| Friday, 2nd May 2025, 4:53 pm

ആ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴാണ് എനിക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യത്തെ സംബന്ധിച്ച് പല റൂമറുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മുഖത്ത് ക്ഷീണത്തോടെ പല പരിപാടികളിലും പങ്കെടുത്ത മണിയന്‍പിള്ള രാജുവിനെക്കുറിച്ച് പല വാര്‍ത്തകളും വന്നിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

താന്‍ ക്യാന്‍സര്‍ ബാധിതനാണെന്ന് മണിയന്‍പിള്ള രാജു വെളിപ്പെടുത്തുകയാണ്. തുടരും സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പോകുന്ന സമയത്ത് ചെവിവേദന വന്നെന്നും അത് മാറാതെ നിന്നപ്പോള്‍ ഡോക്ടറെ കാണിച്ചെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ആദ്യം മരുന്നുകള്‍ കഴിച്ചിട്ടും മാറാത്തതിനാല്‍ കൂടുതല്‍ ടെസ്റ്റ് ചെയ്‌തെന്നും അപ്പോഴാണ് ക്യാന്‍സറാണെന്ന് തിരിച്ചറിഞ്ഞതെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 30 റേഡിയേഷന്‍ ട്രീറ്റ്‌മെന്റും അഞ്ച് കീമോയും എടുത്തുകഴിഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ ചികിത്സ അവസാനിച്ചെന്നും മരുന്നൊന്നും ഇപ്പോള്‍ ഇല്ലെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. 16 കിലോ ഭാരം കുറഞ്ഞെന്നും ഇപ്പോള്‍ കുഴപ്പമില്ലെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. എറണാകുളത്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഴിഞ്ഞ വര്‍ഷം എനിക്ക് ക്യാന്‍സറായിരുന്നു. തുടരും എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് ഭ ഭ ബ എന്ന പടത്തിലേക്ക് ജോയിന്‍ ചെയ്യാന്‍ പോകുമ്പോഴായിരുന്നു ഇത് തുടങ്ങിയത്. ചെവി വേദനയായിട്ടാണ് ഇത് തുടങ്ങിയത്. നമ്മളൊക്കെ കേട്ട് ശീലിച്ചതുപോലെ വലിയ പെയിനൊന്നും ആ സമയത്തുണ്ടായിരുന്നില്ല. എം.ആര്‍.ഐയൊക്കെ എടുത്തുനോക്കിയപ്പോഴാണ് സംഗതി എന്താണെന്ന് മനസിലായത്.

തൊണ്ടയുടെ സൈഡില്‍ നാവിന്റെ അറ്റത്തായിരുന്നു അത്. 30 റേഡിയേഷനും അഞ്ച് കീമോയും ട്രീറ്റ്‌മെന്റിന്റെ ഭാഗമായി എടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ എല്ലാ ട്രീറ്റ്‌മെന്റും കഴിഞ്ഞു. മരുന്നൊന്നും ഇപ്പോള്‍ കണ്ടിന്യൂ ചെയ്യുന്നില്ല. പക്ഷേ, എന്റെ വെയിറ്റ് 16 കിലോ കുറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju saying he realised and diagnosed with caner after Thudarum movie shoot

We use cookies to give you the best possible experience. Learn more