| Thursday, 29th May 2025, 10:13 am

സിനിമയുടെ പ്രൊമോഷനെന്ന പേരില്‍ 15 ലക്ഷം വരെ വാങ്ങിക്കും, 1000 രൂപ പോലും പ്രൊമോട്ട് ചെയ്യുന്നവര്‍ക്ക് കൊടുക്കില്ല: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രൊമോഷനെ കുറിച്ചും അതിന് വേണ്ടി വന്‍ തുക കൈപറ്റുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജു.

സിനിമാ പ്രൊമോഷനെന്ന പേരില്‍ നിര്‍മാതാക്കളുടെ കയ്യില്‍ നിന്ന് ലക്ഷണങ്ങള്‍ കൈപറ്റുമെന്നും എന്നാല്‍ പ്രൊമോട്ട് ചെയ്യുന്നവര്‍ക്ക് 1000 രൂപ പോലും കൊടുക്കില്ലെന്നും അത്തരത്തില്‍ കബളിപ്പിക്കുന്നവരുണ്ടെന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്.

പതിനഞ്ച് ലക്ഷം രൂപ വരെയൊക്കെ പ്രൊമോഷന് വേണ്ടി വാങ്ങിക്കുന്നവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഫ്.ടി.ക്യു വിത്ത് രേഖാമേനോന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വേറൊരു കാര്യമുണ്ട്. ഞാന്‍ ഓപ്പണായി പറയാം. എല്ലാവരും അല്ല. ചിലര്‍ വന്നിട്ട് നമ്മുടെ കയ്യില്‍ നിന്ന് എട്ടും പത്തും ലക്ഷങ്ങള്‍ വാങ്ങിക്കും. 15 ലക്ഷം വരെ വാങ്ങിച്ചവരുണ്ട്.

ചില ടീമിന് 50000 കൊടുക്കണം ചിലര്‍ക്ക് 75000 കൊടുക്കണം. ചിലര്‍ക്ക് 3000 മതി എന്നൊക്കെയാണ് നമ്മുടെ അടുത്ത് പറയുക. ഇത് ഞാന്‍ എല്ലാവരേയും കുറിച്ച് പറയുന്നതല്ല, എന്നെ കേറി ക്രൂശിക്കരുത്. ഇതില്‍ ചില ടീമുകള്‍. അങ്ങനെ ഒരു പത്തിരുപത്തഞ്ച് പേര് വന്ന് ഇതൊക്കെ എടുക്കും.

എന്നാല്‍ നമ്മുടെ കയ്യില്‍ നിന്ന് 15 ലക്ഷം രൂപ വാങ്ങിയിട്ട് ഈ വരുന്നവര്‍ക്ക് 1000 രൂപ പോലും കൊടുക്കില്ല. പണ്ടൊക്കെ നമ്മുടെ സിനിമാ സെറ്റില്‍ നാനയോ വെള്ളിനക്ഷത്രമോ വരും.

അവര്‍ സെറ്റില്‍ നിന്ന് ഒരു നേരത്തെ ഭക്ഷണം കഴിക്കും. നമ്മുടെ കയ്യില്‍ നിന്ന് സ്റ്റില്‍സ് വാങ്ങിക്കും. അതവര്‍ പബ്ലിഷ് ചെയ്യും. അങ്ങനെയാണ് അവരുടെ മാഗസിന്‍ റണ്‍ ചെയ്യുക.

അവര്‍ക്കാണ് കണ്ടന്റ് കിട്ടുന്നത്. ഇത് നമ്മള്‍ യൂട്യൂബുകാര്‍ക്ക് ഒരു കണ്ടന്റ് കൊടുക്കുകയാണ്. അവര്‍ക്ക് അത് വെച്ച് ആഡ് കിട്ടും മൈലേജ് ഉണ്ട്.

നമ്മള്‍ക്ക് ഒന്നും ഇല്ല. നമ്മള്‍ അങ്ങോട്ട് പൈസ കൊടുക്കുകയാണ്. ഈ തുടരും എന്നുള്ള പടത്തിന് അത്തരത്തില്‍ പൈസ കൊടുത്തിട്ടേയില്ല. അവര്‍ക്ക് അത് പക്ഷേ ഇടാതിരിക്കാന്‍ പറ്റില്ല.

മോഹന്‍ലാല്‍-ശോഭന സിനിമ വരുന്നത് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. രഞ്ജിത് പൈസ കൊടുത്തിട്ടൊന്നുമില്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju About Movie Promotion Payment issue

We use cookies to give you the best possible experience. Learn more