നടന്‍, തിരക്കഥാകൃത്ത്, മിമിക്രി ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തനായ നടനാണ് മണികണ്ഠന്‍. മിമക്രി റിയാലിറ്റി ഷോയിലൂടെ പരിചിതനായ മണികണ്ഠന്‍, പിസാ 2 എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിക്കൊണ്ടാണ് സിനിമാരംഗത്തേക്കെത്തിയത്. തമിഴിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വിക്രം വേദയുടെ സംഭാഷണങ്ങളെഴുതിയതും മണികണ്ഠനാണ്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും താരം അവതരിപ്പിച്ചിരുന്നു.
ഇന്ന് തമിഴിലെ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരില്‍ ഒരാളായി മണികണ്ഠന്‍ മാറിക്കഴിഞ്ഞു. ഏതൊരാള്‍ക്കും എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങളാണ് മണികണ്ഠന്റേത്. സിനിമകള്‍ കാണാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് മണികണ്ഠന്‍ പറഞ്ഞു. എന്നാല്‍ ഹൊറര്‍ സിനിമകള്‍ ഒരിക്കലും തനിക്ക് ആസ്വദിക്കാന്‍ സാധിക്കില്ലെന്നും താന്‍ അത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ടെന്നും താരം പറയുന്നു.
അനാബെല്ല എന്ന സിനിമ താന്‍ തിയേറ്ററില്‍ നിന്ന് കണ്ടിട്ടുണ്ടെന്നും ആ സിനിമ കണ്ട് താന്‍ നിലവിളിച്ചെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ആദ്യമായി സ്‌ക്രിപ്റ്റ് എഴുതിയ സിനിമ പിസ്സ 2 ആണെന്നും അത് ഹൊറര്‍ സിനിമയാണെന്നും താരം പറഞ്ഞു. സുധീര്‍ ശ്രീനിവാസനുമായി നടത്തിയ അഭിമുഖത്തിലാണ് മണികണ്ഠന്‍ ഇക്കാര്യം പറഞ്ഞത്.
‘സിനിമ കാണാന്‍ ഒരുപാട് ഇഷ്ടമുള്ളയാളാണ് ഞാന്‍. തിയേറ്ററില്‍ പോയി സിനിമ കാണുമ്പോള്‍ പ്രത്യേക ഫീലാണ്. സിനിമയെക്കുറിച്ച് എല്ലാവരോടും ഒരുപാട് നേരം സംസാരിക്കുന്നയാളാണ് ഞാന്‍. അങ്ങനെ ചെയ്യുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമാണ്. പക്ഷേ എനിക്ക് ഹൊറര്‍ സിനിമകള്‍ കാണാന്‍ തീരെ താത്പര്യമില്ല.
എനിക്ക് അത്തരം സിനിമകള്‍ ആസ്വദിക്കാന്‍ സാധിക്കില്ല. അനാബെല്ല എന്ന സിനിമ തിയേറ്ററില്‍ നിന്ന് കണ്ടിട്ട് ഞാന്‍ പേടിച്ചിട്ടുണ്ട്. അതിലെ ജംപ്‌സ്‌കെയര്‍ സീനുകള്‍ എന്നെ വല്ലാതാക്കി. പക്ഷേ, ഏറ്റവും വലിയ കോമഡി എന്താണെന്ന് വെച്ചാല്‍, ഞാന്‍ ആദ്യമായി സ്‌ക്രിപ്റ്റ് എഴുതിയത് പിസ്സാ 2 എന്ന സിനിമക്കാണ്. അത് ഹൊററാണ്,’ മണികണ്ഠന്‍ പറയുന്നു.
മണികണ്ഠന്‍ നായകനായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് കുടുംബസ്ഥന്‍. നവാഗതനായ രാജേശ്വര്‍ കാളിസാമി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറി. നിരൂപകര്‍ക്കിടയിലും മികച്ച അഭിപ്രായം സ്വന്തമാക്കിയ ചിത്രം ഈ വര്‍ഷത്തെ മികച്ച സിനിമകളുടെ ലിസ്റ്റില്‍ ഇടംപിടിച്ചു. ഒരു മിഡില്‍ ക്ലാസ് യുവാവിന്റെ കഷ്ടപ്പാടുകളാണ് ചിത്രം പറയുന്നത്.
Content Highlight: Manikandan saying he don’t like horror movies