| Tuesday, 27th May 2025, 12:36 pm

ഇപ്പോഴുള്ള സംവിധായകരില്‍ അയാള്‍ ഒരു മാസ്റ്ററാണ്, എന്നെ ഇംപ്രസ് ചെയ്ത സംവിധായകനാണ് അദ്ദേഹം: മണിരത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാനായ സംവിധായകനാണ് മണിരത്നം. ഉണരൂ എന്ന മലയാളചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച മണിരത്നം പിന്നീട് വ്യത്യസ്തമായ കഥപറച്ചിലിലൂടെ ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിലൊരാളായി മാറി. റോജ, നായകന്‍, ദളപതി, ബോംബൈ, രാവണന്‍, പൊന്നിയിന്‍സെല്‍വന്‍ തുടങ്ങി ക്ലാസിക് ചിത്രങ്ങള്‍ മണിരത്നം ഇന്ത്യന്‍ സിനിമക്ക് സമ്മാനിച്ചു.

പുതിയ കാലഘട്ടത്തില്‍ തമിഴ് സിനിമയുടെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് മണിരത്‌നം. സിനിമ ഒരുപാട് മാറിയതിനോടാപ്പം ശക്തമായ വിഷയങ്ങള്‍ സിനിമയിലൂടെ സംസാരിക്കുന്നുണ്ടെന്ന് മണിരത്‌നം പറഞ്ഞു. അതെല്ലാം പ്രേക്ഷകര്‍ സ്വീകരിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടെന്നും സിനിമയുടെ വിജയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സംവിധായകരെയെല്ലാം താന്‍ ശ്രദ്ധിക്കാറുണ്ടെന്നും അവരെല്ലാം ഒരുപാട് ടാലന്റുള്ളവരാണെന്നും അദ്ദേഹം പറയുന്നു. വെട്രിമാരന്‍ ഒരുപാട് കഴിവുള്ള സംവിധായകനാണെന്നും ഇപ്പോഴുള്ള ഫിലിംമേക്കര്‍മാരുടെയിടയില്‍ അയാള്‍ ഒരു മാസ്റ്ററാണെന്നും മണിരത്‌നം പറഞ്ഞു. എല്ലാ സിനിമകളിലും ശക്തമായ വിഷയങ്ങളാണ് വെട്രിമാരന്‍ പറയുന്നതെന്നും അദ്ദേഹം പറയുന്നു.

കൂഴങ്കല്‍ എന്ന സിനിമ ചെയ്ത വിനോദിനെയും തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മാരി സെല്‍വരാജ്, പാ. രഞ്ജിത് തുടങ്ങിയവരുടെ സിനിമകളും താന്‍ കാണാറുണ്ടെന്നും മികച്ച സിനിമകളാണ് അവരില്‍ നിന്ന് ലഭിക്കുന്നതെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു. ഒരുപാട് കഴിവുള്ളവരാണ് ഇവരെല്ലാമെന്നും തമിഴ് സിനിമ മാറാന്‍ കാരണം ഇവരൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാവികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തമിഴ് സിനിമയുടെ മാറ്റം വളരെ മികച്ചതായാണ് ഞാന്‍ കാണുന്നത്. പ്രൊമിസിങ്ങായിട്ടുള്ള ഒരുപാട് ടാലന്റുകള്‍ ഇപ്പോള്‍ ഉണ്ട്. എല്ലാവരിലും ഒരു കോണ്‍ഫിഡന്‍സ് കാണാനാകുന്നുണ്ട്. നല്ല മാറ്റം കാണാന്‍ സാധിക്കുന്നുണ്ട്. സമൂഹത്തിന് നല്ല മെസ്സേജ് കൊടുക്കണമെന്ന ബോധ്യം കാണാനുണ്ട്. പുതിയ ശബ്ദങ്ങള്‍ സിനിമയിലൂടെ അറിയാന്‍ കഴിയുന്നുണ്ട്.

പുതിയ സംവിധായകരില്‍ എന്നെ ഇംപ്രസ് ചെയ്തവരില്‍ ആദ്യത്തെയാള്‍ വെട്രിമാരനാണ്. അയാള്‍ ഒരു മാസ്റ്ററാണ്. അതുപോലെ കൂഴങ്കല്‍ എന്ന സിനിമ ചെയ്ത വിനോദിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുപോലെ മാരി സെല്‍വരാജ്, പാ. രഞ്ജിത് എന്നിവരുടെ സിനിമകളും എനിക്ക് ഇഷ്ടമാണ്. സിനിമയാണ് പ്രധാനം. അല്ലാതെ ആളുകളുടെ പേരുകളല്ല,’ മണിരത്‌നം പറഞ്ഞു.

Content Highlight: Maniratnam saying Vetrimaran’s movies impressed him

We use cookies to give you the best possible experience. Learn more