| Sunday, 3rd September 2017, 8:15 pm

'മോദിയുടെത് വയസന്‍പട'; കേന്ദ്രമന്ത്രിസഭാ പുന:സംഘടനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുന:സംഘടനയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മോദിമന്ത്രിസഭ വയസന്‍പടയാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. പുതിയതായി ഉള്‍പ്പെടുത്തിയവരിലാരും ചെറുപ്പക്കാരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ യുവാക്കളുടെ ശരാശരി പ്രായം 27 എന്നുള്ളത് 60 എന്നായെന്നും തിവാരി പരിഹസിച്ചു. മോദിയ്ക്ക് രാഷ്ട്രീയക്കാരില്‍ വിശ്വാസമില്ലാത്തതിനാലാണ് പുതുതായി ഐ.എ.എസുകാരെ കൂടെക്കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് പുതിയ മന്ത്രിമാരില്‍ നാലുപേര്‍ ഐ.എ.എസ് ഉദ്യോഗസ്ഥരായിരുന്നു.


Also Read: പതിവ് തെറ്റിച്ചില്ല; നിര്‍ണായക തീരുമാനത്തിന് പിന്നാലെ മോദി പറന്നു


അധികാരത്തിലേറിയ ശേഷം ഇത് മൂന്നാം തവണയാണ് മോദി മന്ത്രിസഭ പുതുക്കിപ്പണിയുന്നത്. മോദിയല്ല അമിത് ഷാ ആണ് പ്രധാനമന്ത്രിയെന്നും തിവാരി അഭിപ്രായപ്പെട്ടു. അമിത് ഷാ പറഞ്ഞാല്‍ രാജിവെക്കുന്ന മന്ത്രിമാരുള്ള സ്ഥിതിയാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേ സമയം പുന:സംഘടനയില്‍ എന്‍.ഡി.എയ്ക്കുള്ളില്‍ തന്നെ വിമര്‍ശനം വന്നുതുടങ്ങി. എന്‍.ഡി.എയിലെ പ്രധാന സഖ്യകക്ഷിയായ ശിവസേനയെ പുന:സംഘടനയില്‍ പരിഗണിക്കാത്തതില്‍ വിമര്‍ശനവുമായി ശിവസേന എംപി സഞ്ജയ് റൗട്ട് രംഗത്തെത്തി.


Also Read: അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നിലപാടുകള്‍ക്ക് മോദി നല്‍കിയ സമ്മാനമാണ് മന്ത്രിപദവി: കുമ്മനം രാജശേഖരന്‍


എന്‍.ഡി.എ ചത്തുപോയെന്നും പേപ്പറില്‍ മാത്രമാണ് അവശേഷിക്കുന്നതെന്നും സഞ്ജയ് റൗട്ട് പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലും മറ്റും പിന്തുണയ്ക്കു വേണ്ടി മാത്രമാണ് ബി.ജെ.പിക്ക് തങ്ങളെ ആവശ്യമെന്നും റൗട്ട് പറഞ്ഞു.

ബി.ജെ.പിയുടെ പ്രധാനസഖ്യ കക്ഷിയായ ശിവസേനയ്ക്ക് ഏകപ്രതിനിധിയായി അനന്ത് ഗീഥെ മാത്രമാണുള്ളത്. തങ്ങള്‍ക്ക് അധികാരമോഹമില്ലെന്നായിരുന്നു ഒഴിവാക്കിയതിനെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മറുപടി. മന്ത്രിസഭാ പുന:സംഘടനയുമായി ബന്ധപ്പെട്ട് മോദിയുടെ ഭാഗത്തു നിന്ന് യാതൊരു നിര്‍ദ്ദേശവും ലഭിച്ചില്ലെന്നാണ് നിതീഷ് കുമാര്‍ പറഞ്ഞിരുന്നത്.

We use cookies to give you the best possible experience. Learn more