അൻവർ റഷീദ് സംവിധാനം ചെയ്ത് 2007ൽ റിലീസ് ചെയ്ത വലിയ വിജയമായി മാറിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായെത്തിയ ഛോട്ടാ മുബൈ. ഏറെ ജനശ്രദ്ധ പിടിച്ച് പറ്റിയ സിനിമ ഇപ്പോൾ 4k സാങ്കേതിക വിദ്യയിലൂടെ തിയേറ്ററുകളിൽ റീ റിലീസ് ചെയ്ത് മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. രണ്ട് കോടിയിലേറെ സിനിമ കളക്ട് ചെയ്തു.
മോഹൻലാലിന് പുറമെ ഭാവന, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്, സിദ്ദിഖ്, കലാഭവൻ മണി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിൽ മണിക്കുട്ടനും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഇപ്പോൾ സിനിമയിലെ തന്റെ ഇൻട്രോ സീനിനെ കുറിച്ച് സംസാരിക്കുകയാണ് മണിക്കുട്ടൻ.
ഒരു ഗർഭസ്ഥ ശിശുവിനെ അമ്മ കൊണ്ട് വരുന്നത് പോലെ മോഹൻലാൽ തന്റെ കഥാപാത്രത്തെ ബുള്ളറ്റിൽ കൊണ്ട് വരുന്നതാണ് ഇൻട്രോ എന്നാണ് മണിയൻപിള്ള രാജു പറഞ്ഞതെന്നും ബാക്കി പറയുന്നതിന് മുമ്പ് തന്നെ ഇനിയൊന്നും പറയണ്ട ഡേറ്റ് മാത്രം പറഞ്ഞാൽ മതിയെന്ന് താൻ അവരോട് പറഞ്ഞെന്നും മണിക്കുട്ടൻ പറഞ്ഞു.
മലയാള സിനിമയിൽ നായികക്ക് പോലും അങ്ങനെ ഒരു എൻട്രി കിട്ടിയിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും താൻ ആദ്യമായി ഒരു ഫുൾ സ്‌ക്രിപ്റ്റ് വായിച്ചത് ഛോട്ടാ മുംബൈയുടേതാണെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ ക്യാരകടറിന്റെ ഇൻട്രോ എന്ന് പറയുന്നത്, ഒരു ഗർഭസ്ഥ ശിശുവിനെ അമ്മ കൊണ്ട് വരുന്നത് പോലെ ലാലേട്ടൻ ബുള്ളറ്റിന്റെ മുകളിൽ ഇരുത്തി കൊണ്ട് വരുന്നതാണ്. അത് കഴിഞ്ഞ് രാജു ചേട്ടൻ ബാക്കി പറയുന്നതിന് മുമ്പ്, ഞാൻ പറഞ്ഞു, ഇനിയൊന്നും പറയണ്ട ഇനി ഡേയ്റ്റ് പറഞ്ഞാൽ മതി, ഞാൻ വന്നേക്കാം എന്ന്. എനിക്ക് തോന്നുന്നു മലയാള സിനിമയിൽ നായികമാർക്ക് പോലും അങ്ങനെ ഒരു ഇൻട്രോ കിട്ടിയിട്ടില്ല. പിന്നെ ഞാൻ ആദ്യമായിട്ട് ഫുൾ സ്‌ക്രിപ്റ്റ് വായിക്കുന്നത് ഛോട്ടാ മുംബൈയുടേതാണ്,’ മണിക്കുട്ടൻ പറയുന്നു.
Content highlight: Manikuttan about his intro scene in chotta mumbai