| Wednesday, 4th June 2025, 4:35 pm

അമ്മ എന്ന നിലയില്‍ ദീപികയുടെ ആവശ്യം ന്യായമായത്, സ്പിരിറ്റ് സിനിമയുടെ വിവാദത്തില്‍ താരത്തെ പിന്തുണച്ച് മണിരത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാലോകത്തെ പിടിച്ചുകുലുക്കിയ വിവാദമായിരുന്നു സന്ദീപ് വാങ്ക റെഡ്ഡിയുടെ സ്പിരിറ്റുമായി അടുത്തിടെ നടന്ന ചര്‍ച്ചകള്‍. അനിമലിന്റെ വിജയത്തിന് ശേഷം സന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസാണ് നായകന്‍. അടുത്ത മാസം ചിത്രീകരണം തുടങ്ങാനിരിക്കെയാണ് സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തത്.

ഇപ്പോഴിതാ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ മണിരത്‌നം. ഒരമ്മയെന്ന നിലയിലാണ് എട്ട് മണിക്കൂര്‍ മാത്രം ജോലിയെന്ന ആവശ്യം ദീപിക ഉന്നയിച്ചതെന്ന് മണിരത്‌നം പറഞ്ഞു. ആ ആവശ്യം ന്യായമാണെന്ന് തനിക്ക് തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. എന്‍.ഡി.ടി.വിയോട് സംസാരിക്കുകയായിരുന്നു മണിരത്‌നം.

‘എട്ട് മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാനാകൂ എന്ന് ദീപിക പറഞ്ഞതില്‍ എനിക്ക് തെറ്റൊന്നും തോന്നുന്നില്ല. അവര്‍ ഒരമ്മയാണ്. ഈയിടെയാണ് അവര്‍ തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. അങ്ങനെയുള്ള ഒരാളോട് എട്ട് മണിക്കൂറിലധികം ജോലി ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ യാതൊരു അധികാരവുമില്ല. പൂര്‍ണമായും ഞാന്‍ ദീപികക്കൊപ്പമാണ്,’ മണിരത്‌നം പറഞ്ഞു.

ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് ബോളിവുഡ് താരം ദീപിക പദുകോണിനെയായിരുന്നു. എന്നാല്‍ എട്ട് മണിക്കൂര്‍ മാത്രമേ ഷൂട്ട് ചെയ്യാനാകൂവെന്നും തെലുങ്ക് ഡയലോഗുകള്‍ പറയാനാകില്ലെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ദീപിക ഉന്നയിച്ചു. ലാഭവിഹിതവും പ്രതിഫലത്തില്‍ ചേര്‍ക്കണമെന്നും താരം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇത് അംഗീകരിക്കാതിരിക്കുകയും പിന്നാലെ ദീപികയെ ചിത്രത്തില്‍ നിന്ന് മാറ്റുകയും ചെയ്തു. ബോളിവുഡ് താരം തൃപ്തി ദിമ്രിയെയാണ് ദീപികക്ക് പകരം കൊണ്ടുവന്നത്. നായികസ്ഥാനത്തിന് മാറ്റിയതിന് പിന്നാലെ ദീപിക തന്റെ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ച് സ്പിരിറ്റിന്റെ കഥ പ്രചരിപ്പിച്ചെന്ന ആരോപണമുയര്‍ന്നിരുന്നു.

താരത്തിന്റെ പേരെടുത്ത് പറയാതെ സംവിധായകന്‍ സന്ദീപ് വാങ്ക റെഡ്ഡി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചു. നിങ്ങളോട് പറഞ്ഞ ഒരു കഥ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് പ്രൊഫഷണല്ലല്ലെന്ന് പറഞ്ഞ സന്ദീപ് ഇതാണോ നിങ്ങളുടെ ഫെമിനിസമെന്നും ചോദിക്കുന്നുണ്ട്. സംവിധായകനെ അനുകൂലിച്ചും ദീപികയെ കുറ്റപ്പെടുത്തിയും ഒരുപാട് പേര്‍ ഇതിന് പിന്നാലെ രംഗത്തെത്തിയിരുന്നു.

Content Highlight: Maniratnam supports Deepika Padukone in Spirit movie controversy

We use cookies to give you the best possible experience. Learn more