| Tuesday, 10th June 2025, 7:57 am

ഭക്ഷണത്തിന്റെ കാര്യത്തില്‍ മമ്മൂട്ടി നല്ലവണ്ണം ശ്രദ്ധിക്കും, എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മണിയന്‍പിള്ള രാജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്‍ഡസ്ട്രിയുടെ മുന്‍നിരയില്‍ സ്ഥാനം നേടി. നടന്‍ എന്നതിന് പുറമെ നിര്‍മാതാവ് എന്ന നിലയിലും മണിയന്‍പിള്ള രാജു തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മമ്മൂട്ടിയെക്കുറിച്ചും മോഹന്‍ലാലിനെക്കുറിച്ചും സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു. മോഹന്‍ലാലിന്റെ വീട്ടില്‍ താന്‍ ഇടക്കിടക്ക് പോകാറുണ്ടെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. പാചകത്തിനോട് ഒരുപാട് ഭ്രമമുള്ളയാളാണ് മോഹന്‍ലാലെന്നും ഓരോ തവണ പോകുമ്പോഴും എന്തെങ്കിലും വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നയാളാണെന്നും ഓരോ തവണ കഴിക്കുമ്പോഴും അത് തന്റെ ശരീരത്തിന് പറ്റുന്നതാണോ എന്ന് ചിന്തിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ അങ്ങനെയല്ലെന്നും എന്ത് കിട്ടിയാലും കഴിക്കുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. സമകാലികം മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ മോഹന്‍ലാലിന്റെ വീട്ടിലൊക്കെ ഇടക്ക് പോകാറുണ്ട്. അവിടെ പോകുമ്പോഴൊക്കെ പുള്ളി വെറൈറ്റിയായിട്ട് എന്തെങ്കിലുമൊക്കെ കുക്ക് ചെയ്യും. ‘ഇന്ന് നമുക്ക് ചിക്കന്‍ പുതിയ രീതിയില്‍ ഉണ്ടാക്കിയാലോ’ എന്നൊക്കെ ചോദിക്കും. പരീക്ഷണങ്ങളാണ് അതൊക്കെ. പാചകത്തിനോട് നല്ല ക്രെയ്‌സാണ് ലാലിന്. ഇടക്ക് പുറത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷെഫിന് ഒരോ നിര്‍ദേശം കൊടുക്കാറുണ്ട്.

‘ചിക്കന്‍ സ്റ്റൂവില്‍ ഇപ്രാവശ്യം കുറച്ച് ക്യാഷു അരച്ച് ചേര്‍ക്കൂ’ അങ്ങനെയോരോന്ന് പറയും. അതൊക്കെ കഴിച്ചാലും അതിനനുസരിച്ച് വര്‍ക്കൗട്ട് ചെയ്ത് ബോഡി മെയിന്റെയിന്‍ ചെയ്യും. ലാലിന്റെ ശരീരപ്രകൃതി അങ്ങനെയാണ്. നല്ല രസമുള്ള അനുഭവമാണ് ലാലിന്റെ കൂടെ അങ്ങനെ ഫുഡൊക്കെ കഴിച്ച് ഇരിക്കുക എന്ന് പറഞ്ഞാല്‍.

മമ്മൂട്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ ഭയങ്കരമായിട്ട് ശ്രദ്ധിക്കും. പുള്ളിക്ക് വേണ്ടത് എത്രയാണോ, അത് മാത്രമേ കഴിക്കുള്ളൂ. വേസ്റ്റ് ചെയ്യാറില്ല. വളര കുറച്ച് മാത്രമേ ഏത് ഫുഡായാലും പുള്ളി കഴിക്കുള്ളൂ. മോഹന്‍ലാല്‍ അങ്ങനെയല്ല, എന്ത് കിട്ടിയാലും കഴിക്കും. അതാണ് രണ്ട് പേരും തമ്മിലുള്ള വ്യത്യാസം,’ മണിയന്‍പിള്ള രാജു പറയുന്നു.

Content Highlight: Maniyanpilla Raju about the food habits of Mammootty and Mohanlal

We use cookies to give you the best possible experience. Learn more