| Thursday, 15th May 2025, 8:19 pm

എന്റെയും ശോഭനയുടെയും കുറവ് ഈ സിനിമക്കുണ്ടായിരുന്നു, അത് പ്രേക്ഷകര്‍ മനസിലാക്കിയതാണ് സിനിമയുടെ വിജയം: മണിയന്‍പിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയില്‍ ചരിത്രവിജയമായി മാറിയിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടി കളക്ഷന്‍ എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കിക്കഴിഞ്ഞു. ഫാമിലി ഡ്രാമ എന്ന ലേബലിലെത്തിയ ചിത്രം മോഹന്‍ലാലിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി ശോഭന വേഷമിട്ടു എന്ന പ്രത്യേകതയും തുടരും എന്ന ചിത്രത്തിനുണ്ട്. 14 വര്‍ഷത്തിന് ശേഷം മോഹന്‍ലാലിനൊപ്പം മണിയന്‍പിള്ള രാജു ഒന്നിച്ചതും തുടരും എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

12 വര്‍ഷത്തോളം ഈ സിനിമക്കായി നിര്‍മാതാവ് രഞ്ജിത് കാത്തിരുന്നെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. പ്രിയദര്‍ശന്‍, രഞ്ജിത് തുടങ്ങി ഏഴോളം സംവിധായകന്‍ ഈ പ്രൊജക്ടിലേക്ക് എത്തിയിരുന്നെന്നും എന്നാല്‍ അവര്‍ക്ക് ഈ കഥയെ ശരിയായ രീതിയില്‍ സമീപിക്കാന്‍ സാധിച്ചില്ലെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. പിന്നീട് തരുണ്‍ മൂര്‍ത്തിയാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഈ സിനിമയെ മാറ്റിയതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

റിലീസിന് മുമ്പ് തന്നെ ഇതൊരു ഗംഭീരവിജയമായിരിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നെന്നും അത് സംവിധായകനോട് പറഞ്ഞിരുന്നെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു. തന്റെയും ശോഭനയുടെയും കുറവ് ഈ സിനിമയില്‍ ഉണ്ടായിരുന്നെന്നും പ്രേക്ഷകര്‍ ഈ സിനിമ സ്വീകരിച്ചപ്പോള്‍ താന്‍ സന്തോഷവാനായെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു മണിയന്‍പിള്ള രാജു.

‘നിര്‍മാതാവ് രഞ്ജിത്തിന്റെ 12 വര്‍ഷത്തെ കാത്തിരിപ്പിന്റെ വിജയമാണ് ഈ സിനിമ. അത്രയും കാലം അയാള്‍ മോഹന്‍ലാലിനെ വെച്ച് ഈ സിനിമ ചെയ്യാന്‍ കാത്തിരുന്നു. ഇതിനിടയില്‍ പല സംവിധായകരും വന്നുപോയി. പ്രിയദര്‍ശന്‍, രഞ്ജിത്, ഗോകുല്‍ ദാസ് അങ്ങനെ ഏഴോളം സംവിധായകര്‍ ഈ സിനിമയെ സമീപിച്ചു. പിന്നീട് തരുണ്‍ മൂര്‍ത്തി വന്നപ്പോഴാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഈ സിനിമ മാറിയത്.

ഇതൊരു ഗംഭീര വിജയമാകുമെന്നും നിങ്ങള്‍ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറുമെന്നും പറഞ്ഞ് റിലീസിന്റെയന്ന് ഞാന്‍ തരുണിന് ഒരു മെസ്സേജ് അയച്ചിരുന്നു. എന്നെ ഈ സിനിമയിലേക്ക് എത്തിച്ചത് തരുണ്‍ മൂര്‍ത്തിയാണ്. എന്നെ മാത്രമല്ല, ശോഭനയെയും. എന്റെയും ശോഭനയുടെയും കുറവ് ഈ കഥക്ക് ഉണ്ടായിരുന്നു. അത് പ്രേക്ഷകര്‍ പറയുകയും ചെയ്തു. 14 വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ലാലിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. ആ കെമിസ്ട്രി പ്രേക്ഷകര്‍ക്ക് ഇഷ്ടമായതാണ് സിനിമയുടെ വിജയം,’ മണിയന്‍പിള്ള രാജു പറഞ്ഞു.

Content Highlight: Maniyanpilla Raju about his combo with Mohanlal in Thudarum movie

We use cookies to give you the best possible experience. Learn more