സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. 36 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ തഗ് ലൈഫിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിട്ടുള്ളത്.
ചിത്രത്തില്‍ തമിഴ് താരം അശോക് സെല്‍വനും ശക്തമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. രവി മോഹന് പകരമായാണ് അശോക് സെല്‍വന്‍ തഗ് ലൈഫിന്റെ ഭാഗമായത്. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അശോക് സെല്‍വനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം.
വളരെ കോണ്‍ഫിഡന്റായിട്ടുള്ള നടനാണ് അശോക് സെല്‍വനെന്ന് മണിരത്‌നം പറഞ്ഞു. ഓഡിഷനിലൂടെയാണ് അയാളെ തെരഞ്ഞെടുത്തതെന്നും ആ സമയത്ത് തന്നെ തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലെ ആദ്യത്തെ സീന്‍ തന്നെ കമല്‍ ഹാസനൊപ്പമുള്ളതായിരുന്നെന്നും മികച്ച പെര്‍ഫോമന്‍സായിരുന്നു അശോക് ആ സീനില്‍ കാഴ്ചവെച്ചതെന്നും മണിരത്‌നം പറയുന്നു. സിനിമാ വികടനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അശോക് സെല്‍വന്‍ വളരെ കോണ്‍ഫിഡന്റായിട്ടുള്ള ഒരു ആര്‍ട്ടിസ്റ്റാണ്. ഓഡിഷനിലൂടെയാണ് അയാളെ ഈ സിനിമയിലേക്ക് തെരഞ്ഞെടുത്തത്. ഓഡിഷന്റെ സമയത്ത് കൊടുത്ത സീനില്‍ തന്നെ അയാള്‍ ഞങ്ങളെ ഇംപ്രസ് ചെയ്തു. ഈ പടത്തിലും ആദ്യത്തെ സീന്‍ കമല്‍ ഹാസനൊപ്പമുള്ള ഒന്നാണ്. സിനിമയിലെ തന്നെ ഏറ്റവും സ്‌ട്രോങ്ങായിട്ടുള്ള ഒന്നാണ് അത്.
ഏറ്റവും ടഫ് ആയിട്ടുള്ള സീന്‍ ആദ്യം കൊടുത്താല്‍ അപ്പോള്‍ തന്നെ ആ കഥയുമായി അറ്റാച്ചാകും. പിന്നീടുള്ള സീനുകള്‍ വലിയ സംഭവമല്ലാതാകും എന്ന ചിന്തയിലാണ് അങ്ങനെ ചെയ്തത്. ഈ ക്യാരക്ടറിലേക്ക് ആ പ്രായത്തിലുള്ള നടനെ വേണമായിരുന്നു അങ്ങനെയാണ് അശോക് സെല്‍വനിലേക്ക് എത്തിയത്,’ മണിരത്‌നം പറഞ്ഞു.
കമല്‍ ഹാസനൊപ്പം സിലമ്പരസനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തൃഷ, അഭിരാമി എന്നിവരാണ് തഗ് ലൈഫിലെ നായികമാര്‍. ജോജു ജോര്‍ജ്, നാസര്‍, ഐശ്വര്യ ലക്ഷ്മി, സഞ്ജന നടരാജന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മിക്കുന്നത്. ജൂണ്‍ അഞ്ചിന് തഗ് ലൈഫ് തിയേറ്ററുകളിലെത്തും.
Content Highlight: Maniratnam about Ashok Selvan’s character in Thug Life movie