കേരള സ്‌റ്റോറി 2 ട്രെയ്‌ലറും ബീഫുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. കേരളത്തിലെ ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം സമുദായത്തിലുള്ളവര്‍ നിര്‍ബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നാലെ പൊറോട്ടയും ബീഫും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞുകൊണ്ടുള്ള റീലുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
സിനിമകളില്‍ പൊറോട്ടയും ബീഫും കാണിക്കുന്ന രംഗങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള റീലുകളും ബീഫും പൊറോട്ടയും മലയാളികള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് പറയുന്ന പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. ‘ഉള്ളിക്കറിയെന്ന് അവകാശപ്പെടുന്ന’ ബീഫ് കറി കഴിക്കുന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ പഴയ ഫോട്ടോയും ട്രോളന്മാര്‍ കുത്തിപ്പൊക്കി.
എന്നാല്‍ കഴിഞ്ഞദിവസം ചര്‍ച്ചയായത് മറ്റൊരു രംഗമാണ്. രാവിലെ ശാഖയും കഴിഞ്ഞ് ഹോട്ടലിലെത്തി ബീഫുണ്ടോയെന്ന് ചോദിക്കുന്ന സ്വയംസേവകന്റെ സീനാണ് വൈറലായത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് 2016ല്‍ റിലീസായ അലമാര എന്ന ചിത്രത്തിലാണ് ഈ സീനുള്ളത്. മണികണ്ഠന്‍ ആചാരിയാണ് ഈ സീനിലെ സ്വയംസേവകന്‍. കറുപ്പിന് കരം നീല തൊപ്പിയും കൈയിലെ കാവി ചരടിന് പകരം നീല ചരടുമാണ് സുപ്രന്‍ ധരിച്ചിരിക്കുന്നത്.
ഗണവേഷം ധരിച്ചുകൊണ്ട് ഹോട്ടലിലെത്തുന്ന സുപ്രന്‍ കടയുടെ മുതലാളിയോട് ‘രണ്ട് പൊറോട്ടയും ഒരു ബീഫ് ഫ്രൈയും. പിന്നെ ഉള്ളി ശരിക്ക് വിതറിയിട്ടിട്ട് തന്നോ ട്ടാ’ എന്നാണ് പറയുന്നത്. രാവിലെ തന്നെ ബീഫ് ആയിട്ടില്ലെന്ന് പറയുമ്പോള്‍ ‘ഇന്നലത്തെ കറി വല്ലതും ബാക്കിയുണ്ടെങ്കില്‍ ചൂടാക്കി തരുമോ’ എന്നും സുപ്രന്‍ ചോദിക്കുന്നുണ്ട്. മഴവില്‍ മനോരമ അവരുടെ സോഷ്യല്‍ മീഡിയ പേജിലാണ് ഈ സീന്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സുപ്രന്‍ ചര്‍ച്ചയായത്.
അലമാര Photo: Screen grab/ Manorama Max
2016 സമയത്ത് ഉത്തരേന്ത്യയിലെ ബീഫ് നിരോധനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായതും പിന്നാലെ കെ. സുരേന്ദ്രന്റെ ചിത്രം വൈറലായതിനെയുമെല്ലാം മിഥുന്‍ മാനുവല്‍ തോമസ് അലമാരയില്‍ നൈസായി ട്രോളുകയായിരുന്നു. എന്നാല്‍ മോശം തിരക്കഥ കാരണം അലമാര ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നില്ല.
പത്ത് വര്‍ഷത്തിന് ശേഷം ചിത്രത്തിലെ രംഗം വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. കേരള സ്റ്റോറി 2വും അതിന് പിന്നാലെ വന്ന വിവാദവും കാരണം സുപ്രനെ ട്രോളന്മാര്‍ കുത്തിപ്പൊക്കിയത് ചിരിയുണര്‍ത്തുന്നുണ്ട്. അലമാര മാത്രമല്ല, ഗോദ, ഹൃദയം, പ്രേമം തുടങ്ങിയ സിനിമകളിലെ ബീഫ് റഫറന്‍സും അടുത്തിടെ വൈറലായിരുന്നു.