ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ കമല്‍ ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഹൈപ്പിനുള്ള പ്രധാന കാരണം. ഒപ്പം വന്‍ താരനിരയും അണിനിരന്നതോടെ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി ചിത്രം മാറുമെന്ന് പലരും പ്രതീക്ഷിച്ചു.
എന്നാല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. പഴകിത്തേഞ്ഞ തിരക്കഥയില്‍ മണിരത്നം ഒരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. ജൂണ്‍ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതുവരെ 100 കോടി പോലും നേടാനാകാതെ ബോക്സ് ഓഫീസില്‍ കിതക്കുകയാണ്. 200 കോടി ബജറ്റിലെത്തിയ തഗ് ലൈഫ് ആരാധകരെ നിരാശരാക്കി.
ഇപ്പോള്‍ റിലീസ് ചെയ്ത് ആഴ്ചകള്‍ക്ക് ശേഷം തഗ് ലൈഫിന്റെ പരാജയത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം. കമല്‍ ഹാസനും മണിരത്നവും ഒന്നിച്ച നായകന്‍ എന്ന ചിത്രം പോലെ ഒന്നായിരിക്കും ആളുകള്‍ ഇപ്പോഴും തങ്ങളുടെ അടുത്ത് നിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകുകയെന്ന് മണിരത്‌നം പറയുന്നു.
‘ഞങ്ങളില്‍ നിന്ന് മറ്റൊരു നായകന്‍ ആയിരിക്കാം ആളുകള്‍ പ്രതീക്ഷിച്ചിട്ടുണ്ടാകുക. എനിക്ക് ആകെ ഇപ്പോള്‍ പറയാന്‍ കഴിയുന്നത് എന്നോട് ക്ഷമിക്കുക എന്നാണ്. പരാജപ്പെടണം എന്ന് ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെ ആരെങ്കിലും ആഗ്രഹിക്കുമോ?
ഞാനും കമലും വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അമിത പ്രതീക്ഷ ആയിരുന്നോ അതെന്ന് എനിക്കറിയി. ഞങ്ങള്‍ ഇപ്പോള്‍ ചെയ്തതില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നായിരിക്കും പ്രേക്ഷകര്‍ എന്റെയും കമലിന്റെയും അടുത്തുനിന്ന് പ്രതീക്ഷിച്ചിട്ടുണ്ടാകുക,’ മണിരത്‌നം പറഞ്ഞു.
Content Highlight: Mani Ratnam opens up about Thug Life’s failure