| Wednesday, 28th May 2025, 3:03 pm

എന്റെ സിനിമകളുടെയെല്ലാം ആദ്യ ക്രിട്ടിക് അവരാണ്, സിനിമയെക്കുറിച്ച് അപാര അറിവുള്ളയാളാണ്: മണിരത്‌നം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് മണിരത്നം. അസിസ്റ്റന്റ് ഡയറക്ടറാകാതെ സ്വതന്ത്രസംവിധായകനായ മണിരത്നത്തിന്റെ ആദ്യ ചിത്രം മോഹന്‍ലാല്‍ നായകനായ ഉണരൂ ആയിരുന്നു. പിന്നീട് തമിഴിലും ഹിന്ദിയിലുമായി ഒരുപിടി ക്ലാസിക്കുകള്‍ സിനിമാപ്രേമികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. നായകന്‍, റോജ, ദളപതി തുടങ്ങിയവ അതിന് ഉദാഹരണമാണ്.

അരവിന്ദ് സ്വാമി, മധുബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോജ. എ.ആര്‍. റഹ്‌മാന്‍ ആദ്യമായി സംഗീതം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. മികച്ച സംഗീത സംവിധയകനുള്‍പ്പെടെ മൂന്ന് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രം ഇന്നും ആരാധകരുടെ ഫേവറെറ്റാണ്.

ചിത്രത്തില്‍ ഗ്രാമത്തില്‍ നടക്കുന്ന ഭാഗങ്ങളുടെ സ്‌ക്രിപ്റ്റ് എഴുതിയത് തന്റെ പങ്കാളിയായ സുഹാസിനിയാണെന്ന് പറയുകയാണ് മണിരത്‌നം. തന്റെ എല്ലാ സിനിമകളുടെയും ആദ്യ ക്രിട്ടിക് സുഹാസിനിയാണെന്ന് അദ്ദേഹം പറഞ്ഞു. നല്ലതാണെങ്കില്‍ നല്ലത് പറയുമെന്നും എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അത് നിര്‍ദേശിക്കുമെന്നും മണിരത്‌നം കൂട്ടിച്ചേര്‍ത്തു.

റോജയിലെ വില്ലേജ് പോര്‍ഷന്റെ സ്‌ക്രിപ്റ്റ് സുഹാസിനിയാണ് എഴുതിയതെന്നും ഗ്രാമത്തെക്കുറിച്ച് വലിയ ധാരണയില്ലാത്തയാളാണ് താനെന്നും അദ്ദേഹം പറയുന്നു. റോജക്ക് മുമ്പ് താന്‍ ചെയ്ത സിനിമകളെല്ലാം നഗരങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സിനിമാ വികടന് നല്‍കിയ അഭിമുഖത്തിലാണ് മണിരത്‌നം ഇക്കാര്യം പറഞ്ഞത്.

‘എന്റെ എല്ലാ സിനിമകളുടെയും ആദ്യ ക്രിട്ടിക് സുഹാസിനിയാണ്. എഴുതിയത് നല്ലതാണെന്ന് എനിക്കറിയാം. എന്നാലും അവരോട് അഭിപ്രായം ചോദിക്കും. നല്ലതാണെങ്കില്‍ നല്ലത് പറയും. എന്തെങ്കിലും മാറ്റം വേണമെങ്കില്‍ അത് നിര്‍ദേശിക്കും. സിനിമയെക്കുറിച്ച് നല്ല അറിവുണ്ട്. റോജ സിനിമയിലെ വില്ലേജ് പോര്‍ഷന്റെ സ്‌ക്രിപ്റ്റ് എഴുതിയത് സുഹാസിനിയാണ്.

എനിക്ക് ഗ്രാമത്തെക്കുറിച്ച് എഴുതാന്‍ അത്രക്ക് കഴിവില്ല. കാരണം, റോജക്ക് മുമ്പ് ഞാന്‍ ചെയ്ത സിനിമകളെല്ലാം തന്നെ അര്‍ബന്‍ ടച്ചുള്ള കഥയാണ് പറഞ്ഞത്. അതില്‍ നിന്ന് പെട്ടെന്ന് ഗ്രാമത്തിലേക്ക് കഥ മാറുമ്പോള്‍ എങ്ങനെ ഓരോ കാര്യങ്ങള്‍ പ്ലെയ്‌സ് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അക്കാര്യത്തില്‍ സുഹാസിനി എന്നെ ഹെല്‍പ് ചെയ്തു,’ മണിരത്‌നം പറയുന്നു.

Content Highlight: Maniratnam saying Suhasini is the first critic of all his films

We use cookies to give you the best possible experience. Learn more