| Monday, 2nd June 2025, 6:03 pm

സ്‌കൂളില്‍ എന്റെ സീനിയറായിരുന്നു മലയാളത്തിലെ ആ മഹാനടന്‍, അദ്ദേഹത്തിന്റെ നാടകമാണ് അഭിനയത്തിലേക്ക് വരാനുള്ള എന്റെ പ്രചോദനം: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. നാല് പതിറ്റാണ്ടിലധികമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞുനില്‍ക്കുന്ന മണിയന്‍പിള്ള രാജു 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്റെ സീനിയറായിരുന്നു ജഗതി ശ്രീകുമാറെന്ന് മണിയന്‍പിള്ള രാജു പറയുന്നു. താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജഗതി ശ്രീകുമാര്‍ പത്താം ക്ലാസ് പാസായെന്നും പിന്നീട് ഒരിക്കല്‍ സ്‌കൂളിലേക്ക് നാടകം ചെയ്യാന്‍ അദ്ദേഹം വന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

അത് കണ്ടിട്ടാണ് തനിക്ക് അഭിനയിക്കാന്‍ പ്രചോദനം ലഭിച്ചതെന്നും പിന്നീട് താന്‍ നാടകത്തിലും മോണോ ആക്ടിലുമൊക്കെ സജീവമായെന്നും അദ്ദേഹം പറഞ്ഞു. പ്രീ ഡിഗ്രിയിലെത്തിയപ്പോള്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും മണിയന്‍പിള്ള രാജു പറയുന്നു. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ജഗതി ശ്രീകുമാര്‍ സ്‌കൂളില്‍ എന്റെ സീനിയറായിരുന്നു. ഞാന്‍ ആറിലോ ഏഴിലോ പഠിക്കുന്ന സമയത്ത് പുള്ളി പാസ് ഔട്ടായി. പിന്നീട് സ്‌കൂളിന്റെ വാര്‍ഷികത്തിനോ മറ്റോ ഒരു നാടകം അവതരിപ്പിക്കാന്‍ വേണ്ടി വന്നിരുന്നു. നല്ല രസമുള്ള നാടകമായിരുന്നു അത്. എല്ലാവരും അത് കണ്ട് കൈയടിയും ചിരിയുമായിരുന്നു. എനിക്കും അതുപോലെ അഭിനയിക്കണമെന്നും കൈയടി വാങ്ങണമെന്നുമൊക്കെയുള്ള ചിന്ത വന്നു.

അങ്ങനെ നാലഞ്ച് പേരെയൊക്കെ ചേര്‍ത്ത് അന്നത്തെ ഹിറ്റ് പാട്ടിന് ഡാന്‍സ് കളിച്ചു. അതുപോലെ മോണോ ആക്ടിലും നാടകത്തിലും സജീവമായി. സ്‌കൂളില്‍ പഠിച്ച സമയത്ത് അടുപ്പിച്ച് മൂന്ന് വട്ടം ബെസ്റ്റ് ആക്ടറായി മാറി. മോഡല്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് ആര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.

ചെമ്മീന്‍ എന്ന സിനിമ വലിയ ഹിറ്റായി നില്‍ക്കുന്ന സമയമായിരുന്നു. അന്ന് ഞാന്‍ രാമു കാര്യാട്ട് സാറിന് കത്തയച്ചിരുന്നു. അതിന് അദ്ദേഹം മറുപടിയും അയച്ചു. ‘പ്രിയപ്പെട്ട സുധീര്‍ കുമാര്‍, നിരുത്സാഹപ്പെടുത്തുകയാണെന്ന് വിചാരിക്കരുത്. കഴിവുണ്ടെങ്കില്‍ എന്നെങ്കിലും സിനിമയിലെത്തും, സ്‌നേഹപൂര്‍വം രാമു കാര്യാട്ട്’ എന്നായിരുന്നു കത്തില്‍. സ്‌കൂളിലേക്കാണ് അത് വന്നത്. പ്രിന്‍സിപ്പലൊക്കെ എന്നെ അഭിനന്ദിച്ചു,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju saying Jagathy Sreekumar was his senior in school

We use cookies to give you the best possible experience. Learn more