| Tuesday, 3rd June 2025, 4:50 pm

ഇപ്പോള്‍ വരുന്ന ഓരോ സിനിമകളും 500 കോടി അല്ലെങ്കില്‍ 1000 കോടി ബജറ്റിന്റെ പേരിലാണ് അറിയപ്പെടുന്നത്, അത്തരം സിനിമകള്‍ എനിക്ക് പറ്റില്ല: മണിരത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മണിരത്നം. ആരുടെയും അസിസ്റ്റന്റായി പ്രവര്‍ത്തിക്കാതെ സ്വതന്ത്രസംവിധായകനായ മണിരത്നത്തിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനായ ഉണരൂ ആയിരുന്നു. പിന്നീട് തമിഴിലും ഹിന്ദിയിലുമായി ഒരുപിടി ക്ലാസിക്കുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നായകന്‍, റോജ, ദളപതി തുടങ്ങിയവ അതിന് ഉദാഹരണമാണ്.

സിനിമകള്‍ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മണിരത്‌നം. ഇപ്പോള്‍ പുറത്തുവരുന്ന സിനിമകള്‍ പലതും ചര്‍ച്ചയാകുന്നത് അതിന്റെ ബജറ്റ് കാരണമാണെന്ന് മണിരത്‌നം പറഞ്ഞു. 500 കോടിയും 100 കോടിയുമൊക്കെയാണ് ബജറ്റെന്ന് പറഞ്ഞാണ് പല സിനിമകളും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതെന്നും അത്തരം സിനിമകള്‍ തനിക്ക് ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമകളുടെ രീതികള്‍ ഒരുപാട് മാറിയിട്ടുണ്ട്. മേക്കിങ്ങിന്റെ കാര്യത്തിലും അത് മാര്‍ക്കറ്റ് ചെയ്യുന്ന കാര്യത്തിലുമൊക്കെ ആ മാറ്റം എല്ലാവര്‍ക്കും കാണാന്‍ സാധിക്കും. ഇപ്പോഴത്തെ സിനിമകള്‍ പലതും ചര്‍ച്ചയാകുന്നത് അതിന്റെ ബജറ്റ് കാരണമാണ്. 500 കോടി, 1000 കോടി ബജറ്റില്‍ വരുന്ന സിനിമകള്‍ ചര്‍ച്ചയാകുന്നത് ആ ബജറ്റ് കാരണമാണ്.

അതും ഒരു തരത്തില്‍ മാര്‍ക്കറ്റിങ്ങാണ്. അതുവഴി ആളുകള്‍ക്കിടയില്‍ ആ സിനിമ ചര്‍ച്ചയാകും. പക്ഷേ, എനിക്ക് ഒരിക്കലും അത്തരത്തില്‍ 500 കോടി അല്ലെങ്കില്‍ 1000 കോടി ബജറ്റിലൊന്നും സിനിമ ചെയ്യാന്‍ കഴിയില്ല. കഥയ്ക്ക് എന്താണോ ആവശ്യം, അതിനനുസരിച്ചുള്ള ചെലവ് മാത്രമായിരിക്കും എന്റെ സിനിമകള്‍ക്ക് ഉണ്ടാവുക,’ മണിരത്‌നം പറയുന്നു.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ റിലീസിന് തയാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. ഒട്ടനവധി പ്രത്യേകതകളുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. 36 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമാണിത്. 25 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍ ചിത്രത്തിനായി എ.ആര്‍. റഹ്‌മാന്‍ സംഗീതമൊരുക്കുന്നു എന്ന പ്രത്യേകതയും തഗ് ലൈഫിനുണ്ട്.

കമല്‍ ഹാസനൊപ്പം സിലമ്പരസനും തഗ് ലൈഫില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തൃഷ, അഭിരാമി, നാസര്‍, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, അശോക് സെല്‍വന്‍, അലി ഫസല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നു. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Maniratnam says he can’t make 500 crore budget movies

We use cookies to give you the best possible experience. Learn more