്റെ ഭക്ഷണം വരാന്‍ വല്ലാതെ വൈകിയെന്നും പാര്‍വതിയും അമ്മയും വിശന്ന് തളര്‍ന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവരുടെ അവസ്ഥ കണ്ട് താന്‍ ആ ഹോട്ട്‌ഡോഗ് അവര്‍ക്ക് കൊടുത്തെന്നും മോഹന്‍ലാല്‍ വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞെന്നും മണിയന്‍പിള്ള രാജു പറയുന്നു. അന്നത്തെ ദിവസം മോഹന്‍ലാല്‍ പിന്നീട് ഭക്ഷണം കഴിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അക്കരെയക്കരെയക്കരെ എന്ന പടത്തിന്റെ ഷൂട്ട് നടന്നത് അമേരിക്കയിലായിരുന്നു. ഇടയ്ക്ക് അവിടത്തെ ഹോട്ടലില്‍ നിന്നൊക്കെ ഫുഡ് കഴിക്കാറുണ്ടായിരുന്നു. ഹൂസ്റ്റണില്‍ ഒരിക്കല്‍ ഷൂട്ട് നടന്ന സമയത്ത് അവിടെ ഒരു ഹോട്ടല്‍ കണ്ടു. അവിടെ പോയി കഴിക്കാമെന്ന് പറഞ്ഞ് ലാലിനെ വിളിച്ചു. ‘കുറച്ച് മുന്നേ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതേയുള്ളൂ, എനിക്ക് ഇപ്പോള്‍ വേണ്ട’ എന്ന് പറഞ്ഞ് മാറിനിന്നു.
ഞാന്‍ അവിടെപ്പോയി ഫുഡ്ഡടിച്ചു. വരുന്ന വഴി രണ്ട് ഹോട്ട്‌ഡോഗ് പാഴ്‌സല്‍ വാങ്ങി. അന്ന് ഉച്ചക്ക് പ്രൊഡക്ഷന്റെ ഫുഡ് വരാന്‍ വൈകി. ഞാന്‍ നോക്കുമ്പോള്‍ പാര്‍വതിയും അമ്മയും വിശന്ന് തളര്‍ന്ന് ഇരിക്കുന്നു. ഞാന്‍ അവര്‍ക്ക് ആ ഹോട്ട്‌ഡോഗ് കൊടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ ലാല്‍ വന്നിട്ട് ‘നല്ല വിശപ്പ്, ആ സാധനമെടുക്ക്’ എന്ന് പറഞ്ഞു. അത് ഞാന്‍ പാര്‍വതിക്കും അമ്മക്കും കൊടുത്തെന്ന് പറഞ്ഞപ്പോള്‍ ലാല്‍ ഒന്നും മിണ്ടാതെ പോയി. അന്ന് ഉച്ചക്ക് അയാള്‍ ഒന്നും കഴിച്ചില്ല,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju shares the shooting experience with Mohanlal in Akkareyakkareyakkare movie