മോഹന്‍ലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം 1995ല്‍ പുറത്തിറങ്ങിയ ചിത്രം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആട് തോമ എന്ന ഐക്കോണിക് കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം അടുത്തിടെ റീ റിലീസ് ചെയ്തിരുന്നു. 4.8 കോടിയാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയത്.
ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മണിയന്‍പിള്ള രാജു. ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാലിന്റെ മെയ്‌വഴക്കം എത്രത്തോളമുണ്ടെന്ന് തെളിയിച്ച സിനിമയാണ് സ്ഫടികമെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് മോഹന്‍ലാല്‍ പല സീനുകളും ചെയ്തതെന്നും ത്യാഗരാജനായിരുന്നു ആ സിനിമയുടെ ഫൈറ്റ്മാസ്റ്ററെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാല്‍ ദൈവത്തെപ്പോലെ കാണുന്നയാളാണ് ത്യാഗരാജനെന്നും ഇന്നും ഓരോ ഫൈറ്റ് സീന്‍ എടുക്കുന്നതിന് മുമ്പും മോഹന്‍ലാല്‍ അദ്ദേഹത്തെ മനസില്‍ സ്മരിക്കാറുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. സ്ഫടികത്തില്‍ ജീപ്പില്‍ നിന്ന് പുറത്തേക്ക് ചാടുന്ന സീന്‍ വളരെ റിസ്‌കുള്ള ഒന്നായിരുന്നെന്നും തലനാരിഴ വ്യത്യാസത്തിലാണ് മോഹന്‍ലാല്‍ വെള്ളത്തില്‍ ചാടാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.
‘സ്ഫടികത്തിലെ ഫൈറ്റ് സീനെല്ലാം നോക്കിക്കഴിഞ്ഞാല്‍ മോഹന്‍ലാലിന്റെ മെയ്‌വഴക്കം എത്രയുണ്ടെന്ന് മനസിലാകും. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് ലാല്‍ ഓരോ ഫൈറ്റും ചെയ്തത്. അന്നത്തെ കാലത്ത് വളരെ റിസ്‌ക് പിടിച്ച പരിപാടിയാണ് ആ പടത്തില്‍ ലാല്‍ ചെയ്തത്. ത്യാഗരജന്‍ മാസ്റ്ററായിരുന്നു ആ പടത്തിന്റെ ഫൈറ്റ്മാസ്റ്റര്‍.
മോഹന്‍ലാല്‍ ദൈവത്തെപ്പോലെയാണ് ത്യാഗരാജന്‍ മാസ്റ്ററെ കാണുന്നത്. ഇന്നും ഓരോ ഫൈറ്റ് എടുക്കുന്നതിന് മുമ്പ് ലാല്‍ മാസ്റ്ററെ മനസില്‍ സ്മരിക്കും. അത്രക്ക് ആത്മബന്ധമാണ് അവര്‍ തമ്മില്‍. സ്ഫടികത്തില്‍ ലാല്‍ ജീപ്പില്‍ നിന്ന് പുറത്തേക്ക് ചാടുന്ന സീന്‍ എടുക്കുന്ന സമയത്ത് മാസ്റ്റര്‍ ദേഷ്യപ്പെട്ട ഒരു സംഭവമുണ്ടായിട്ടുണ്ട്.
ജീപ്പ് ഒരു റാമ്പിലേക്ക് ഓടിച്ച് കയറ്റിയിട്ടാണ് ലാല്‍ പുറത്തേക്ക് ചാടുന്നത്. പുറത്തോട്ട് ചാടിക്കഴിഞ്ഞാല്‍ വണ്ടി നേരെ വെള്ളത്തിലേക്ക് പോകും. സൈഡില്‍ കുറച്ച് വൈക്കോലൊക്കെ ഇട്ടിട്ടുണ്ട്. അതിലേക്കാണ് ചാടേണ്ടത്. റാമ്പ് കുറച്ച് ഹൈറ്റിലുള്ളതുകൊണ്ട് ലാലിന്റെ ടൈമിങ് ചെറുതായിട്ട് വൈകി. മാസ്റ്റര്‍ അത് കണ്ട് ലാലിനോട് ചൂടായി. കാരണം, സെറ്റിലുള്ള എല്ലാവര്‍ക്കും അത് കണ്ട് ടെന്‍ഷനായിരുന്നു,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Maniyanpilla Raju shares shooting experience of Spadikam movie and Mohanlal’s action sequence