| Friday, 6th June 2025, 1:05 pm

ജയ് ഭീം എന്ന സിനിമ അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയെന്ന് തോന്നിയത് ആ സമയത്തായിരുന്നു: മണികണ്ഠന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണികണ്ഠന്‍, ലിജോമോള്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജയ് ഭീം. ശക്തമായ രാഷ്ട്രീയവും ഇരുള സമൂഹം നേരിട്ട അടിച്ചമര്‍ത്തലുകളും സംസാരിച്ച ചിത്രം വലിയ ചര്‍ച്ചയായി മാറി. ചിത്രത്തില്‍ സൂര്യ അതിഥിവേഷത്തിലെത്തിയിരുന്നു.

ജയ് ഭീമിനെക്കുറിച്ച് സംസാരിക്കുകയാണ് മണികണ്ഠന്‍. ആ സിനിമക്ക് വേണ്ടി താനും ലിജോ മോളും വളരെയധികം ഹോംവര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നെന്ന് മണികണ്ഠന്‍ പറഞ്ഞു. രണ്ട് മാസത്തോളം ഇരുള സമൂഹത്തോടൊപ്പം താമസിച്ചുണ്ടായിരുന്നെന്നും അവരുടെ ജീവിതരീതി കണ്ട് പഠിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു നടനെന്ന നിലയില്‍ തനിക്ക് അങ്ങനെയൊരു അനുഭവം ആദ്യമായിരുന്നെന്നും മണികണ്ഠന്‍ പറയുന്നു.

തന്നെ മറ്റൊരാളായിട്ട് അവര്‍ കണ്ടിട്ടില്ലായിരുന്നെന്നും വളരെ നല്ല സൗഹൃദം ആ രണ്ട് മാസത്തില്‍ ഉണ്ടാക്കിയെടുത്തെന്നും താരം കൂട്ടിച്ചേര്‍ത്തു. സിനിമയുടെ റിലീസിന് ശേഷം തനിക്ക് ഒരുപാട് അഭിനന്ദനം ലഭിച്ചെന്നും അതിനെക്കാള്‍ സന്തോഷം ലഭിച്ചത് ഇരുള സമൂഹത്തിലെ 60 പേര്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയപ്പോഴായിരുന്നെന്നും മണികണ്ഠന്‍ പറഞ്ഞു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു താരം.

‘ജയ് ഭീം എന്ന സിനിമ എന്റെ കരിയറില്‍ പ്രത്യേക സ്ഥാനമുള്ള ഒന്നാണ്. ആ സിനിമക്ക് വേണ്ടി ഞാനും ലിജോ മോളും കുറച്ചധികം ഹോം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരുപാട് വര്‍ക്ക് ഷോപ്പുകള്‍ ആ സിനിമക്ക് വേണ്ടി നടന്നിരുന്നു. ഇരുള സമൂഹത്തിന്റെ കൂടെ രണ്ട് മാസം ഞങ്ങള്‍ താമസിച്ചു. ജീവിതത്തില്‍ മറക്കാനാകാത്ത സമയമായിരുന്നു ആ രണ്ട് മാസം. അവരുടെ കൂടെ താമസിച്ച് അവരുടെ ജീവിതരീതികള്‍ കണ്ടു പഠിച്ചു. ഒരു ആക്ടര്‍ എന്ന നിലയില്‍ എനിക്ക് അതൊക്കെ പുതിയൊരു അനുഭവമായിരുന്നു.

അവരുടെ കൂടെ താമസിച്ച സമയത്ത് എന്നെ മറ്റൊരാളായിട്ട് കണ്ടിട്ടേയില്ലായിരുന്നു. മച്ചാ, മകനേ, എന്നൊക്കെയായിരുന്നു അവര്‍ വിളിച്ചത്. സിനിമയുടെ റിലീസിന് ശേഷം എനിക്ക് ഒരുപാട് അഭിനന്ദനം കിട്ടി. അതിനെക്കാള്‍ സന്തോഷം തന്നത് ആ സിനിമ റിലീസായ ശേഷം ഇരുള സമൂഹത്തിലെ 60 പേര്‍ക്ക് ഗവണ്മെന്റ് പട്ടയം നല്‍കിയപ്പോഴായിരുന്നു. ജയ് ഭീം എന്ന സിനിമ അതിന്റെ ലക്ഷ്യം പൂര്‍ത്തിയാക്കിയെന്ന് തോന്നിയത് അപ്പോഴായിരുന്നു,’ മണികണ്ഠന്‍ പറഞ്ഞു.

മണികണ്ഠന്‍, ലിജോ മോള്‍, സൂര്യ എന്നിവര്‍ക്ക് പുറമെ റാവു രമേശ്, ഗുരു സോമസുന്ദരം, എം.എസ്. ഭാസ്‌കര്‍, പ്രകാശ് രാജ്, തമിഴ് തുടങ്ങിയവരും ജയ് ഭീമിന്റെ ഭാഗമായിരുന്നു. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സാണ് ചിത്രം നിര്‍മിച്ചത്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Content Highlight: Manikandan about his experience while acted in Jai Bhim movie

We use cookies to give you the best possible experience. Learn more