ഒരുപാട് പ്രശ്‌നങ്ങളുള്ള, ആരും തിരിഞ്ഞുനോക്കാത്തിടത്ത് നിന്നുള്ള സിനിമയാണിത്, ബാഫ്റ്റ വേദിയില്‍ മോദിയുടെ പേര് പറയാതെ വിമര്‍ശിച്ച് സംവിധായിക ലക്ഷ്മിപ്രിയ ദേവി
Indian Cinema
ഒരുപാട് പ്രശ്‌നങ്ങളുള്ള, ആരും തിരിഞ്ഞുനോക്കാത്തിടത്ത് നിന്നുള്ള സിനിമയാണിത്, ബാഫ്റ്റ വേദിയില്‍ മോദിയുടെ പേര് പറയാതെ വിമര്‍ശിച്ച് സംവിധായിക ലക്ഷ്മിപ്രിയ ദേവി
അമര്‍നാഥ് എം.
Monday, 23rd February 2026, 2:13 pm

ഈ വര്‍ഷത്തെ ബാഫ്റ്റ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമാലോകത്ത് ഏറെ പ്രധാന്യമുള്ള അവാര്‍ഡുകളിലൊന്നാണ് ബ്രിട്ടീഷ് അക്കാദമി നല്‍കുന്ന ഈ അവാര്‍ഡുകള്‍. ഹോളിവുഡ് ചിത്രങ്ങളായ വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറും സിന്നേഴ്‌സും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വേദിയില്‍ ഒരു ഇന്ത്യന്‍ സിനിമയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

കുട്ടികളുടെ ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ബൂംഗ് എന്ന സിനിമയുടെ സംവിധായിക ലക്ഷ്മിപ്രിയ ദേവി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മണിപ്പൂരി സംവിധായികയായ ലക്ഷ്മിപ്രിയ കലാപത്തില്‍ കഷ്ടപ്പെടുന്ന തന്റെ ജനതയുടെ സ്വരം ബാഫ്റ്റ വേദിയില്‍ എത്തിച്ചിരിക്കുകയാണ്. ബൂംഗ് എന്ന ചിത്രം മണിപ്പൂരിന്റെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് കഥപറയുന്ന ഒന്നാണെന്ന് പറഞ്ഞുകൊണ്ടാണ് സംവിധായിക തന്റെ പ്രസംഗം ആരംഭിച്ചത്.

‘വലിയൊരു മലയിലേക്ക് കയറുന്നതിന്റെ അവസാന ചുവടുകളായാണ് ഈ വേദിയിലേക്ക് എത്തിയപ്പോള്‍ തോന്നിയത്. ഒന്നാം സ്ഥാനം ഞങ്ങള്‍ക്ക് ലഭിക്കുമെന്ന് കരുതിയില്ല. ഞങ്ങളുടെ ഈ ചെറിയ സിനിമക്ക് ഇത്രയും വലിയ സ്‌നേഹം നല്‍കിയ ബാഫ്റ്റക്കും ജൂറി അംഗങ്ങള്‍ക്കും നന്ദി.

ഒരുപാട് പ്രശ്‌നങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്ന, ആരും തിരിഞ്ഞുനോക്കാത്ത, ആരാലും പ്രതിനിധീകരിക്കപ്പെടാത്ത ഇന്ത്യയിലുള്ള എന്റെ നാടായ മണിപ്പൂരിന്റെ വേരുകളിലേക്ക് ഇറങ്ങിചെന്നിട്ടുള്ള സിനിമയാണിത്. എന്റെ നാടിനോടുള്ള ആദരമാണ് ഈ സിനിമ. മണിപ്പൂരില്‍ സമാധാനം തിരിച്ചെത്താനും ഈ സിനിമയിലഭിനയിച്ച ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളടക്കം നാടുകടത്തപ്പെടേണ്ടി വന്ന കുട്ടികള്‍ക്കും അവരുടെ സന്തോഷവും സ്വപ്‌നങ്ങളും തിരിച്ചെത്താന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഈ വേദി ഞാന്‍ ഉപയോഗിക്കുകയാണ്.

എത്ര ഭീകരമായ പ്രശ്‌നമാണെങ്കിലും അതിനെയെല്ലാം ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു വലിയ സൂപ്പര്‍ പവര്‍ നമ്മള്‍ മനുഷ്യര്‍ക്കുണ്ട്. അതാണ് ക്ഷമാശീലം. ഈ വേദിയില്‍ ഞങ്ങള്‍ക്ക് പുരസ്‌കാരം സമ്മാനിച്ചതിന് മാത്രമല്ല, ഞങ്ങളുടെ പ്രതീക്ഷകള്‍ പങ്കുവെക്കാന്‍ ഒരു അവസരം നല്‍കിയ ബാഫ്റ്റക്ക് ഒരിക്കല്‍ കൂടി നന്ദി പറയുന്നു,’ ലക്ഷ്മിപ്രിയ ദേവി പറഞ്ഞു.

മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബാഫ്റ്റ പോലെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന വേദിയില്‍ തന്റെ ജനതക്ക് വേണ്ടി സംസാരിക്കുകയും മോദിയെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയും ചെയ്ത ലക്ഷ്മിപ്രിയയുടെ ധൈര്യത്തെയാണ് പലരും അഭിനന്ദിക്കുന്നത്.

 

2023 മേയില്‍ കുക്കി, മെയ്‌തേയ് ഗോത്രങ്ങള്‍ തമ്മില്‍ ആരംഭിച്ച കലാപം മണിപ്പൂരിലാകെ പടരുകയായിരുന്നു. 2025ലാണ് ചെറുതായെങ്കിലും മണിപ്പൂരിലെ സ്ഥിതി ശാന്തമായത്. എന്നാല്‍ കലാപ സമയത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Content Highlight: Manipuri director Lakshmipriya Devi’s speech in BAFTA awards stage viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം