തമിഴ് സിനിമയിലെ മികച്ച സംവിധായകരാണ് മണിരത്‌നവും ഷങ്കറും. കഥപറച്ചിലിലെ പുതുമയും മേക്കിങ്ങിലെ മാജിക്കും കൊണ്ട് മണിരത്‌നം പ്രേക്ഷകഹൃദയത്തില്‍ സ്ഥാനം നേടിയപ്പോള്‍ ബ്രഹ്‌മാണ്ഡ മേക്കിങ്ങിലൂടെയാണ് ഷങ്കര്‍ സിനിമാപ്രേമികളെ വിസ്മയിപ്പിച്ചത്. എന്നാല്‍ ഒരുകാലത്ത് ഇന്ത്യന്‍ സിനിമയുടെ അഭിമാനമെന്ന് പലരും വിശേഷിപ്പിച്ച രണ്ട് സംവിധായകരും ഇപ്പോള്‍ ട്രോള്‍ മെറ്റീരിയലായി മാറിയിരിക്കുകയാണ്.
ഇന്ത്യന്‍ 2, ഗെയിം ചേഞ്ചര്‍ എന്നീ മോശം സിനിമകളിലൂടെ ഷങ്കര്‍ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. അപ്പോഴും മണിരത്‌നം അത്തരത്തില്‍ ട്രോള്‍ മെറ്റീരിയലാകുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയ തഗ് ലൈഫ് ആ പ്രതീക്ഷകളെ തകിടം മറിച്ചു. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം സ്‌ക്രിപ്‌റ്റെന്നാണ് പലരും തഗ് ലൈഫിനെ വിശേഷിപ്പിച്ചത്.
വന്‍ താരനിരയും ഗംഭീര ടെക്‌നീഷ്യന്മാരും അണിനിരന്നിട്ട് കൂടി പ്രേക്ഷകര്‍ തഗ് ലൈഫിനെ കൈയൊഴിയുകയായിരുന്നു. അതിന് പലരും ചൂണ്ടിക്കാട്ടുന്ന പ്രധാന പോയിന്റ് സിനിമയുടെ തിരക്കഥയാണ്. കമല്‍ ഹാസനും മണിരത്‌നവും ചേര്‍ന്നെഴുതിയ തിരക്കഥ പ്രേക്ഷകരിലേക്ക് ഒട്ടും കണക്ടായിട്ടില്ലെന്നാണ് വിമര്‍ശനം.
ഗ്യാങ്സ്റ്റര്‍ സിനിമകളില്‍ കാലങ്ങളായി കണ്ടുവരുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന സ്‌ക്രിപ്റ്റില്‍ യാതൊരു പുതുമയുമില്ലായിരുന്നു. 101 ശതമാനവും പ്രഡിക്ട് ചെയ്യാന്‍ പറ്റുന്ന കഥയിലെ ഇമോഷണല്‍ കോണ്‍ഫ്‌ളിക്റ്റുകള്‍ പ്രേക്ഷകരില്‍ ചിരിയുണര്‍ത്തിയിരുന്നു. ഒപ്പം അനാവശ്യമായ റൊമാന്‍സ് സീനുകള്‍ സിനിമയുടെ ഫ്‌ളോ ഇല്ലാതാക്കുകയും ചെയ്തു.
എ.ആര്‍ റഹ്‌മാന്റെ സംഗീതവും കമല്‍ ഹാസന്‍, സിലമ്പരസന്‍ എന്നിവരുടെ പ്രകടനവുമാണ് സിനിമയെ താങ്ങിനിര്‍ത്തിയത്. എന്നാല്‍ സ്‌ക്രിപ്റ്റിന്റെ ബലമില്ലായ്മ അതിനെ അപ്രസക്തമാക്കി. ഓരോ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന മണിരത്‌നത്തിന് തഗ് ലൈഫില്‍ പിഴച്ചെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
പഴകിത്തേഞ്ഞ കഥയില്‍ ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍ 2 കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറി. അതേ പാതയില്‍ ഈ വര്‍ഷം മണിരത്‌നവും എത്തിയപ്പോള്‍ വെറ്റെറന്‍ സംവിധായകരുടെ കോളം പൂര്‍ത്തിയായെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. ഇതില്‍ നിന്ന് തമിഴ് സിനിമയെ കൈപിടിച്ചുയര്‍ത്താന്‍ ഇനി ലോകേഷിന് മാത്രമേ സാധിക്കുള്ളൂവെന്നാണ് സിനിമാപ്രേമികള്‍ അവകാശപ്പെടുന്നത്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രി ഹിറ്റൊരുക്കിയ ലോകേഷ് തമിഴിലെ ബ്രാന്‍ഡ് സംവിധായകനായി മാറിയിരിക്കുകയാണ്.
രജിനികാന്തിനെ നായകനാക്കി ലോകേഷ് ഒരുക്കുന്ന കൂലി ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന, കന്നഡ സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്ര, മലയാളി താരം സൗബിന്‍, തമിഴ് നടന്‍ സത്യരാജ് എന്നിവര്‍ക്കൊപ്പം ബോളിവുഡ് താരം ആമിര്‍ ഖാന്റെ അതിഥിവേഷവും കൂലിയെ വന്‍ വിജയമാക്കുമെന്നാണ് പ്രതീക്ഷ. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Maniratnam became troll material in Social Media because of Thug Life movie after Shankar