| Monday, 16th June 2025, 5:27 pm

എന്നെ ചലഞ്ച് ചെയ്ത സംവിധായകന്; ആ മോഹന്‍ലാല്‍ ചിത്രത്തിനിടെ പറ്റുന്നില്ല എനിക്ക് വീട്ടില്‍ പോകണം എന്ന് പറഞ്ഞു: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് ഏറെ പരിചിതനായ വ്യക്തിയാണ് മണിയന്‍പിള്ള രാജു. ഇപ്പോള്‍ തന്നെ ചലഞ്ച് ചെയ്ത സംവിധായകരെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

തന്നെ ഏറ്റവും ചലഞ്ച് ചെയ്ത സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് അദ്ദേഹം പറയുന്നു. മിന്നാരം എന്ന സിനിമയുടെ സമയത്ത് തനിക്കൊരു അനുഭവമുണ്ടായെന്നും ഒരു സീനില്‍ തനിക്ക് പറയാനുള്ള ഡയലോഗ് പ്രോംറ്റര്‍ പോലുമില്ലാതെ കാണാതെ പഠിച്ചുവരാന്‍ പറഞ്ഞെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. അത് താന്‍ പഠിച്ചുവന്നപ്പോള്‍ ഷൂട്ട് അന്ന് എടുത്തില്ലെന്നും പിന്നെയും രണ്ട് മൂന്ന് ദിവസവും സമാനമായ രീതിയില്‍ തന്നെ സംഭവിച്ചുവെന്നും അദ്ദേഹം പറയുന്നു.

പിന്നീട് ഷൂട്ട് ചെയ്യാതെ വന്നപ്പോള്‍ തനിക്ക് വയ്യ ക്ഷീണിച്ചുവെന്ന് അവരോട് പറഞ്ഞെന്നും അങ്ങനെ സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. രേഖാ മോനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ ചലഞ്ച് ചെയ്ത ഡയറക്ടറ്മാരില്‍, പ്രിയദര്‍ശന്റെ പേര് പറയാതിരിക്കാന്‍ പറ്റില്ല. മിന്നാരം എന്ന പടത്തില്‍ ‘മല മല’ എന്ന് പറയുന്ന സീനില്ലെ. ഞാന്‍ സെറ്റില്‍ ചെല്ലുമ്പോഴേക്കും, പ്രിയദര്‍ശന്‍ എനിക്ക് പറയാനുള്ള ആ ഡയലോഗും കാര്യങ്ങളുമൊക്കെ ഇങ്ങനെ ഒരു പത്ത് പേജ് എഴുതിവെച്ചു. എന്നിട്ട് അസിസ്റ്റന്റ് ഡയറക്ടറുടെ അടുത്ത് കോപ്പി എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു. എന്നിട്ട് എന്നോട് ‘പ്രോംറ്റര്‍ ഇല്ല. ഒന്നും ഇല്ല, നീ ഇത് ഒറ്റ ഷോട്ടില്‍ ചെയ്യണ്ടതാണ്. അതിനാണ് നിന്നെ ഇത്രയും പൈസയും തന്ന് ഇതില്‍ ബുക്ക് ചെയ്തിരിക്കുന്നത്. ഉച്ചക്ക് ശേഷമേ എടുക്കുകയുള്ളു പോയിരുന്ന് പഠിക്ക്’ എന്ന് പറഞ്ഞു.

എന്റെ എല്ലാ കോമഡികളും അസ്തമിച്ചു. ഞാന്‍ ഒരു കോസ്റ്റിയൂമറിന്റെ മുറിയില്‍ വിഴുപ്പിന്റെ പുറകില്‍ ഇരുന്ന് കാണാതെ പഠിച്ചു. അന്ന് പക്ഷേ ഷോട്ട് എടുത്തില്ല. ഞാന്‍ പോയി റൂമില്‍ കിടന്നുറങ്ങി. രാത്രി വാഷ് റൂമില്‍ പോകാന്‍ എഴുന്നേല്‍ക്കുമ്പോള്‍ ഈ പേപ്പര്‍ എടുക്കും വീണ്ടും രണ്ട് പ്രാവശ്യം വായിക്കും. പിന്നെയും കിടന്നുറങ്ങും. രണ്ടാമത്തെ ദിവസവും ഉച്ചക്ക് സീന്‍ എടുക്കും എന്ന് പറഞ്ഞു. അത് ഇവരുടെ ഒരു മെന്‍ഡല്‍ ടോര്‍ച്ചറിങ് ആണ്. അന്നും എടുത്തില്ല.

നാലാമത്തെ ദിവസം ഞാന്‍ ‘എന്റെ വെയിറ്റ് കുറഞ്ഞു. എനിക്ക് വീട്ടില്‍ പോകണം, പറ്റുന്നില്ലെന്ന്’ പറഞ്ഞു. അങ്ങനെ പ്രിയന് മനസിലായി ഞാന്‍ ആകെ ക്ഷീണിച്ചെന്ന്. ആ ഷോട്ടില്‍ തിലകന്‍ ചേട്ടനുണ്ട്, ശോഭനയുണ്ട് മോഹന്‍ലാലും ശങ്കരാടി ചേട്ടനുമൊക്കെയുണ്ട്. അങ്ങനെ വന്‍ ഗ്രൂപ്പ് നില്‍ക്കുമ്പോള്‍ ഈ ഡയലോഗ് ഞാന്‍ ഒറ്റക്ക് പറയുകയാണ്. ആ ഡയലോഗ് ഒറ്റ ശ്വാസത്തില്‍ പറയുകയാണല്ലോ. ഫസ്റ്റ് ഷോട്ടില്‍ തന്നെ റെഡിയായി. പിന്ന നല്ല കയ്യടിയൊക്കെയായിരുന്നു,’മണിയന്‍പിള്ള രാജു പറയുന്നു.

Content highlight: Maniyanpilla raju about priyadarshan

We use cookies to give you the best possible experience. Learn more