| Wednesday, 11th June 2025, 3:05 pm

അണ്ണാ, നിങ്ങളുടെ കൈപ്പുണ്യം കൊണ്ടാണ് ഇവിടം വരെയെത്തിയതെന്ന് ലാല്‍, അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് ഞാന്‍ അയാളെ തിരുത്തി: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയിലെ മികച്ച സുഹൃത്തുക്കളാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും. ഇരുവരും ഒന്നിച്ച പല സിനിമകളും ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. 12 വര്‍ഷത്തിന് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച തുടരും മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സുഹൃത്തായ കുട്ടിയച്ചന്‍ എന്ന കഥാപാത്രത്തെയാണ് മണിയന്‍പിള്ള രാജു തുടരും എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.

സ്‌കൂള്‍കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളായിരുന്നു. യൂത്ത് ഫെസ്റ്റിവല്‍ നാടകത്തിന് മോഹന്‍ലാലിന് മേക്കപ്പ് ചെയ്തുകൊടുത്ത അനുഭവം പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. സ്‌കൂളില്‍ തന്റെ ജൂനിയറായിരുന്നു മോഹന്‍ലാലെന്ന് താരം പറഞ്ഞു. താന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് മോഹന്‍ലാലും സുഹൃത്തുക്കളും തന്റെയടുത്ത് വന്നെന്നും യൂത്ത് ഫെസ്റ്റിവലിന് ഒരു നാടകം പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തനിക്കറിയാവുന്ന ഒരു നാടകം അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തെന്നും മേക്കപ്പിന് വേണ്ടി ഓരോരുത്തരുടെ കൈയില്‍ നിന്നും മൂന്ന് രൂപ വീതം വാങ്ങിയിരുന്നെന്നും മണിയന്‍പിള്ള രാജു പറയുന്നു. 90 വയസുള്ള വൃദ്ധനായാണ് മോഹന്‍ലാല്‍ ആ നാടകത്തില്‍ അഭിനയിച്ചതെന്നും പത്താം ക്ലാസുകാരെ വരെ മാറ്റിനിര്‍ത്തി ആ വര്‍ഷത്തെ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് അദ്ദേഹം സ്വന്തമാക്കിയെന്നും താരം പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘സ്‌കൂളില്‍ എന്റെ ജൂനിയറായിരുന്നു ലാല്‍. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയം, ഒരുദിവസം ലാലും അയാളുടെ അഞ്ചാറ് സുഹൃത്തുക്കളും എന്റെ വീട്ടിലേക്ക് വന്നു. ‘അണ്ണാ, സ്‌കൂളില്‍ കളിക്കാന്‍ ഒരു നാടകം പഠിപ്പിച്ച് തരാമോ’ എന്ന് ചോദിച്ചു. ഞാന്‍ അതിന് സമ്മതിച്ചു. എനിക്ക് അറിയാവുന്ന ഒരു നാടകം അവര്‍ക്ക് പഠിപ്പിച്ച് കൊടുത്തു.

മേക്കപ്പിനും ബാക്കി കാര്യങ്ങള്‍ക്കും വേണ്ടി ഓരോരുത്തരുടെയും കൈയില്‍ നിന്ന് മൂന്ന് രൂപ വെച്ച് വാങ്ങി. ലാലിന് മേക്കപ്പ് ചെയ്ത് കൊടുത്തത് ഞാനായിരുന്നു. 90 വയസുള്ള വൃദ്ധനായിട്ടാണ് അയാള്‍ നാടകത്തില്‍ അഭിനയിച്ചത്. അന്നൊക്കെ സ്‌കൂളില്‍ ടോപ് സീനിയേഴ്‌സിന്റെ നാടകത്തിന് മാത്രമേ ഒന്നാം സ്ഥാനം കിട്ടിയിരുന്നുള്ളൂ. ലാലിന്റെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ അവര്‍ക്ക് ഫസ്റ്റ് കിട്ടിയെന്ന് ഉറപ്പിച്ചു.

ബാക്കി സീനിയേഴ്‌സ് അറിഞ്ഞ് വലിയ പ്രശ്‌നമാകണ്ടെന്ന് കരുതി ഞാന്‍ അവിടെ നിന്ന് മാറി. അന്ന് അത്രയും ആളുകളുടെ ഇടയില്‍ നിന്ന് ലാല്‍ ബെസ്റ്റ് ആക്ടറായി. ഇപ്പോഴും ഇടക്ക് ലാല്‍ എന്നോട് പറയും, ‘അണ്ണാ, എല്ലാത്തിനും കാരണം നിങ്ങളുടെ കൈപ്പുണ്യമാണ്’ എന്ന്. അത് കേട്ട് ഞാന്‍ അയാളെ തിരുത്തും. അന്ന് ലാലിന്റെ കൂടെയുണ്ടായിരുന്ന അഞ്ച് പേര്‍ റേഡിയോ നാടകത്തില്‍ പോലും വന്നില്ല. അത് അയാളുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് കിട്ടിയത്,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju shares the school time memories with Mohanlal

We use cookies to give you the best possible experience. Learn more