മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഛോട്ടാ മുംബൈ. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2007ല്‍ റിലീസ് ചെയ്ത ചിത്രം വലിയ വിജയമായി മാറി. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയായിരുന്നു അണിനിരന്നത്. ചിത്രം 4K സാങ്കേതിക വിദ്യയില്‍ റീമാസ്റ്റര്‍ ചെയ്ത് വീണ്ടും പ്രദര്‍ശനത്തിനെത്തുകയാണ്.
പ്രേം നസീര്‍ അഭിനയിച്ച സിന്ധു എന്ന ചിത്രത്തിലെ ‘ചെട്ടിക്കുളങ്ങര ഭരണി നാളില്‍’ എന്ന പാട്ടിന്റെ റീമിക്‌സ് വേര്‍ഷനായിരുന്നു ഛോട്ടാ മുംബൈയില്‍ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനില്‍ ഉപയോഗിച്ചത്. ഈ പാട്ട് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് മണിയന്‍പിള്ള രാജു. ആ പാട്ട് എഴുതിയത് ശ്രീകുമാരന്‍ തമ്പിയും സംഗീതം നല്‍കിയത് അര്‍ജുനന്‍ മാസ്റ്ററുമാണെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു.
എന്നാല്‍ രണ്ടുപേരുടെ പക്കലും ആ പാട്ടിന്റെ റൈറ്റ്‌സ് ഇല്ലായിരുന്നെന്നും മുംബൈയിലുള്ള ഒരു കമ്പനിയുടെ കൈയിലായിരുന്നു റൈറ്റ്‌സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈയില്‍ പോയി ആ കമ്പനിയുമായി ബന്ധപ്പെട്ടവരോട് ചോദിച്ചാണ് റൈറ്റ്‌സ് വാങ്ങിയതെന്നും അക്കാര്യത്തില്‍ ശ്രീകുമാരന്‍ തമ്പിക്ക് തെറ്റിദ്ധാരണയുണ്ടായിരുന്നെന്നും മണിയന്‍പിള്ള രാജു പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍ എന്ന പാട്ട് എഴുതിയത് ശ്രീകുമാരന്‍ തമ്പി സാറും സംഗീതം നല്‍കിയത് അര്‍ജുനന്‍ മാസ്റ്ററുമാണ്. പക്ഷേ രണ്ടുപേരുടെ കൈയിലും അതിന്റെ റൈറ്റ്‌സ് ഇല്ലായിരുന്നു. മുംബൈയിലെ ഒരു കമ്പനിക്കായിരുന്നു ആ പാട്ടിന്റെ റൈറ്റ്‌സ്. ഞാന്‍ അവരുടെ ഓഫീസില്‍ പോയി റൈറ്റ്‌സിന് വേണ്ടി സംസാരിച്ചു. നാല് ലക്ഷമായിരുന്നു അവര്‍ ചോദിച്ചത്.
ഞാന്‍ മുഴുവന്‍ പാട്ടും ഉപയോഗിക്കാതെ എനിക്ക് ആവശ്യമുള്ള ഭാഗത്തിനുള്ള റൈറ്റ്‌സ് മാത്രം ചോദിച്ചു. രണ്ടേമുക്കാല്‍ ലക്ഷമാണ് റൈറ്റ്‌സിന് ചെലവായത്. അന്ന് നസീര്‍ സാറിന്റെ ആ പടത്തിന് ആകെ ചെലവായത് രണ്ടര ലക്ഷം രൂപയായിരുന്നു. തെലുങ്ക് സിനിമകളിലെ സ്റ്റൈലിലാണ് ആ പാട്ടില്‍ ലാലിനെ പ്രസന്റ് ചെയ്തത്.
ആ പാട്ട് പടത്തില്‍ നല്ല രീതിയില്‍ വര്‍ക്കായി. എല്ലാവര്‍ക്കും അതൊരു സര്‍പ്രൈസായിരുന്നു. പക്ഷേ, ശ്രീകുമാരന്‍ തമ്പി സാറിന് ആ പാട്ടിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണയുണ്ടായിരുന്നു. ഞാന്‍ അദ്ദേഹത്തെ കണ്ട് സംസാരിച്ച് കാര്യങ്ങളൊക്കെ മനസിലാക്കിക്കൊടുത്തു. കാരണം അദ്ദേഹത്തിന്റെ കൈയില്‍ റൈറ്റ്‌സില്ലാത്തതുകൊണ്ടാണല്ലോ നമ്മള്‍ മറ്റേ ടീമിനെ പോയി കണ്ടത്,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju about the remix song used in Chotta Mumbai movie