| Tuesday, 21st January 2025, 4:29 pm

ആ മോഹന്‍ലാല്‍ ചിത്രത്തിന്റെ സെറ്റിലേക്ക് വന്ന ഗുണ്ടകളെ ഓടിച്ചത് പപ്പുചേട്ടന്‍ പറഞ്ഞ ഐഡിയ കാരണമാണ്: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളിലും മണിയന്‍പിള്ള രാജുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. മോഹന്‍ലാല്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു.

തിരുവനന്തപുരത്തെ താര ഹോട്ടലിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ചിത്രത്തിലെ നായിക ലിസിയായിരുന്നുവെന്നും രാത്രി ഷൂട്ടിന്റെ സമയത്ത് രണ്ട് ഗുണ്ടകള്‍ എങ്ങനെയോ സെറ്റിലേക്ക് കടന്നുവന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ലിസിയുടെ അടുത്തെത്തി ശല്യം ചെയ്‌തെന്നും തലയില്‍ തലോടിയെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

ലിസിയുടെ ബഹളം കേട്ട് സെറ്റിലെ ബാക്കി ആളുകള്‍ വന്ന് അവരെ തല്ലിയോടിച്ചെന്നും കുറച്ച് സമയത്തിന് ശേഷം ആ ഗുണ്ടകള്‍ അവരുടെ സുഹൃത്തുക്കളുമായി വന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. അത്രയും ആളുകളെ എങ്ങനെ നേരിടുമെന്ന് അറിയാതെ നിന്നപ്പോള്‍ കുതിരവട്ടം പപ്പു ഒരു ഐഡിയ തന്നെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

ഷൂട്ടിനായി വെച്ച ഗദയും വാളും എല്ലാം ഓരോരുത്തരും എടുത്ത് അവരുടെ നേരെ പോയെന്നും അത് കണ്ട് അവര്‍ പേടിച്ച് ഓടിയെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. അന്ന് സെറ്റിലവുണ്ടായിരുന്നവരെ രക്ഷിച്ചത് കുതിരവട്ടം പപ്പുവിന്റെ ഐഡിയയായിരുന്നെന്നും അത് ഒരിക്കലും മറക്കില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന പടത്തിന്റെ ഷൂട്ട് തിരുവനന്തപുരം താര ഹോട്ടലിലായിരുന്നു. ഒരു ദിവസം രാത്രി സെറ്റില്‍ രണ്ട് ഗുണ്ടകള്‍ എങ്ങനെയോ കയറിക്കൂടി. അവര്‍ നേരെ ലിസിയുടെ അടുത്തേക്ക് ചെന്നു. ആ സമയത്ത് ലിസി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ഗുണ്ടകള്‍ ലിസിയുടെ പ്ലേറ്റില്‍ നിന്ന് ഫുഡ് എടുത്ത് കഴിച്ചിട്ട് അവരുടെ തലയിലൊക്കെ തലോടി. ലിസിയുടെ ബഹളം കേട്ട് സെറ്റിലെ ബാക്കിയുള്ളവര്‍ ഓടിക്കൂടി വന്ന് ആ രണ്ട് പേരെയും ഓടിച്ചുവിട്ടു.

രണ്ട് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോയ രണ്ട് ഗുണ്ടകളും അവരുടെ കൂട്ടുകാരെയും കൂട്ടി സെറ്റിലേക്ക് വന്നു. എന്ത് ചെയ്യുമെന്ന് അറിയാതെ നിന്നപ്പോള്‍ പപ്പു ചേട്ടന്‍ ഒരു ഐഡിയ പറഞ്ഞ് തന്നു. ആ സെറ്റില്‍ ഫൈറ്റിനൊക്കെ വെച്ചിരുന്ന ഡമ്മി ഗദയും വാളും കുറേ ഉണ്ടായിരുന്നു. ഓരോരുത്തരും ഓരോന്ന് കൈയില്‍ എടുത്ത് നില്‍ക്കാന്‍ പറഞ്ഞു. എല്ലാവരുടെയും കൈയില്‍ ആയുധങ്ങള്‍ കണ്ടപ്പോള്‍ വന്ന ഗുണ്ടകളെല്ലാം തിരിച്ചോടി. ആ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju shares the memories of Mazha Peyyunnu Maddalam Kottunnu movie

We use cookies to give you the best possible experience. Learn more